Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടത്തിൽ മൂക്കുകുത്തി; ഇനി സ്വകാര്യവിഹായസ്സിലേക്ക്

Deseeyam-new

യർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ധനമന്ത്രി   അരുൺ ജയ്റ്റ്ലിയുടെയും തീരുമാനം ചരിത്രപ്രാധാന്യമേറിയതാണ്. സർക്കാർ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയെ ലാഭത്തിലാക്കാൻ രണ്ടുവർഷത്തിനിടെ എയർ ഇന്ത്യ മാനേജ്‌മെന്റ് നടത്തിയ ശ്രമങ്ങളെപ്പറ്റി പ്രധാനമന്ത്രി നല്ലവാക്കു പറഞ്ഞെങ്കിലും സ്വകാര്യമേഖലയ്ക്കു വിടുന്നതാണു നല്ലതെന്ന നിലപാടാണു കേന്ദ്രസർക്കാരിനുള്ളത്. 

എയർ ഇന്ത്യയുടെ വിപണി പങ്കാളിത്തം 15 ശതമാനമായി കുറഞ്ഞതും കേന്ദ്ര ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. വ്യോമയാനമേഖലയുടെ സിംഹഭാഗവും സ്വകാര്യമേഖലയ്ക്കു ചെയ്യാനാകുമെങ്കിൽ, എയർ   ഇന്ത്യയുടെ സ്വകാര്യവൽകരണം    യുക്തിസഹമാണെന്നാണു വാദം.

പൊതുമേഖലാ കമ്പനികളിൽ ഏറ്റവും കടമുള്ളത് എയർ ഇന്ത്യയ്ക്കാണ്. സർക്കാരിൽനിന്നും ബാങ്കുകളിൽനിന്നുമുള്ള വായ്പകൾ 50,000 കോടി രൂപ വരും. പലിശ അടയ്ക്കാൻ മാത്രം 5000 കോടി രൂപ വേണം. എയർഇന്ത്യയ്ക്ക് ആധുനിക വിമാനങ്ങളുടെ വലിയൊരു ശേഖരമുണ്ട്. ഇവയ്ക്കെല്ലാം കൂടി 30,000 കോടി രൂപയുടെ മൂല്യമുണ്ട്. മറ്റ് സ്വത്തുവകകൾ 5000 കോടി രൂപ വരും. എങ്കിലും വായ്പ തിരിച്ചടയ്ക്കാൻ കഴിയും വിധം വരുമാനം ഉണ്ടാക്കാൻ എയർ ഇന്ത്യയ്ക്കാകുന്നില്ല. കിങ്ഫിഷർ എയർലൈൻസിനുണ്ടായ ദുർവിധി, മൂക്കറ്റം കടമായിട്ടും എയർ ഇന്ത്യയ്ക്കു സംഭവിക്കാത്തത് ഉടമസ്ഥരും ജാമ്യക്കാരും കേന്ദ്രസർക്കാർ തന്നെ ആയതുകൊണ്ടാണ്.

മൂന്നുവർഷം മുൻപ് മോദിക്കു വലിയ പ്രതീക്ഷയുണ്ടായിരുന്നു. എയർ ഇന്ത്യയെ രക്ഷപ്പെടുത്താനുള്ള നിർദേശങ്ങളുമായി റെയിൽവേയിലെ പ്രമുഖ ഉദ്യോഗസ്ഥൻ പ്രധാനമന്ത്രിക്കു നീണ്ട കുറിപ്പ് നൽകിയിരുന്നു. ഇന്ത്യൻ ഹോട്ടൽ ഡവപ്മെന്റ് കോർപറേഷന്റെ മാനേജിങ് ഡയറക്ടറും പിന്നീടു മധ്യപ്രദേശ് ടൂറിസത്തിന്റെ മേധാവിയുമായി കഴിവുതെളിയിച്ച അശ്വനി ലോഹാനിയാണ് എയർ ഇന്ത്യയുടെ പുനരുദ്ധാരണത്തിനുള്ള പദ്ധതിനിർദേശം പ്രധാനമന്ത്രിക്കു സമർപ്പിച്ചത്. ഡാർജലിങ് റെയിൽപാത പൈതൃകമേഖലയായി പ്രഖ്യാപിക്കാൻ അക്ഷീണം പ്രയത്നിച്ച ലോഹാനിയെ മോദി ക്ഷണിക്കുകയും എയർ ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി മൂന്നുവർഷത്തേക്കു നിയമിക്കുകയും ചെയ്തു. ജീവനക്കാരുടെ എണ്ണം കുറച്ചും ഇന്ധനക്ഷമത വർധിപ്പിച്ചും ചെലവു കുറയ്ക്കാൻ അദ്ദേഹം ശ്രമിച്ചു. 

