Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഖിലേഷിന്റെ ജൈത്രയാത്രയിൽ രാഹുലിന് രാഷ്ട്രീയ ലിഫ്റ്റ്

01-Rahul-Akhilsh-3-col-col പുഷ്പം പോലെ ജയിച്ചു കയറണം... ആഗ്രയിൽ വിജയ്‌രഥ യാത്രയ്ക്കിടെ ജനം എറിഞ്ഞു കൊടുത്ത പൂക്കൾ പിടിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും. ചിത്രം: ആർ.എസ് ഗോപൻ

ആഗ്ര (യുപി) ∙ പ്രതീകാത്മകമായിരുന്നു അഖിലേഷിന്റെ ലിഫ്റ്റിൽ രാഹുൽ ഗാന്ധി പൊങ്ങിവന്ന ആ കാഴ്ച. യുപി ഇലക്‌ഷനിൽ കോൺഗ്രസിനു സമാജ്‌വാദി പാർട്ടി (എസ്പി) ലിഫ്റ്റ് നൽകുകയാണെന്നു ജനങ്ങൾക്കറിയാം. പക്ഷേ, നടുറോഡിൽ അക്ഷരാർഥത്തിൽ ആ ‘ലിഫ്റ്റ്’ ദൃശ്യം വോട്ടർമാർക്കു മുന്നിൽ അരങ്ങേറി. സഖ്യം രൂപീകരിച്ചശേഷം എസ്പിയുടെ അഖിലേന്ത്യാ പ്രസിഡന്റ് അഖിലേഷ് യാദവും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ചേർന്നുള്ള ആദ്യ റോഡ് ഷോ ആഗ്രയിലെ ദയാൽബാഗിൽ നടക്കുകയാണ്.

ദയാൽബാഗ് കൽപിത സർവകലാശാല മൈതാനത്ത് ‘യുപി വിജയ്‌രഥ്’ എന്നു പേരിട്ട അഖിലേഷിന്റെ കാരവൻ അവരെ കാത്തുകിടന്നു. വലിയൊരു ബസ് രൂപമാറ്റം വരുത്തി ആഡംബരപൂർണമായ എസി കാരവനാക്കി മാറ്റിയിരിക്കുകയാണ്. യുവ നേതാക്കൾ അകത്തു കയറിയ ഉടൻ കാരവൻ നീങ്ങി. ഇരുവശത്തും കയർകെട്ടി യുപി പൊലീസും എസ്പിജിക്കാരും. കാരവന്റെ മുകളിൽ കൈവരികൾ സ്ഥാപിച്ച് കോട്ടിട്ട എസ്പിജിക്കാർ നിൽക്കുന്നുണ്ട്.

കാരവനു മുന്നിലായി മീഡിയ റിപ്പോർട്ടർമാരും ഫൊട്ടോഗ്രഫർമാരും സഞ്ചരിക്കുന്ന ലോറി. മുന്നോട്ടു നീങ്ങുന്ന ലോറിയുടെ പിറകിൽനിന്നാണു റോഡ് ഷോയുടെ പടമെടുപ്പ്. മൈതാനത്തുനിന്നു റോഡിലെത്തിയ കാരവൻ ഒരു നിമിഷം നിന്നു. പെട്ടെന്ന് അതാ നാലുവശത്തും ഗ്ലാസിട്ട ചെറിയൊരു ലിഫ്റ്റ് കാരവനു മുകളിലേക്ക് ഉയർന്നുവരുന്നു. ലിഫ്റ്റിനകത്ത് രണ്ടുപേർ മാത്രം. 130 വർഷം പ്രായമായ കോൺഗ്രസിന്റെ 46 വയസ്സുള്ള നേതാവും കഷ്ടിച്ച് 20 വർഷം പ്രായമായ പാർട്ടിയുടെ 43 വയസ്സുള്ള നേതാവും. ലിഫ്റ്റിൽനിന്ന് ഇരുവരും ഇറങ്ങിയപ്പോൾ ജനത്തിന്റെ ആവേശം അലകടലായി.

നീല ജീൻസും തൂവെള്ള കുർത്തയും അണിഞ്ഞ രാഹുൽ ഗാന്ധിയും തൂവെള്ള കുർത്തയും പൈജാമയും കറുത്ത നെഹ്റു ജാക്കറ്റുമിട്ട അഖിലേഷ് യാദവും മുന്നിൽനിന്നു കൈവീശി. വിജയ്‌രഥ് നീങ്ങുമ്പോൾ മരച്ചില്ലകൾ നേതാക്കളുടെ പുറത്തു തട്ടാതെ നോക്കലായി കരിമ്പൂച്ചകളുടെ പണി. ഉച്ചമുതൽ ദയാൽബാഗ് പരിസരത്ത് ജനസാഗരമായിരുന്നു. വെള്ളകുർത്ത പൈജാമയും പലനിറങ്ങളിലുള്ള നെഹ്റു ജാക്കറ്റും അണി‍ഞ്ഞ യുപി ഭയ്യമാർ റോഡിലൂടെ പുളച്ചു നടന്നു.

