Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യൻ പേരിൽ മാത്രം

GURMEETH-POSTER ഗുർമീത് റാം റഹീം സിങ്ങിന്റെ ഒരു വിഡിയോ ആൽബത്തിന്റെ പോസ്റ്ററിൽ നിന്ന്.

വ്യാജസിദ്ധർക്കും ആൾദൈവങ്ങൾക്കും വളക്കൂറുള്ള മണ്ണാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. രാഷ്ട്രീയപ്പാർട്ടികളുടെ സംരക്ഷണ കവചത്തിനുള്ളിൽ ചതിയും രതിയും കൊള്ളയും കൊലയുമായി തഴച്ചുവളരുന്ന ആ ഇരുണ്ട ലോകത്തെക്കുറിച്ച് 2017 ഓഗസ്റ്റിൽ തയാറാക്കിയ പരമ്പരയുടെ ഒന്നാം ഭാഗം.

മനുഷ്യൻ! ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങ് തന്റെ പേരിനൊപ്പം ബ്രായ്ക്കറ്റിൽ ചേർക്കുന്ന ഹിന്ദി വാക്കാണ് ഇൻസാൻ. മനുഷ്യനെന്നർഥം. ഗുർമീത് യഥാർഥത്തിൽ ദൈവമാണെന്നും മനുഷ്യരൂപത്തിൽ അവതരിച്ചെന്നുമാണ് അനുയായികളുടെ വിശ്വാസം. 

ഹരിയാനയിലും പഞ്ചാബിലും കഴിഞ്ഞദിവസം കലാപം അഴിച്ചുവിടാൻ ഇറങ്ങിപ്പുറപ്പെടുമ്പോൾ തങ്ങളുടെ ദൈവം രക്ഷിക്കുമെന്നായിരുന്നു അനുയായികളുടെ വിശ്വാസം. പക്ഷേ, രക്ഷിക്കാൻ ഗുർമീത് എത്തിയില്ല. മുപ്പതിലധികം അനുയായികൾ തെരുവിൽ മരിച്ചുവീണു. എങ്കിലും, അവർ വിശ്വാസം കൈവിട്ടിട്ടില്ല. 20 വർഷത്തേക്കു ജയിലിലടച്ച ‘മനുഷ്യൻ’ ദൈവരൂപമെടുത്തു തങ്ങൾക്കിടയിൽ അവതരിക്കുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു; ആ ദിവസത്തിനായി കാത്തിരിക്കുന്നു. 

അവതാരമായി ‘പിതാജി’ 

ഗുർമീത് റാം റഹിം സിങ് – ഹിന്ദു, മുസ്‌ലിം, സിഖ് പേരുകൾ ഒരുമിച്ചാക്കി വിവിധ മതസ്ഥരുടെ രക്ഷകനായി അവതരിച്ച ഗുർമീതിന്റെ അൻപതാം പിറന്നാൾ കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലായിരുന്നു. ഗുർമീതിനോടുള്ള അന്ധമായ ആരാധനയ്ക്കു കാരണമെന്താണ്? ദലിതരും സമൂഹത്തിൽ താഴേത്തട്ടിലുള്ളവരുമാണ് ഗുർമീത് അനുയായികളിൽ ഭൂരിഭാഗവും. 

dss-ASHRAM സിർസയിലെ ദേരാ സച്ചാ സൗദ ആശ്രമം.

പിതാജി എന്നാണു ഗുർമീതിനെ അവർ വിളിക്കുന്നത്. സമൂഹത്തിൽ പീഡനങ്ങൾ നേരിടുന്നവർക്കു പണവും ആശ്രയവും നൽകി ഒപ്പം നിർത്തിയ ഗുർമീത്, അവരുടെ രക്ഷകനായി സ്വയം രൂപമെടുത്തു. ഉന്നത രാഷ്ട്രീയ നേതാക്കൾ ഗുർമീതിനു മുന്നിൽ താണുവണങ്ങുന്നതു കണ്ട അനുയായികൾ തങ്ങളുടെ പിതാജി യഥാർഥത്തിൽ ദൈവം തന്നെ എന്നു വിശ്വസിച്ചു. ദൈവിക പരിവേഷമുള്ള കഥാപാത്രങ്ങളെ വെ‌ള്ളിത്തിരയിൽ അവതരിപ്പിച്ച് അനുയായികളുടെ മനസ്സിൽ ഗുർമീത് അവതാര പുരുഷനായി. 

