Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപി നിയമസഭയിൽ ഇടിച്ചുകയറി ജീവനക്കാരിയുടെ പ്രതിഷേധം

ലക്നൗ∙ സമ്മേളനം നടക്കുന്നതിനിടെ പ്രതിഷേധവുമായി കരാർ ജീവനക്കാരി ഇടിച്ചു കയറിയതിനെ തുടർന്നു യുപി നിയമസഭയിൽ നാടകീയ രംഗങ്ങൾ. സഭാനടപടികൾ തുടങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടു നിയമസഭാ കരാർ ജീവനക്കാരിയുടെ നീക്കം. എസ്പി അംഗം മധുകർ ജയ്റ്റ്ലി മെട്രോ റെയിൽ പദ്ധതി സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചതിനു പിന്നാലെ ഇവർ സഭയിൽ കയറി സ്പീക്കറുടെ കസേര ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു.

എംഎൽഎമാർ ഇവരെ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും സഭ വിടാൻ കൂട്ടാക്കിയില്ല. തുടർന്നു സുരക്ഷാജീവനക്കാർ ഇവരെ ബലംപ്രയോഗിച്ചു പുറത്താക്കി. ക്ലാസ് ഫോർ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കാനായിരുന്നു ‌തന്റെ നീക്കമെന്നു ജീവനക്കാരി പിന്നീടു പ്രതികരിച്ചു. ഗവർണറുടെ പ്രസംഗത്തിനിടെ അദ്ദേഹത്തിനു നേരെ കടലാസു ചുരുട്ടിയെറിഞ്ഞതുൾപ്പെടെ കഴിഞ്ഞ ദിവസം സഭ സംഘർഷഭരിതമായ രംഗങ്ങൾക്കു സാക്ഷ്യംവഹിച്ചിരുന്നു. മിസൈൽ രൂപത്തിൽ കടലാസു മടക്കി ഗവർണർക്കു നേരെ തൊടുത്ത സംഭവവുമുണ്ടായി.