Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുർദാസ്പുർ അലയടങ്ങുംമുൻപ് അങ്കത്തിനൊരുങ്ങി 7 മണ്ഡലങ്ങൾ

gurudaspur-victory-celebration

ന്യൂഡൽഹി ∙ പഞ്ചാബിലെ ഗുരുദാസ്പുർ ലോക്സഭാ മണ്ഡലത്തിൽ ബിജെപിക്ക് ആഘാതമേൽപിക്കുകയും കോൺഗ്രസിന് ആവേശം സമ്മാനിക്കുകയും ചെയ്ത ജനവിധിക്കു പിന്നാലെ രാജ്യത്തെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങൾ കൂടി ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. ഇതിൽ നാലെണ്ണം 2014ൽ ബിജെപി ജയിച്ച മണ്ഡലങ്ങളാണ്; ഒന്ന് ബിജെപി സഖ്യകക്ഷിയുടേതും.

രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള ഈ മണ്ഡലങ്ങളിലെ വിധിയെഴുത്ത്, വിവിധ ഭാഗങ്ങളിലെ രാഷ്ട്രീയ അടിയൊഴുക്കുകൾ വ്യക്തമാക്കും. ഹിമാചൽപ്രദേശിനു പിന്നാലെ ഗുജറാത്തിലെ തിരഞ്ഞെടുപ്പു തീയതികളും തിരഞ്ഞെടുപ്പു കമ്മിഷൻ ഉടൻ പ്രഖ്യാപിക്കും. ഇക്കൊല്ലവും അടുത്തകൊല്ലവുമായി നടക്കുന്ന 10 സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആറിടത്തും ബിജെപിയും കോൺഗ്രസും തമ്മിൽ നേരിട്ടുള്ള മത്സരമാണ് – ഹിമാചൽപ്രദേശ്, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ. മേഘാലയ, മിസോറം, നാഗാലാൻഡ്, ത്രിപുര എന്നിവയാണു തിരഞ്ഞെടുപ്പു നടക്കുന്ന മറ്റു സംസ്ഥാനങ്ങൾ.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ലോക്സഭാ മണ്ഡലങ്ങളും രാഷ്ട്രീയചിത്രവും

1. ഗോരഖ്പുർ (ഉത്തർപ്രദേശ്) – ബിജെപി യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആയതോടെ ഒഴിവുവന്ന മണ്ഡലം. 1989 മുതൽ ബിജെപിക്കൊപ്പം. 2014ൽ ആദിത്യനാഥ് ജയിച്ചത് മൂന്നു ലക്ഷത്തിലേറെ ഭൂരിപക്ഷത്തിന്.

2. ഫൂൽപുർ (ഉത്തർപ്രദേശ്) – ബിജെപി യുപി ഉപമുഖ്യമന്ത്രിയായതോടെ കേശവ് പ്രസാദ് മൗര്യ ഒഴിഞ്ഞ മണ്ഡലം. 2009ൽ ബിഎസ്‌പി ജയിച്ച ഈ മണ്ഡലം 2014ൽ ബിജെപി പിടിച്ചെടുത്തത് മൂന്നു ലക്ഷത്തിലേറെ ഭൂരിപക്ഷത്തിന്. ആദ്യ മൂന്നു ലോക്സഭകളിൽ ജവാഹർലാൽ നെഹ്‍റു പ്രതിനിധീകരിച്ച മണ്ഡലം.

3. അജ്‌മേർ (രാജസ്ഥാൻ) – ബിജെപി സൻവാർലാൽ ജാട്ട് മരിച്ചതിനെത്തുടർന്നുള്ള ഒഴിവ്. 2009ൽ കോൺഗ്രസിന്റെ സച്ചിൻ പൈലറ്റ് ജയിച്ച ഇവിടെ 2014ൽ ബിജെപി ജയം 1.70 ലക്ഷത്തിലേറെ ഭൂരിപക്ഷത്തിന്.

4. ആൾവാർ (രാജസ്ഥാൻ) – ബിജെപി മഹന്ത് ചാന്ദ്നാഥ് മരിച്ചതിനെത്തുടർന്നുള്ള ഒഴിവ്. 2009ൽ ഇവിടെ ജയിച്ച കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിങ്ങിനെ 2014ൽ മഹന്ത് തോൽപിച്ചത് 1.72 ലക്ഷം ഭൂരിപക്ഷത്തിന്.

5. ഉലുബേരിയ (ബംഗാൾ) – തൃണമൂൽ കോൺഗ്രസ് സുൽത്താൻ അഹമ്മദ് മരിച്ചതിനെത്തുടർന്നുള്ള ഒഴിവ്. സിപിഎമ്മിന്റെ ഹന്നൻ മൊള്ള എട്ടു തവണ ജയിച്ച മണ്ഡലം.

6. അറാരി (ബിഹാർ) – ആർജെഡി മുഹമ്മദ് തസ്‌ലിമുദീന്റെ മരണത്തെത്തുടർന്നുള്ള ഒഴിവ്.

7. അനന്ത്നാഗ് (കശ്‌മീർ) – പിഡിപി മെഹ്‌ബൂബ മുഫ്തി മുഖ്യമന്ത്രിയായതിനെത്തുടർന്ന് രാജിവച്ച മണ്ഡലം.