Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്നാർഗുഡി മാഫിയ കുതികാൽ വെട്ടുമോ,കാത്തിരിക്കുമോ?

Sasikala

ചെന്നൈ ∙ തമിഴ്നാട് രാഷ്ട്രീയത്തിലെ കിരീടംവയ്ക്കാത്ത രാജാക്കന്മാരായിരുന്ന മന്നാർഗുഡി മാഫിയയുടെ പ്രതാപകാലം തൽക്കാലത്തേക്കെങ്കിലും അവസാനിക്കുന്നു. ജയലളിതയുടെ തോഴിയായി അധികാരമുറപ്പിച്ചപ്പോൾ ശശികല ഒപ്പം കൂട്ടിയതാണു മന്നാർഗുഡിയിൽ നിന്നുള്ള തന്റെ ബന്ധുക്കളെയും; പിന്നീട് അവർ തമിഴ്നാടിനെ പകുത്തു ഭരിക്കുന്ന നിലയിലേക്കു വളർന്നു.

എടപ്പാടി പളനിസാമി വിഭാഗം, ചിന്നമ്മ ശശികലയെയും കുടുംബത്തെയും കൈവിട്ടതോടെ ഇവർക്കു മുന്നിൽ ഇനിയെന്ത് എന്ന ചോദ്യം ഉയരുന്നു. രണ്ടു വഴികളാണു തെളിഞ്ഞു കാണുന്നത്.  പോകുന്ന പോക്കിൽ സർക്കാരിനെ വലിച്ചു താഴെയിടുകയാണ് ഒരു മാർഗം. ഇരുപതോളം എംഎൽഎമാരെങ്കിലും ഇപ്പോഴും ശശികലയെ പിന്താങ്ങുന്നുവെന്നാണു സൂചന. ഇവരെ ഉപയോഗിച്ച് സർക്കാരിനെ താഴെയിറക്കാൻ കഴിയും. 

Latest News on TTV Dinakaran

എന്നാൽ, ശശികലയും ടി.ടി.വി ദിനകരനും കേസുകളിൽ നട്ടംതിരിയുന്ന സമയത്തു കൈവിട്ട കളിക്ക് അവർ തയാറാകുമോയെന്നു കണ്ടു തന്നെ അറിയണം. 

കണ്ടകശ്ശനി കഴിയാൻ ക്ഷമാപൂർവം കാത്തിരിക്കുകയെന്നതാണു മറ്റൊരു വഴി. തിരിച്ചടികളിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ചരിത്രം ശശികലയ്ക്ക് ഏറെ പറയാനുണ്ട്. തക്ക സമയത്ത് യുക്തമായ തീരുമാനമെടുക്കാനുള്ള അവരുടെ സിദ്ധി പ്രസിദ്ധവുമാണ്. വിഡിയോ കസെറ്റ് വിൽപനക്കാരിയിൽ നിന്നു ജയലളിതയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരിയെന്ന നിലയിലേക്കു വളർത്തിയതും അതാണ്. 

അതേസമയം തീരത്തു നങ്കൂരമിട്ട ഐഎൻഎസ് ചെന്നൈ യുദ്ധക്കപ്പലിൽ പോലും ഇന്നലെ അണ്ണാ ഡിഎംകെ ഐക്യചർച്ചകളായിരുന്നു!. സാമാജികർക്കു കപ്പൽ കാണാൻ അവസരമൊരുക്കിയപ്പോൾ എംഎൽഎമാരെല്ലാം എത്തിയതു രാഷ്ട്രീയ പിരിമുറുക്കങ്ങളുടെ കാറും കോളും കൊണ്ട്. തിങ്കളാഴ്ച അർധരാത്രി തുടങ്ങിയ ഐക്യ ചർച്ചകളുടെ ഇന്നലത്തെ ആദ്യവേദി ടി.ടി.വി ദിനകരന്റെ അഡയാറിലെ വസതിയായിരുന്നു. 

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയുടെ നിർദേശത്താൽ മുതിർന്ന മന്ത്രിമാർ ഇവിടെയെത്തി. തുടർന്ന് ഐക്യത്തെ സ്വാഗതം ചെയ്യുന്നുവെന്ന പ്രസ്താവനയുമായി ദിനകരനും രംഗത്തെത്തി. പിന്നാലെയാണു ചർച്ചകൾ കപ്പലേറിയത്. 

അതിനിടെ, ശശികലയെയും കുടുംബത്തെയും ഒഴിവാക്കിയിട്ടുമതി എന്തും എന്നു പനീർസെൽവം ചർച്ചകളുടെ വായടച്ചു. ശശികലയെ നേതൃസ്ഥാനത്തു നിലനിർത്താൻ കിണഞ്ഞു പരിശ്രമിച്ച് രംഗത്തെത്തിയ ചിന്നമ്മ വിശ്വസ്തർ ദിനകരനെ ഒഴിവാക്കാമെന്ന പുതിയ ഒത്തുതീർപ്പു സമവാക്യവുമായി എത്തിയെങ്കിലും വിലപ്പോയില്ല. 

അതോടെ, ദിനകരന്റെ വിശ്വസ്ത എംഎൽഎമാരായ വെട്രിവേൽ, തങ്കത്തമിഴ് ‌ശെൽവൻ എന്നിവർ പനീർസെൽവത്തിനെതിരെ പ്രസ്താവനകളുമായി രംഗത്തെത്തി. തങ്ങളെ ബലികൊടുത്ത് ഐക്യനീക്കവുമായി മുന്നോട്ടുപോയാൽ ഏതറ്റംവരെയും പോകുമെന്നതിന്റെ സൂചനകളും നൽകി. അതിനിടെ, ചർച്ചയ്ക്ക് ഉപാധി പാടില്ലെന്നു പറഞ്ഞെങ്കിലും മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി ഉൾപ്പെടെയുള്ളവർ ശശികലയ്ക്കായി പരസ്യമായി രംഗത്തുവന്നില്ലെന്നതു ശ്രദ്ധേയമായി. 

അണ്ണാ ഡിഎംകെയിൽ പിളർപ്പും പ്രതിസന്ധിയുമില്ലെന്നു മുതിർന്ന നേതാവ് എം. തമ്പിദുരൈ മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പാർട്ടി ചിഹ്നമായ ‘രണ്ടില’ സംരക്ഷിക്കാൻ പനീർസെൽവവും താനും ഉൾപ്പെടെ എല്ലാവരും ബാധ്യസ്ഥരാണെന്നും അഭിപ്രായഭിന്നതകൾ ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പനീർസെൽവത്തെ പാർട്ടിമേധാവിയും മുഖ്യമന്ത്രിയുമാക്കുക, ഇ.മധുസൂദനനെ പ്രസീഡിയം ചെയർമാനായി പുനർനിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും പനീർസെൽവം പക്ഷം ഉന്നയിച്ചതായാണു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.