കർക്കശക്കാരനായ മേധാവിയായി ഭരണം നടത്തിയപ്പോൾ എയർ ഇന്ത്യ പൈലറ്റുമാർ സമരത്തിനൊരുങ്ങി. സൗജന്യ യാത്രകളുടെയും ജീവനക്കാരുടെ ഇളവുകളുടെയും തോത് വെട്ടിക്കുറച്ചു. എന്നാൽ, ഭീമൻ കടബാധ്യത തീർക്കാനുള്ള വഴിതെളിഞ്ഞില്ല. ഒരുദശകം മുൻപ് ഇന്ത്യൻ എയർലൈൻസും എയർഇന്ത്യയും ലയിപ്പിച്ച് ഒറ്റക്കമ്പനിയാക്കിയതു ഗുണകരമായില്ലെന്നും അദ്ദേഹം കണ്ടെത്തി. ജീവനക്കാരുടെ അതൃപ്തികളിലേക്കു നയിച്ച തീരാപ്രശ്നങ്ങൾ വേറെയും.

പൊതുമേഖലാ ബാങ്കുകളിലെ രണ്ടുലക്ഷം കോടി രൂപയുടെ കിട്ടാക്കടവുമായി മല്ലിടുന്ന ധനമന്ത്രി അരുൺ ജയ്റ്റ്ലിക്കാണു വിറ്റൊഴിക്കൽ മന്ത്രാലയത്തിന്റെ കൂടി ചുമതല. എയർ ഇന്ത്യയുടെ കടം എഴുതിത്തള്ളണമെന്ന അപേക്ഷ കിട്ടിയതോടെയാണു ബാങ്കിങ്, വിറ്റൊഴിക്കൽ, വ്യോമയാന വകുപ്പുകളിലെ ഒരുസംഘം ഉദ്യോഗസ്ഥരോട്     എയർ ഇന്ത്യയുടെ സ്വകാര്യവൽകരണസാധ്യതകൾ പഠിച്ച് പദ്ധതി രൂപീകരിക്കാൻ ധനമന്ത്രി നിർദേശിച്ചത്. സർക്കാരിന്റെ കടബാധ്യത കുറയ്ക്കുകയായിരുന്നു ലക്ഷ്യം.

ശക്തമായ വെല്ലുവിളികളാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അഭിമുഖീകരിക്കുന്നത്. രാജ്യത്തിനകത്തുനിന്നോ പുറത്തുനിന്നോ എയർ ഇന്ത്യയെ ഏറ്റെടുക്കാനും കടബാധ്യതകൾ      തീർക്കാനും ശേഷിയുള്ള നടത്തിപ്പുകാരെ കണ്ടെത്തണം. കടബാധ്യതകൾ അസറ്റ് മാനേജ്മെന്റ് കമ്പനികളിലേക്കു മാറ്റാൻ ബാങ്കുകൾ സമ്മതിക്കുകയും വേണം. കടബാധ്യതകൾ ഒഴിവാക്കി ബാലൻസ് ഷീറ്റ് ശുദ്ധീകരിച്ചാൽ, സർക്കാരിന് എയർ ഇന്ത്യയുടെ ഓഹരികൾ വിൽപനയ്ക്കു വയ്ക്കാനാകുമെന്നും ശുപാർശയുണ്ട്. 

സ്വകാര്യവൽകരണത്തിനു തൊഴിലാളി യൂണിയനുകളിൽ നിന്നു ചെറുത്തുനിൽപുണ്ടാകും. ദുർഘടമായ പാതയാണെങ്കിലും കടിച്ചുപിടിച്ചു സ്വകാര്യവൽകരണത്തിലേക്കു മുന്നേറാനാണു കേന്ദ്രസർക്കാർ തീരുമാനം.

related stories