Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാശില്ലെങ്കിലെന്ത്, എടിഎമ്മിൽനിന്ന് അറിവു കിട്ടും

atm-que

കൊച്ചി ∙ ജൂൺ ആദ്യമാകട്ടെ, ഏത് എടിഎമ്മുകളിലെത്തുന്നവർക്കും പണം കിട്ടിയില്ലെങ്കിലും സാമ്പത്തിക സാക്ഷരത കൈവരിക്കാനുതകുന്ന സന്ദേശം സ്‌ക്രീനിൽ സൗജന്യമായി വായിക്കാം. ക്ഷമിക്കണം, എടിഎമ്മിനെ സമീപിക്കാവുന്ന തവണകളുടെ സൗജന്യ പരിധി കവിഞ്ഞിട്ടുണ്ടെങ്കിൽ വായന ഫീസ് നൽകിത്തന്നെ വേണം.

ബാങ്കുകൾക്കു കറൻസി എത്തിക്കുന്ന കാര്യത്തിൽ ഉത്സാഹമില്ലെങ്കിലും അവയോടു ജൂൺ അഞ്ചു മുതൽ ഒൻപതു വരെ സാമ്പത്തിക സാക്ഷരതാ വാരമായി ആചരിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിർദേശം നൽകിയിരിക്കുകയാണ്. ഈ കാലയളവിൽ പ്രചരിപ്പിക്കാൻ അഞ്ചു സന്ദേശങ്ങൾ ആർബിഐ തയാറാക്കിയിട്ടുണ്ട്. അഞ്ചു ദിവസവും ബാങ്കുകൾ അവയുടെ വെബ്‌സൈറ്റിൽ ദിവസം ഒരു സന്ദേശം വീതം പ്രദർശിപ്പിക്കണം. എല്ലാ എടിഎം സ്‌ക്രീനുകളിലും സന്ദേശങ്ങൾ ഇംഗ്ലിഷിലും പ്രാദേശിക ഭാഷയിലും പ്രദർശിപ്പിക്കണമെന്നും ബാങ്കുകളോടു നിർദേശിച്ചിരിക്കുന്നു.

ഇടപാടുകാരെ തിരിച്ചറിയാൻ സഹായിക്കുന്ന കെവൈസി (നോ യുവർ കസ്‌റ്റമർ) നിബന്ധന, വായ്‌പകളുടെ തിരിച്ചടവിൽ പാലിക്കേണ്ട അച്ചടക്കം, പരാതി പരിഹാരം, ഡിജിറ്റലാകുന്നതിന്റെ നേട്ടങ്ങൾ എന്നിവ സംബന്ധിച്ച സന്ദേശങ്ങളാണ് ആർബിഐ തയാറാക്കിയിട്ടുള്ളത്.

ഈ സന്ദേശങ്ങൾ അച്ചടിച്ച പോസ്‌റ്ററുകൾ വാരാചരണകാലത്തു മാത്രമല്ല കുറഞ്ഞത് ആറു മാസത്തേക്കു കൂടി എല്ലാ ശാഖകളിലും പ്രദർശിപ്പിക്കണമെന്നു നിർദേശമുണ്ട്.   

വാരാചരണകാലത്തു ബാങ്കുകൾ സാമ്പത്തിക സാക്ഷരതാ ക്യാംപുകൾ സംഘടിപ്പിക്കേണ്ടതുമാണ്. ഗ്രാമീണ ശാഖകൾ ഒരു ക്യാംപെങ്കിലും സംഘടിപ്പിക്കണം.പൊതുജന ബോധവൽക്കരണം ലക്ഷ്യമിട്ടു വാരാചരണ വേളയിൽ ഓൺലൈൻ ക്വിസ് സംഘടിപ്പിക്കാനും ആർബിഐ ഉദ്ദേശിക്കുന്നു. ഇതു സംബന്ധിച്ച വിവരങ്ങൾ പിന്നീട് വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുമെന്നാണ് അറിയിപ്പ്.