എസ്പിയുടെ ഛോട്ടാ നേതാക്കളാണ്. മിക്കവരെയും കണ്ടാൽ ഗുണ്ടകളുടെ രൂപഭാവവും ശരീരഭാഷയും. ഇടയ്ക്കു മദ്യപിച്ച് അലമ്പുണ്ടാക്കിയെന്ന ആരോപണവുമായി ഒരു പൊലീസുകാരനെ പിടിച്ചുവലിച്ചു തെരുവിലൂടെ നടത്തിച്ചു ഭയ്യമാർ. സഹപ്രവർത്തകന്റെ തടി രക്ഷിക്കാൻ യുപി പൊലീസിനു നന്നെ പണിപ്പെടേണ്ടിവന്നു. ബിജെപി തൂത്തുവാരുമെന്നു പ്രതീക്ഷിച്ചിരുന്ന യുപിയിൽ എസ്പി–കോൺഗ്രസ് സഖ്യം വന്നതോടെ വിജയം ആർക്കെന്നു തീർച്ചയില്ലാത്ത സ്ഥിതിയാണ്.

ദയാൽ ബാഗ് സർവകലാശാലയിലെ ഒരുകൂട്ടം വിദ്യാർഥികളോടു ചോദിച്ചു – ആരു ജയിക്കും? അഖിലേഷ് എന്നു മറുപടി. കാരണം? തനിക്കു ലാപ് ടോപ് തന്നുവെന്ന് പ്ലസ് ടു വിദ്യാർഥി ആശിഷ് ഗുപ്ത പറഞ്ഞു. പത്താംക്ലാസിൽ ഉയർന്ന ഗ്രേഡ് ആവറേജ് 10 ലഭിക്കുന്നവർക്കു മാത്രാണു സൗജന്യ ലാപ് ടോപ്. വേറൊരുകൂട്ടം പെൺകുട്ടികളോടും ആരു ജയിക്കുമെന്നു ചോദിച്ചപ്പോൾ ബിജെപി എന്നു മറുപടി. കാരണം? മോദി മഹിളാ സുരക്ഷയ്ക്കും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും അനേകം കാര്യങ്ങൾ ചെയ്യുന്നു. ചുരുക്കത്തിൽ വിദ്യാർഥികൾക്കിടയിലും മേൽക്കൈ ഒരു വിഭാഗത്തിനും അവകാശപ്പെടാനില്ല.

കാരവനു പിന്നിൽ ടൊയോട്ട ഫോർച്യൂണർ വാഹനങ്ങളുടെ നീണ്ട നിരയാണ്. കാഴ്ചയിൽത്തന്നെ ധനികരാണ് എസ്പി നേതാക്കൾ. ജനക്കൂട്ടത്തിൽ കോൺഗ്രസ് പ്രവർത്തകർ അധികമില്ല. എൻഎസ്‌യുഐ കൊടിയുമായി ഇരുപതോളം പേർ, യൂത്ത് കോൺഗ്രസ് കൊടിയുമായി മുപ്പതോളം പേർ. എസ്പിയുടെ രഥമേറിയാണു കോൺഗ്രസിന്റെ യാത്രയെന്നതു വളരെ വ്യക്തം. ‘ചാഹിയേ തുമാര, അഖിലേഷ് ഹമാര’ എന്നൊരു പടപ്പാട്ടുമായിട്ടാണു രഥം മുന്നേറുന്നത്.

അഖിലേഷിനെ കൊണ്ടുവരാൻ നിങ്ങൾക്കു കഴിയുമെന്നർഥം. ആഗ്രയിലെങ്ങും സ്ഥാനാർഥികളുടെ പോസ്റ്ററുകളോ, ഫ്ലക്സ് ബോർഡുകളോ ബാനറുകളോ കാണാനില്ല. റോഡ് ഷോയിലും സ്ഥാനാർഥികളെ എടുത്തുകാട്ടുന്നില്ല. കാരണം ഇവിടെ സ്ഥാനാർഥി ആരെന്നത് അപ്രസക്തമാണ്. പാർട്ടിക്കാണു വോട്ട്. പത്തു കിലോമീറ്റർ അകലെ ബിജിലിഹർ ചൗരാഹയിലെത്താൻ രഥയാത്ര മൂന്നു മണിക്കൂറെടുത്തു. എസ്പി–കോൺഗ്രസ് സഖ്യം യുപിയിൽ 18% മുസ്‌ലിം വോട്ടർമാർ ഉൾപ്പെട്ട ജനങ്ങൾക്കു മുന്നിൽ വിജയമാണെന്നതു വ്യക്തം.