ഭക്ഷണം ഇന്ത്യയിൽ നിന്നുതന്നെ; രാജ്യാന്തര സ‍ർവീസുകളിൽ പുതിയ പദ്ധതിയുമായി എയർ ഇന്ത്യ

air-india-1
SHARE

ന്യൂഡൽ‌ഹി∙ രാജ്യാന്തര സ‍ർവീസുകളിൽ മടക്ക യാത്രകളിൽ ഉപയോഗിക്കുന്നതിനുള്ള ഭക്ഷണം ഇന്ത്യയിൽ നിന്നു തന്നെ കരുതാൻ പദ്ധതിയുമായി എയർ ഇന്ത്യ. നഷ്ടത്തിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ ചെലവു ചുരുക്കലിന്റെ ഭാഗമായാണ് തീരുമാനമെന്ന് എയർ ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പ്രദീപ് സിങ് ഖരോല പറഞ്ഞു. സ്റ്റോക്ക്ഹോം, കോപ്പൻഹേഗൻ, ബർമിങ്ഹാം, മാഡ്രിഡ് എന്നിവടങ്ങളിലേക്കുള്ള സർവീസുകളിൽ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. വിദേശ നഗരങ്ങളിൽ നിന്നു വാങ്ങുന്ന ഭക്ഷണത്തെ അപേക്ഷിച്ച് ഇന്ത്യയിൽ നിന്നുള്ളവയ്ക്ക് വളരെ വിലകുറവാണ്. ഇത്തരിൽ വാങ്ങുന്ന ഭക്ഷണം റഫ്രിജറേറ്ററുകളിൽ സൂക്ഷിക്കുകയും മടക്കയാത്രകളിൽ ചൂടാക്കി നൽകുകയും ചെയ്യുന്നതാണ് പുതിയ രീതി.

ഭക്ഷണയിനത്തിൽ പ്രതി വർഷം 600–800 കോടി രൂപയാണ് എയർ ഇന്ത്യയുടെ ചെലവ്. പുതിയ പദ്ധതി പ്രകാരം മൂന്നു മുതൽ നാലിരട്ടി വരെ ലാഭം ഉണ്ടാകുമെന്നാണ് കരുതുന്നത്. കുറച്ചു മാസങ്ങൾക്കുള്ളിൽ ഗർഫിൽ നിന്നു വരുന്ന എയർ ഇന്ത്യ വിമാനങ്ങളിലും ഈ രീതി ആരംഭിക്കുമെന്നു പ്രദീപ് സിങ് ഖരോല പറഞ്ഞു. 2017 ജുലൈയിൽ, ചെലവു ചുരുക്കലിന്റെ ഭാഗമായി ആഭ്യന്തര സർവീസുകളിലെ ഇക്കണോമി ക്ലാസ് യാത്രക്കാർക്ക് മാംസഹാരം നൽകുന്നത് എയർ ഇന്ത്യ അവസാനിപ്പിച്ചിരുന്നു.

പുതിയ പദ്ധതി നടപ്പാക്കുന്നതിലൂടെ ഭക്ഷണത്തിന്റെ രൂചിയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നു ഖരോല പറഞ്ഞു. അളവിന്റെ കാര്യത്തിലും മാറ്റമുണ്ടാകില്ല. ഇന്ത്യൻ ഭക്ഷണങ്ങൾ കൂടുതൽ സ്വാദോടെ യാത്രക്കാർക്ക് നൽകാനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2007–ൽ ഇന്ത്യൻ എയർലൈൻസുമായി ലയിച്ചത് മുതൽ എയർ ഇന്ത്യ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. 48,000 കോടി രൂപയുടെ കടം കമ്പനിക്കുണ്ടെന്നാണ് ഒൗദ്യോഗിക കണക്കുകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA