Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിക്കും ബിജെപിക്കും മുന്നറിയിപ്പ്

leader

ഗുരുദാസ്പുർ, വേങ്ങര തിരഞ്ഞെടുപ്പു ഫലങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും നൽകുന്നത് ഒരു മുന്നറിയിപ്പാണ്. പഞ്ചാബിൽ ബിജെപി നാലു തവണ വിജയിച്ച ഗുരുദാസ്പുർ മണ്ഡലമാണു കൈവിട്ടു പോയത്. ദേശീയ പ്രസിഡന്റ് അമിത് ഷാ തന്നെ കേരളത്തിലെത്തി ജനരക്ഷായാത്രയ്ക്കു നേതൃത്വം നൽകിയിട്ടും വേങ്ങരയിൽ ബിജെപി നാലാം സ്ഥാനത്തേക്കു പോയി. ഗുജറാത്ത്, ഹിമാചൽ, കർണാടക നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ എത്തിനിൽക്കെ മോദിയുടെയും അമിത് ഷായുടെയും ബിജെപിയുടെയും അശ്വമേധത്തിന് ഒരു കടിഞ്ഞാൺ വീഴുകയാണ്– താഴെത്തട്ടിൽ സർക്കാരിനെതിരെ ജനവികാരം ഉരുത്തിരിയുന്നതിന്റെ ആദ്യസൂചനകളുമാണിത്. 

ഇതൊന്നും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി കൂട്ടി വായിക്കേണ്ട എന്നാണ് ബിജെപി നേതൃത്വം പറയുന്നതെങ്കിലും അവരുടെ എംപിമാരും അൽപം ആശങ്കയിലാണ്– കാരണം ജനങ്ങൾ നോട്ട് പിൻവലിക്കലിനെയും ചരക്ക്, സേവന നികുതി (ജിഎസ്ടി) യെയും ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്.

ആദ്യമായി ബിജെപിക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതു സർവകലാശാലകളിലാണ്. ഡൽഹിയിലെ ജെഎൻയുവിൽ തുടങ്ങിയ ആ മാറ്റം ഡൽഹി സർവകലാശാലയിൽ തുടർന്നു. പിന്നീട് രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും അത് ആവർത്തിച്ചു. 

പിന്നീട് ഹരിയാനയിലെ ഗുരുഗ്രാമത്തിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ഭൂരിപക്ഷം നേടാനായില്ല. 35ൽ 14 സീറ്റേ അവർക്കു കിട്ടിയുള്ളൂ. കോൺഗ്രസ് ഇവിടെ മത്സരിച്ചതു പോലുമില്ല.   അടുത്തത് രാജസ്ഥാനിലായിരുന്നു. 26 പഞ്ചായത്ത് സീറ്റുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ 12 സീറ്റ് വീതം കോൺഗ്രസും ബിജെപിയും നേടി. എല്ലാ സീറ്റും തങ്ങൾ തൂത്തുവാരും എന്നു ബിജെപി പറയുന്നതിനിടയിലായിരുന്നു ഇത്. 

സാമ്പത്തിക രംഗത്തെ മാന്ദ്യം, അവശ്യ സാധനങ്ങളുടെ വിലക്കയറ്റം, പെട്രോൾ –ഡീസൽ വിലയിലെ വർധന എന്നിങ്ങനെ സാധാരണക്കാരനെ ബാധിക്കുന്ന വിഷയങ്ങളിൽ പ്രധാനമന്ത്രി മോദിയും ബിജെപിയും പ്രതിരോധത്തിലാണ്. അതിനിടയിലാണ് അമിത് ഷായുടെ മകനെതിരെ അഴിമതി ആരോപണം വന്നത്. അതോടെ ബിജെപിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേറ്റു. 

ഗുരുദാസ്പുരിൽ ദേശീയ നേതാക്കളാരും പ്രചാരണത്തിനു പോയില്ല എന്നോർക്കണം. അവിടെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് തന്നെയാണു പ്രചാരണം നയിച്ചത്. ആറുമാസത്തെ ഭരണത്തിനിടയിൽ അമരീന്ദർ സർക്കാരിന്റെ ജനപ്രീതി അൽപവും കുറഞ്ഞില്ല എന്നും വ്യക്തമായി.