Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാഴ്ച നിർബന്ധിത പരിശീലനം; എന്നിട്ടു മതി പഠിപ്പിക്കലെന്ന് സർക്കാർ

teacher

തിരുവനന്തപുരം∙ പുതിയതായി സർവീസിൽ പ്രവേശിക്കുന്ന എല്ലാ അധ്യാപകർക്കും രണ്ടാഴ്ചത്തെ പരിശീലനം നിർബന്ധമാക്കാൻ സർക്കാർ തീരുമാനം. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്ക് ഇതു ബാധകമാണ്. ശാസ്ത്രത്തിന്റെയും വിവരവിനിമയ സാങ്കേതിക വിദ്യയുടെയും വളർച്ചയ്ക്ക് അനുസരിച്ച് അധ്യാപകരെ കൂടുതൽ പ്രാപ്തരാക്കുകയാണു ലക്ഷ്യം. പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി അധ്യാപകർ പരിശീലനത്തിൽ പങ്കെടുക്കണം.

എസ്‌സിഇആർ‌ടിയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ ആർഎംഎസ്എസ്എ, എസ്എസ്എ, ഡയറ്റ് തുടങ്ങിയ ഏജൻസികളാണു പരിശീലനം നൽകുക. പരിശീലനത്തിനുള്ള മോഡ്യൂൾ എസ്‌സിഇആർടി വികസിപ്പിക്കും. ഹയർ സെക്കൻഡറി, സെക്കൻ‌ഡറി അധ്യാപകർക്കുള്ള പരിശീലനവും സംസ്ഥാന തലത്തിൽ എസ്‌സിഇആർടി തന്നെ നൽകും. പ്രൈമറി അധ്യാപകരുടെ പരിശീലനം ജില്ലാ തലത്തിലാണ്. ഡയറ്റുകളെ ഇതിനായി ചുമതലപ്പെടുത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടറും ഹയർ സെക്കൻഡറി ഡയറക്ടറും നൽകിയ ശുപാർശ അംഗീകരിച്ചാണു സർക്കാർ തീരുമാനമെടുത്തത്.