Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലിനീകരണ ബോർഡ് അധ്യക്ഷൻമാരുടെ പ്രവർത്തനം തടഞ്ഞു

ന്യൂഡൽഹി ∙ തങ്ങൾ നൽകിയ മാർഗരേഖ പാലിക്കാത്ത സംസ്‌ഥാനങ്ങളിലെ മലിനീകരണ ബോർഡ് അധ്യക്ഷൻമാരുടെ പ്രവർത്തനം ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) തടഞ്ഞു. കേരളമുൾപ്പെടെ ഒൻപതു സംസ്‌ഥാനങ്ങളിലെ അധ്യക്ഷൻമാരുടെ പ്രവർത്തനമാണു ജസ്‌റ്റിസ് ആർ.എസ്.റാത്തോഡ് അധ്യക്ഷനായ ബെഞ്ച് തടഞ്ഞത്.

വായു നിയമം, ജല നിയമം എന്നിവയിൽ വ്യക്‌തമാക്കിയിട്ടുള്ള നടപടിക്രമങ്ങളും യോഗ്യതകളും പാലിച്ചു മലിനീകരണ നിയന്ത്രണ ബോർഡ് അധ്യക്ഷനെയും മറ്റും നിയമിക്കുന്നതിനുള്ള ചട്ടങ്ങൾ വിജ്‌ഞാപനം ചെയ്യണമെന്നു രാജേന്ദ്ര സിങ് ഭണ്ഡാരി കേസിൽ കഴിഞ്ഞ ഓഗസ്‌റ്റ് 23ന് എൻജിടി നിർദേശിച്ചിരുന്നു.

നിയമിക്കപ്പെട്ടിട്ടുള്ളവർക്കു യോഗ്യതയുണ്ടെങ്കിലും ചട്ടങ്ങൾ ഇതുവരെയും വിജ്‌ഞാപനം ചെയ്‌തില്ലെന്നതാണു കേരളമുൾപ്പെടെ പല സംസ്‌ഥാനങ്ങൾക്കും തിരിച്ചടിയായത്. കേസ് വീണ്ടും അടുത്ത മാസം നാലിനു പരിഗണിക്കും. ഓഗസ്‌റ്റിലെ ഉത്തരവു ചോദ്യംചെയ്‌തു ചില സംസ്‌ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സ്‌റ്റേ അനുവദിച്ചിട്ടില്ല.