Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധ്യാപകരുടെ ശമ്പളം തിരിച്ചുപിടിക്കില്ല

teacher-woman

തിരുവനന്തപുരം∙ എയ്ഡഡ് സ്കൂളുകളിൽ 2015–16ലെ തസ്തിക പുനർനിർണയത്തിനു ശേഷം തസ്തികയില്ലാതെ പുറത്തു നിന്ന കാലഘട്ടത്തിൽ അധ്യാപകർക്കും അനധ്യാപകർക്കും നൽകിയ അധികതുക തിരിച്ചുപിടിക്കേണ്ടതില്ലെന്നു മന്ത്രിസഭ തീരുമാനിച്ചു. ഹയർ സെക്കൻഡറി സ്കൂളുകളിൽ കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷ് അധ്യാപകരെ നിയമിക്കുന്നതിനുള്ള യോഗ്യതയിൽ മാറ്റം വരുത്താനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

2016 ജൂൺ ഒന്നു മുതൽ, സംരക്ഷിത അധ്യാപകരെയും അനധ്യാപകരെയും പുനർവിന്യസിക്കുന്നതിനുള്ള ഉത്തരവു പുറപ്പെടുവിച്ച 2016 ഓഗസ്റ്റ് അഞ്ചു വരെയുള്ള കാലയളവിൽ ശമ്പളം ഇനത്തിൽ കൈപ്പറ്റിയ തുക സർക്കാരിലേക്കു തിരിച്ചടയ്ക്കണമെന്ന നിർദേശം നടപ്പിലാക്കേണ്ടതില്ലെന്നാണു തീരുമാനം. ഇതു തുല്യ മാസ തവണകളായി സർക്കാരിലേക്കു തിരികെ അടയ്ക്കണമെന്ന് 2016 ഒക്ടോബർ 15ന് ഉത്തരവിറക്കിയിരുന്നു. ഇതാണു റദ്ദാക്കിയത്. തസ്തിക നഷ്ടപ്പെട്ട് അധ്യാപകരും അനധ്യാപകരും പുറത്തുനിന്ന 22 ദിവസം അവധിയായി ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

2016 ജൂലൈ 15 മുതൽ സംരക്ഷണ ഉത്തരവു പുറപ്പെടുവിച്ച ഓഗസ്റ്റ് അഞ്ചുവരെയുള്ള കാലയളവിലാണ് ഇവർ പുറത്തു നിൽക്കേണ്ടി വന്നത്. ഈ കാലയളവു ക്രമീകരിക്കുന്നതിന് അവധിയില്ലാത്തവരുടേതു ഭാവിയിൽ ഉണ്ടാകുന്ന അവധിയിൽ ക്രമവൽക്കരിക്കാനും അനുമതി നൽകി. സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷ് അധ്യാപകരായി നിയമനം ലഭിക്കണമെങ്കിൽ യുജിസി അംഗീകാരമുള്ള സർവകലാശാലയിൽനിന്ന് 50% മാർക്കോടെ എംഎ കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷോ എംഎ ഇംഗ്ലിഷോ പാസാകണം. എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലേക്കും സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലേക്കു പിഎസ്‌സി നടത്തുന്ന നിയമനങ്ങൾക്കും ഈ യോഗ്യതയുള്ളവർക്കു മാത്രമേ അപേക്ഷിക്കാനാവൂ.

related stories