Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയെ കണ്ടത് ഉറപ്പു പാലിക്കാൻ: രാഹുൽ

PTI12_27_2016_000158A

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ചരിത്രത്തിലെ ഏറ്റവും വലിയ ഏകപക്ഷീയ സാമ്പത്തിക പരീക്ഷണമാണു രാജ്യത്തെ 130 കോടി ജനങ്ങൾക്കു മേൽ പ്രധാനമന്ത്രി പ്രയോഗിച്ചതെന്നു വിമർശിച്ചെങ്കിലും തന്റെ നീക്കം തെറ്റായിരുന്നില്ലെന്ന വാദത്തിൽ രാഹുൽ ഉറച്ചുനിന്നു.

യുപിയിൽ ഒരുമാസം നടത്തിയ പര്യടനത്തിനിടെ താൻ കർഷകർക്കു നൽകിയ ഉറപ്പു പാലിക്കാനാണു പ്രധാനമന്ത്രിയെ കണ്ടത്. കാർഷിക കടങ്ങൾ എഴുതിത്തള്ളാനും വൈദ്യുതി ബിൽ വെട്ടിക്കുറയ്ക്കാനും പ്രധാനമന്ത്രിക്കു മേൽ സമ്മർദം ചെലുത്താമെന്ന് അവർക്കു വാഗ്ദാനം നൽകിയിരുന്നു.

പക്ഷേ, ഇക്കാര്യങ്ങൾ പ്രധാനമന്ത്രിയോടു പറഞ്ഞപ്പോൾ അദ്ദേഹം നിശ്ശബ്ദത പാലിക്കുകയായിരുന്നുവെന്നു രാഹുൽ പറഞ്ഞു. പാർലമെന്റ് സമ്മേളനത്തിന്റെ അവസാന ദിവസമാണു രാഹുൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

പ്രതിപക്ഷ ഐക്യം തകർക്കാനിടയാക്കിയ ഈ ചുവടു മോശം രാഷ്ട്രീയനീക്കമായാണു വിലയിരുത്തപ്പെട്ടത്.