ലളിത ജീവിതശൈലിക്കു പകരം സൂപ്പർതാര പരിവേഷമാണു ഗുർമീത് സ്വീകരിച്ചത്. ശാസ്ത്രത്തെ വെല്ലുവിളിക്കും വിധമുള്ള ആക്‌ഷൻ രംഗങ്ങൾ സിനിമയിൽ അവതരിപ്പിച്ചും ആഡംബര വാഹനങ്ങളുടെ നീണ്ടനിര സ്വന്തമാക്കിയും ഗുർമീത് ജീവിതം ആഘോഷിച്ചു. 

പാക്കിസ്ഥാനിൽ മിന്നലാക്രമണം നടത്തുന്ന കഥാപാത്രമായി വരെ ഗുർമീത് വെള്ളിത്തിരയിൽ അവതരിച്ചു. 

അദ്ഭുതകഥകൾ പലവിധം

ഗുർമീതിന്റെ അദ്ഭുതപ്രവൃത്തികൾ സിർസയിലെങ്ങും പാട്ടാണ്. അതിൽ ഏറ്റവും പ്രചാരത്തിലുള്ളത് സുഖൻജ്യോത് സിങ് പറയുന്ന സംഭവമാണ്. ‘അമൃത്‌സറിൽ എന്നെയും ഏതാനും സുഹൃത്തുക്കളെയും തട്ടിക്കൊണ്ടുപോയ ആയുധധാരികൾ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. പെട്ടെന്ന് അവിടെ പ്രത്യക്ഷപ്പെട്ട പിതാജി അക്രമികളെ കീഴ്പ്പെടുത്തി ഞങ്ങളെ രക്ഷിച്ചു!’ ഡോക്ടർമാർക്കു ചികിൽസിച്ചു ഭേദമാക്കാനാവാത്ത ഗുരുതര രോഗങ്ങൾ പിതാജിയെ ഒരുനോക്കു കണ്ടനിമിഷം മാറിയ കഥകളും ഇവിടെ സുലഭം. 

ദൈവത്തിലേക്കടുക്കാൻ ഷണ്ഡീകരണം

കഴിഞ്ഞദിവസം ഹരിയാനയിലെ കർണാലിൽ അറസ്റ്റിലായ അഞ്ചുപേരെ ചോദ്യം ചെയ്തതിൽ നിന്നു ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. ആശ്രമത്തിൽ ചേരുന്ന സ്ത്രീകൾ ശരീരവും ആത്മാവും തന്നിൽ സമർപ്പിക്കണമെന്നാണു ഗുർമീതിന്റെ ചട്ടം. സ്ത്രീകളുടെ പൂർണനിയന്ത്രണം അദ്ദേഹത്തിനാണ്. പിതാജിക്കു വേണ്ടി ജീവൻ സമർപ്പിക്കാൻ തയാറാണെന്നു പ്രതിജ്ഞയെടുത്ത ഒരുപറ്റം യുവാക്കൾ ഉൾപ്പെട്ട ഗുർമീത് സൈന്യം ആശ്രമത്തിലുണ്ട്. കുർബാനി ദൾ (ജീവത്യാഗം ചെയ്യാൻ തയാറായവരുടെ കൂട്ടം) എന്നാണു സേനയുടെ പേര്. 

