Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരൾച്ചയെ നേരിടാൻ കുട്ടികൾ അധ്യാപകരാകണമെന്ന് മന്ത്രി

Palathulli ‘പലതുള്ളി’ ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്കായി മനോരമ പുറത്തിറക്കിയ ജലസംരക്ഷണ മാർഗനിർദേശങ്ങളടങ്ങിയ ലഘുലേഖ തൃശൂർ സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ മന്ത്രി മാത്യു ടി. തോമസ് സ്കൂൾ ലീഡർ കെ.പി.അപർണയ്ക്കു നൽകി പ്രകാശനം ചെയ്യുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ ജോസ്, മലയാള മനോരമ സീനിയർ കോഓർഡിനേറ്റിങ് എഡിറ്റർ പി.എ.കുര്യാക്കോസ് എന്നിവർ സമീപം.

തൃശൂർ ∙ തിരഞ്ഞെടുപ്പുകാലത്ത് കുട്ടികളോടു വോട്ടു ചോദിച്ച് രക്ഷിതാക്കളുടെ വോട്ടു നേടിയ തന്റെ തന്ത്രം പരിചയപ്പെടുത്തി വിദ്യാർഥികളോട് ജലവിഭവമന്ത്രി മാത്യു ടി.തോമസിന്റെ ഉപദേശം: വരൾച്ചയുടെ ഭീഷണിയിൽ നിൽക്കുന്ന കേരളത്തിൽ ഉള്ള ജലം സൂക്ഷിച്ചുപയോഗിക്കണം. ഒരുതുള്ളി പാഴാക്കരുത്. ഇക്കാര്യത്തിൽ വീട്ടിലും സമൂഹത്തിലും വിദ്യാർഥികൾ അധ്യാപകരാകണം.

വരൾച്ചയുടെ തീക്ഷ്ണതയിൽനിന്നു രക്ഷനേടാൻ മനോരമ ‘പലതുള്ളി’ ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്കു നൽകുന്ന കൈപ്പുസ്തകം തൃശൂർ സേക്രഡ് ഹാർട് ഹൈസ്കൂളിൽ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളം കടുത്ത വരൾച്ചയാണ് നേരിടാൻ പോകുന്നതെന്നു മന്ത്രി മുന്നറിയിപ്പു നൽകി. വെള്ളം പാഴാക്കരുതെന്ന സന്ദേശം വിദ്യാർഥികൾ വീടുകളിലെത്തിക്കണം. ഇക്കാര്യത്തിൽ അശ്രദ്ധകാട്ടുന്ന മാതാപിതാക്കളെ കുട്ടികൾ തിരുത്തണം. അതിനു ‘പലതുള്ളി’ പദ്ധതിയിലൂടെ ‘മനോരമ’ നടത്തുന്ന ശ്രമം അഭിനന്ദനീയമാണെന്നും കൈപ്പുസ്തകം കുട്ടികൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സ്കൂൾ ലീഡർ കെ.പി.അപർണയ്ക്ക് ആദ്യപ്രതി കൈമാറി. മനോരമ സീനിയർ കോഓർഡിനേറ്റിങ് എഡിറ്റർ പി.എ.കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ ജോസ് പ്രസംഗിച്ചു.

Your Rating: