Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിപ്പ് ഘടിപ്പിച്ച എടിഎം കാർഡ്; ആശയക്കുഴപ്പം തുടരുന്നു: വ്യക്തതയില്ലാതെ ബാങ്കുകള്‍

atm-card-chip പ്രതീകാത്മക ചിത്രം

തിരുവനന്തപുരം∙ ചിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡിലേക്കു മാറുന്നതിന് ആര്‍ബിഐ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ വ്യാപക ആശയക്കുഴപ്പം. മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡില്‍നിന്ന് ചിപ്പ് വച്ച കാര്‍ഡിലേക്ക് ഇനിയും ലക്ഷക്കണക്കിന് ഇടപാടുകാര്‍ മാറിയിട്ടില്ല. നാളെ മുതല്‍ ഈ കാര്‍ഡുകള്‍ കൂട്ടത്തോടെ ഉപയോഗശൂന്യമാകുമോ എന്ന ചോദ്യത്തിനു ബാങ്കുകള്‍ക്കും വ്യക്തമായ മറുപടിയില്ല. 2015ല്‍ ആര്‍ബിഐ നല്‍കിയ നിര്‍ദേശം സമയബന്ധിതമായി ബാങ്കുകള്‍ നടപ്പാക്കാത്തതാണു പ്രതിസന്ധിക്കു കാരണമായത്.

മാഗ്നറ്റിക് സ്ട്രിപ്പുള്ള കാര്‍ഡുകള്‍ മാറ്റി ഇടപാടുകാരുടെ സുരക്ഷയ്ക്കായി ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകള്‍ നല്‍കണമെന്നു നിര്‍ദേശിച്ചത് റിസര്‍വ് ബാങ്കാണ്. ഇതിന് അനുവദിച്ച സമയപരിധി ഇന്നു തീരും. ഇപ്പോഴും ലക്ഷക്കണക്കിന് ഇടപാടുകാരുടെ കയ്യില്‍ പഴയ കാര്‍ഡാണുള്ളത്. റിസര്‍വ് ബാങ്ക് നിര്‍ദേശം അതേപടി നടപ്പിലായാല്‍ ഈ കാര്‍ഡുകളൊന്നും നാളെ മുതല്‍ ഉപയോഗിക്കാനാവില്ല. ഇടപാടുകാരില്‍ പലര്‍ക്കും ഇക്കാര്യത്തെപ്പറ്റി അറിയില്ല. ഇപ്പോള്‍ തന്നെ പഴയ ഡെബിറ്റ് കാര്‍ഡുകള്‍ ചില എടിഎം മെഷീനുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല.

മിക്ക ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്കും നല്‍കിയിരിക്കുന്നത് മാഗ്നറ്റിക് സ്ട്രിപ്പുള്ള കാര്‍ഡുകളാണ്. ഇവ മാറി നല്‍കിയിട്ടില്ല. ഈ കാര്‍ഡുകളെല്ലാം ഒറ്റയടിക്ക് ഉപയോഗശൂന്യമാക്കിയാല്‍ ജനം വലയും. ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്കും ആശയക്കുഴപ്പമുണ്ട്. കാര്‍ഡ് മാറ്റിയെടുക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കുമെങ്കിലും തുടര്‍ന്നും പഴയ കാര്‍ഡുകള്‍ ഉപയോഗിക്കാമെന്ന് എസ്ബിഐയുടെ കേരളത്തിലെ പ്രാദേശിക ഓഫിസ് പറയുന്നു. മറിച്ചുള്ള സര്‍ക്കുലര്‍ ലഭിച്ചിട്ടില്ല. എന്നാല്‍ റിസര്‍വ് ബാങ്ക് അനുമതി ലഭിക്കാതെ പഴയ കാര്‍ഡുകള്‍ എങ്ങനെ ഉപയോഗിക്കാന്‍ അനുവദിക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല. ഇക്കാര്യം ആര്‍ബിഐയുടെ ശ്രദ്ധയില്‍ പെടുത്തി സമരപരിധി നീട്ടിവാങ്ങുകയാണു ബാങ്കുകള്‍ക്കു മുന്നിലുള്ള പരിഹാരമാര്‍ഗം.