ഗുർമീതിന് ആപത്തു സംഭവിക്കുന്ന സമയത്തു കലാപം അഴിച്ചുവിടുക എന്നതാണ് ഇവരുടെ ദൗത്യം. ഷണ്ഡീകരണം നടത്തിയാണ് ഇവർ സേനയിൽ അംഗങ്ങളാകുന്നത്. ഷണ്ഡീകരണത്തിനു ശേഷം ഗുർമീത് തയാറാക്കി നൽകുന്ന ഒൗഷധ പാനീയം കുടിച്ചാൽ വീറോടെ പൊരുതാനുള്ള ഊർജം ലഭിക്കുമെന്നും ദൈവത്തിലേക്ക് അടുക്കാൻ സഹായിക്കുമെന്നുമാണ് ഇവരുടെ വിശ്വാസം. നിർബന്ധിത ഷണ്ഡീകരണം നടത്തിയതു സംബന്ധിച്ച് ഗുർമീതിനെതിരെ സിബിഐ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, തങ്ങൾ സ്വന്ത ഇഷ്ടപ്രകാരമാണ് ഇതിനു വിധേയരായതെന്ന് അനുയായികൾ കോടതിയിൽ മൊഴി നൽകി. 

സായുധസേന

RANJITH-SINGH രഞ്ജിത് സിങ്.

സിർസയിലെ ദേര സച്ചാ സൗദ ആസ്ഥാനത്ത് ആയുധപരിശീലനം നടക്കുന്നതായി 2010ൽ സൈന്യം മുന്നറിയിപ്പു നൽകിയിരുന്നു. സൈന്യത്തിൽനിന്നു വിരമിച്ച ഏതാനും പേരുടെ നേതൃത്വത്തിലാണു പരിശീലനമെന്നായിരുന്നു രഹസ്യവിവരം. വിഷയം ശ്രദ്ധയിൽപെട്ട പഞ്ചാബ്, ഹരിയാന ഹൈക്കോടതി ഇക്കാര്യത്തിൽ ഹരിയാന സർക്കാരിനു നോട്ടിസ് അയച്ചു. എന്നാൽ, സിർസയിൽ നടത്തിയ പരിശോധനയിൽ ആയുധങ്ങളൊന്നും കണ്ടെത്തിയില്ലെന്നു സർക്കാർ റിപ്പോർട്ട് നൽകി. ആ റിപ്പോർട്ടിൽ കഴമ്പില്ലെന്നു കഴിഞ്ഞദിവസം തെളിഞ്ഞു; സിർസയിലും പഞ്ച്കുളയിലും തോക്കുകളും കഠാരകളുമായിട്ടായിരുന്നു അനുയായികളുടെ അഴിഞ്ഞാട്ടം. 

സിദ്ധനു മേൽ വീണ ചോരപ്പാട്

ഗുർമീത് മാനഭംഗപ്പെടുത്തിയതു സംബന്ധിച്ച വിവരങ്ങൾ ഊമക്കത്തിലൂടെ പുറത്തുവിട്ട സന്യാസിനിയുടെ സഹോദരൻ രഞ്ജിത് സിങ് 2002 ജൂലൈ പത്തിനു കൊല്ലപ്പെട്ടതിനു പിന്നിൽ ഗുർമീത് ആണെന്ന് അദ്ദേഹത്തിന്റെ മുൻ ഡ്രൈവർ വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ മുൻപു പുറത്തുവന്നിരുന്നു. 

സന്യാസിനിയുടെ കത്ത് ഉദ്ധരിച്ചു സിർസ ആശ്രമത്തിലെ കൊള്ളരുതായ്മകൾ പുറംലോകത്തെത്തിച്ച മാധ്യമപ്രവർത്തകൻ റാം ചന്ദർ ഛത്രപതിയെ 2002 ഒക്ടോബറിൽ വീട്ടിൽ വച്ച് അജ്ഞാത സംഘം വെടിവച്ചു കൊന്നു. 

