Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോട്ടിങ് യന്ത്രത്തിൽ ‘വിവിപാറ്റ് ’ ഘടിപ്പിക്കണമെന്നു കോൺഗ്രസ്

ന്യൂഡൽഹി ∙ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തെക്കുറിച്ചുള്ള (ഇവിഎം) ആശങ്കകൾ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നും തിരഞ്ഞെടുപ്പു പ്രചാരണച്ചെലവ് സർക്കാർ വഹിക്കണമെന്നും പ്രതിപക്ഷ കക്ഷികൾ രാജ്യസഭയിൽ ആവശ്യപ്പെട്ടു. ഇവിഎമ്മിന്റെ വിശ്വാസ്യത ചോദ്യം ചെയ്യാനാവില്ലെന്നും, പാർലമെന്റിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പു വേണമെന്നും ബിജെപി വാദിച്ചു.

യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിഎമ്മുകളിൽ വലിയ തോതിൽ ക്രമക്കേടു നടന്നെന്ന ആരോപണങ്ങളുടെ പശ്‌ചാത്തലത്തിലാണ് തിരഞ്ഞെടുപ്പു പരിഷ്‌കാരങ്ങളെക്കുറിച്ച് രാജ്യസഭ ചർച്ച നടത്തിയത്. മാധ്യമങ്ങളെ രാഷ്‌ട്രീയ പാർട്ടികൾ വിലയ്‌ക്കെടുക്കുന്നതായി പലരും ആരോപിച്ചു.

ചർച്ചയ്‌ക്ക് സർക്കാർ ഇന്നു മറുപടി പറയും. ചർച്ചയിൽ ഉന്നയിക്കപ്പെട്ട പ്രധാന വാദങ്ങൾ: ഗുലാം നബി ആസാദ് (കോൺഗ്രസ്) : വോട്ടിന്റെ കൃത്യത ഉറപ്പാക്കാൻ ഇവിഎമ്മിനൊപ്പം വിവിപാറ്റ് യന്ത്രങ്ങൾ ഘടിപ്പിക്കുന്നത് നിർബന്ധമാക്കണമെന്ന് സുപ്രീം കോടതി 2013ൽ നിർദ്ദേശിച്ചതാണ്.

ഇതിന് 3,100 കോടി രൂപ നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ ആവശ്യപ്പെട്ടു. സർക്കാർ പണം നൽകിയില്ല. സർക്കാരിന്റെ കരങ്ങൾ സംശുദ്ധമെങ്കിൽ എന്തുകൊണ്ട് ഇതുവരെയും പണം നൽകിയില്ല ?ഇനി വിവിപാറ്റ് സൗകര്യമുള്ളിടത്തു മാത്രം ഇവിഎം ഉപയോഗിക്കുക. എല്ലാ രാഷ്‌ട്രീയ പാർട്ടികളുടെയും ചെലവിന്റെ കണക്ക് പാർലമെന്റിൽ വയ്‌ക്കണം.

ഭുപേന്ദ്ര യാദവ് (ബിജെപി): ഇവിഎമ്മിന്റെ വിശ്വാസ്യതയേക്കുറിച്ചു തർക്കം വേണ്ട. ജില്ലാ കലക്‌ടർമാരാണ് അവ സൂക്ഷിക്കുന്നത്. പാർലമെന്റിലേക്കും നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പു വേണം. ഇത് രാഷ്‌ട്രീയ പാർട്ടികളുടെ ചെലവു കുറയ്‌ക്കും; മാതൃകാ പെരുമാറ്റച്ചട്ടം മൂലം വികസന പരിപാടികൾ തടസ്സപ്പെടുന്നത് ഒഴിവാക്കാം.എല്ലാ തിരഞ്ഞെടുപ്പുകൾക്കുമായി ഒരു വോട്ടർ പട്ടിക മതി.

സീതാറാം യച്ചൂരി (സിപിഎം): ലോക്‌സഭയിൽ പകുതി സീറ്റുകൾ രാഷ്‌ട്രീയ പാർട്ടിക്കു ലഭിക്കുന്ന വോട്ടിന്റെ അനുപാതത്തിൽ വീതിക്കണം. വോട്ടറുടെ ഒരു വോട്ട് സ്‌ഥാനാർഥിക്ക്, ഒരു വോട്ട് പാർട്ടിക്ക് എന്ന രീതി വേണം. പാർട്ടിയുടെ സീറ്റിൽ വനിതാ സംവരണവും കർശനമാക്കണം. പാർട്ടികളുടെ ചെലവിനു പരിധി വേണം. കോർപറേറ്റുകൾ സാമ്പത്തിക സഹായം നൽകുന്നതു തടയണം. ഒരാൾ പല സീറ്റിൽനിന്നു മൽസരിക്കുന്നതു തടയണം.

ഡി.രാജ (സിപിഐ) : ഭരണഘടനയും ജനാധിപത്യവും ഭീഷണി നേരിടുന്നു. പ്രസിഡൻഷ്യൽ രീതിയോ മതാധിപത്യമോ അംഗീകരിക്കാനാവില്ല. ആനുപാതിക പ്രാതിനിധ്യ സംവിധാനം നടപ്പാക്കണം. പ്രവാസി ഇന്ത്യക്കാർക്കും ഇന്ത്യയിൽതന്നെ ഇതര സംസ്‌ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും സ്വന്തം മണ്ഡലത്തിലെത്താതെ വോട്ട് ചെയ്യാൻ സൗകര്യമുണ്ടാക്കണം.