Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയലളിത ‘ശാശ്വത’ ജനറൽ സെക്രട്ടറി; ശശികലയും ദിനകരനും പുറത്ത്

AIADMK-Council ചെന്നൈ മധുരവൊയൽ വാനഗരത്തിൽ ചേർന്ന അണ്ണാഡിഎംകെ ജനറൽ കൗൺസിൽ തുടങ്ങുന്നതിനു മുമ്പ് യോഗത്തിന്റെ നടപടിക്രമത്തിലൂടെ അവസാനവട്ടം കണ്ണോടിക്കുന്ന ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം. മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഇ. മധുസൂദനൻ, മന്ത്രി കെ.എ. സെങ്കോട്ടയൻ തുടങ്ങിയവർ സമീപം. ചിത്രം മനോരമ

ചെന്നൈ∙ ‘ചിന്നമ്മ’ ശശികലയെ വെട്ടാൻ അണ്ണാ ഡിഎംകെ ‘അമ്മ’യെ തിരികെ വിളിച്ചു. താൽക്കാലിക ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നു ശശികലയെയും ഡപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു സഹോദരപുത്രൻ ടി.ടി.വി.ദിനകരനെയും പുറത്താക്കിയ ജനറൽ കൗൺസിൽ യോഗം, അന്തരിച്ച ജയലളിത പാർട്ടിയുടെ ‘ശാശ്വത’ ജനറൽ സെക്രട്ടറിയായിരിക്കുമെന്നും പ്രഖ്യാപിച്ചു.

ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം കോഓർഡിനേറ്ററും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ജോയിന്റ് കോഓർഡിനേറ്ററുമായ സ്റ്റിയറിങ് കമ്മിറ്റി പാർട്ടിയെ നയിക്കും. ജയലളിത നിയമിച്ച ഭാരവാഹികൾ തുടരുമെന്നും ദിനകരന്റേതുൾപ്പെടെ ശശികല നടത്തിയ എല്ലാ നിയമനങ്ങളും അസാധുവാണെന്നും യോഗം പ്രമേയത്തിലൂടെ പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറിയുടെ അധികാരം പളനിസാമിയും പനീർസെൽവവും സംയുക്തമായി വഹിക്കും.

പാർട്ടി പ്രസീഡിയം ചെയർമാൻ ഇ.മധുസൂദനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ കൗൺസിലിലെ 90 ശതമാനത്തിലേറെ അംഗങ്ങളും 114 എംഎൽഎമാരും പങ്കെടുത്തതായാണു സൂചന. ദിനകരനെ അനുകൂലിക്കുന്ന 21 എംഎൽഎമാർ വിട്ടുനിന്നു. പനീർസെൽവം-പളനിസാമി പക്ഷങ്ങളുടെ ലയനം അംഗീകരിക്കുന്ന പ്രമേയം പാസാക്കിയ യോഗം രണ്ടില ചിഹ്നവും പാർട്ടിയുടെ ഔദ്യോഗിക പേരും തിരികെ ലഭിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനും തീരുമാനിച്ചു.

അതേസമയം, ജനറൽ സെക്രട്ടറിയുടെ അനുമതിയില്ലാതെ വിളിച്ചുചേർത്ത ജനറൽ കൗൺസിൽ നിയമവിരുദ്ധമാണെന്നു പ്രഖ്യാപിച്ച ദിനകരൻ സർക്കാരിനെ മറിച്ചിടാനുള്ള നടപടി തുടങ്ങിയതായി അറിയിച്ചു. ജനറൽ കൗൺസിൽ യോഗം നിയമവിരുദ്ധമെന്നു കാണിച്ചു ദിനകര പക്ഷത്തെ പി.വെട്രിവേൽ എംഎൽഎ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കൗൺസിൽ തീരുമാനങ്ങൾ അന്തിമ വിധിക്കു വിധേയമായിരിക്കുമെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

വിശ്വാസവോട്ട് ആവശ്യപ്പെട്ട് ഡിഎംകെ

സഭ വിളിച്ചാൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് സ്റ്റാലിൻ നിയമസഭ ഉടൻ വിളിച്ചു വിശ്വാസ വോട്ട് തേടാൻ ആവശ്യപ്പെടാൻ തമിഴ്നാട് ഗവർണറോട് നിർദേശിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നിയമസഭ വിളിച്ചാൽ ഡിഎംകെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്നും അറിയിച്ചു. ഡിഎംകെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ എടപ്പാടി പളനിസാമി സർക്കാരിനു വെല്ലുവിളിയാണ്.

ജയയുടെ മരണത്തെ തുടർന്ന് ഒഴി‍ഞ്ഞുകിടക്കുന്ന സീറ്റ് മാറ്റിനിർത്തിയാൽ 233 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 117 പേരുടെ പിന്തുണ. അണ്ണാ ഡിഎംകെ ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുത്തതാകട്ടെ, 114 പേരും. ദിനകര പക്ഷത്തെ 21 പേർ പ്രതിപക്ഷത്തിനൊപ്പം ചേർന്നു വോട്ട് ചെയ്താൽ സർക്കാർ വീഴും.

അതിനിടെ, ബലംപ്രയോഗിച്ചു തടഞ്ഞുവച്ചിരിക്കുകയാണെന്ന പരാതിയെ തുടർന്നു തമിഴ്നാട് പൊലീസ് കുടകിൽ ദിനകരപക്ഷ എംഎൽഎമാർ താമസിക്കുന്ന റിസോർട്ടിൽ പരിശോധന നടത്തി.