ഗുരുതരമായി പരുക്കേറ്റ് ഏതാനും ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷമായിരുന്നു റാം ചന്ദറിന്റെ മരണം. തന്റെ കൊലപാതകത്തിനു പിന്നിൽ ഗുർമീത് ആണെന്ന് അന്വേഷണസംഘത്തിന് അദ്ദേഹം മരണമൊഴി നൽകിയെങ്കിലും അക്കാര്യം എഫ്ഐആറിൽ രേഖപ്പെടുത്താൻ പൊലീസ് തയാറായില്ല. മകൻ അൻഷുലിന്റെ വർഷങ്ങൾ നീണ്ട നിയമപോരാട്ടം കേസ് സജീവമാക്കി. ഈ കൊലപാതകക്കേസ് അടുത്തമാസം 16നു സിബിഐ കോടതി വീണ്ടും പരിഗണിക്കും. 

SHAH-MASTANI-JI-DHAM സിർസയിലെ ദേരാ സച്ചാ സൗദ ആശ്രമത്തിലെ പഴയ കെട്ടിടങ്ങളിലൊന്നായ ഷാ മസ്താനി ജി ധാം.

കൊലപാതകം, മാനഭംഗം, നിർബന്ധിത ഷണ്ഡീകരണം എന്നിവയുൾപ്പെടെ കേസുകൾ പലതും നേരിടുമ്പോഴും പേരിനൊപ്പം ആ വാക്ക് ചേർക്കാൻ ഗുർമീത് മറക്കുന്നില്ല; മനുഷ്യൻ!

ഔദ്യോഗിക വരുമാനം 80 കോടി രൂപ

ഒൗദ്യോഗിക കണക്കുകൾ പ്രകാരം ദേര സച്ചാ സൗദ ആശ്രമത്തിലെ വാർഷിക വരുമാനം 80 കോടി രൂപയാണ്. നികുതിരഹിത വരുമാനമാണിത്. അനൗദ്യോഗിക കണക്ക് ഇതിലും ഒട്ടേറെ മടങ്ങ് കൂടുതലാണെന്ന് ആശ്രമവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. 

GURMEETH

അനുയായികൾ നൽകുന്ന സംഭാവനകളാണു വരുമാനത്തിന്റെ മുഖ്യ സ്രോതസ്സ്. ആകെ അനുയായികൾ ആറു കോടി. ഇന്ത്യയിലുടനീളം 250 ആശ്രമങ്ങൾ. ഇതിനു പുറമേ വിദേശ രാജ്യങ്ങളിലും ആശ്രമങ്ങളും ലക്ഷക്കണക്കിന് അനുയായികളും. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലായി ആശ്രമത്തിന്റെ പേരിൽ വൻ ഭൂസ്വത്ത്. ഗുർമീത് നായകനായി അഭിനയിച്ച നാലു ചിത്രങ്ങൾ വാരിക്കൂട്ടിയത് 1000 കോടി രൂപ.

വ്യത്യസ്തനായ ഗുർമീത്

∙ ഇരട്ടപ്പേര്: റോക്ക്സ്റ്റാർ ബാബ. സ്വയം ചിട്ടപ്പെടുത്തിയ ഭക്തിഗാനങ്ങൾ കോർത്തിണക്കിയ സംഗീതപരിപാടിയുടെ പേര് റിലീജിയസ് റോക്ക്. 

∙ രാജസ്ഥാനിൽ 1967ൽ ജനനം. അൻപതാം പിറന്നാൾ ദിനത്തിൽ അനുയായികൾ തയാറാക്കിയത് 51 ക്വിന്റൽ തൂക്കമുള്ള കേക്ക്. അതിൽ കത്തിച്ചത് ഒന്നേകാൽ ലക്ഷം മെഴുകുതിരികൾ. 

∙ സംഗീത പരിപാടികളിൽ കണ്ണഞ്ചിപ്പിക്കും ആക്‌ഷൻ രംഗങ്ങൾ നടത്തുന്നതു പതിവ്. 30 അടി മുകളിൽ ക്രെയിനിൽ തൂങ്ങിയാടിയും എഴുന്നേറ്റു നിന്ന് ഒരു കാലിൽ വാഹനമോടിച്ചും വരെ പാട്ടുകൾ പാടുന്നു. 

∙ ഗുർമീതിനു പത്മശ്രീ നൽകാൻ ഇത്തവണ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ചത് 1600 ശുപാർശകൾ.  

∙ 19 ഗിന്നസ് റെക്കോർഡുകളുടെ ഉടമ. ആദ്യ തവണ ഗിന്നസിൽ ഇടം നേടിയത് അഞ്ചു ലക്ഷം പേരെ ഉൾപ്പെടുത്തി രക്തദാന ക്യാംപ് സംഘടിപ്പിച്ചതിന്. 

∙ രാജ്യത്തെ ഏറ്റവും ഉന്നത സുരക്ഷയായ സെഡ് പ്ലസിനുടമയായിരുന്നു.  

CHATHRAPATHI റാം ചന്ദർ ഛത്രപതി.

∙ ആഡംബര കാർ ശേഖരത്തിലുള്ളത് ലക്സസ്, മെഴ്സിഡീസ്, ഒൗഡി, ബിഎംഡബ്ല്യു കാറുകൾ. വാഹനങ്ങൾക്ക് ഒരേ നിറം, ഒരേ നമ്പർ. വാഹനങ്ങളിൽ മൊബൈൽ ജാമറുകൾ ഘടിപ്പിച്ചിരിക്കുന്നു.

ഛത്രപതിയുടെ ഹൃദയരക്തം അന്നേ പറഞ്ഞു: ഗുർമീത് സ്ത്രീത്വത്തെ അപമാനിക്കുന്നവൻ

ഒടുവിൽ ആ ചോര സത്യത്തിലേക്കുതന്നെ ഒഴുകിയെത്തി. ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിനെതിരായ വിധി വെടിയുണ്ടകൊണ്ടു മാത്രം നിശ്ശബ്ദനാക്കാൻ കഴിഞ്ഞ ഒരു പത്രപ്രവർത്തകന്റെ ചങ്കൂറ്റത്തിനുള്ള ആദരാഞ്ജലി കൂടിയായി. പൂരാ സച്ച് അഥവാ ‘പൂർണ സത്യം’ എന്ന പ്രാദേശിക പത്രത്തിന്റെ പത്രാധിപരായിരുന്ന റാം ചന്ദർ ഛത്രപതിയെ 15 കൊല്ലം മുമ്പു വെടിവച്ചു കൊല്ലുകയായിരുന്നു. 

ചെയ്ത കുറ്റം: ഗുർമീതിന്റെ ലൈംഗികാതിക്രമത്തിനു വിധേയരായ രണ്ടു സ്ത്രീകളിലൊരാൾ പേരു വയ്ക്കാതെ എഴുതിയ മൂന്നു പേജ് കത്തു പ്രസിദ്ധീകരിച്ചു. കിട്ടിയ വിധി: 2002 ഒക്ടോബർ 24നു സൈക്കിളിലെത്തിയ രണ്ടു പേർ, തങ്ങൾ സച്ചാ സൗദയുടെ അനുയായികളെന്നു പറഞ്ഞു തൊട്ടടുത്തു നിന്നു നാലുതവണ വെടിയുതിർത്തു. 

ഛത്രപതിയുടെ മരണം അന്ന് അധികമാരും ശ്രദ്ധിക്കാതെപോയി. പക്ഷേ, മകൻ അൻഷുൽ നീതിക്കു പിന്നാലെ അലഞ്ഞത് 15 വർഷം. ഒടുവിൽ ഗുർമീതിനെതിരെ ശിക്ഷ വിധിച്ച സിബിഐ പ്രത്യേക കോടതി തന്നെ ഛത്രപതി വധക്കേസിന്റെ വാദവും കേട്ടു.

ഗുർമീതിനെപ്പോലെയുള്ള പല ആൾദൈവങ്ങളും മാനഭംഗം മുതൽ കൊലപാതകം വരെ നീളുന്ന കേസുകളിൽപെട്ട് ഇന്നു വിവിധ ജയിലുകളിലാണ്. അവരെക്കുറിച്ചു നാളെ