Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസിനെ സമ്മർദത്തിലാക്കി വഗേല

Shankersinh Vaghela ശങ്കർസിങ് വഗേല (ഫയൽ ചിത്രം)

അഹമ്മദാബാദ് ∙ വർഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആരെയും മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടില്ലെന്നു കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കേ, ആ പദവിയിലേക്കു കണ്ണുംനട്ടിരിക്കുന്ന പ്രതിപക്ഷ നേതാവു ശങ്കർസിങ് വഗേല വിലപേശൽ തുടരുന്നു. ബിജെപിയിലേക്കു തിരിച്ചുപോകുമെന്ന അഭ്യൂഹം നിലനിൽക്കേയാണിത്. എല്ലാ കാര്യങ്ങളും ശനിയാഴ്ച അന്തിമമായി തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിൽ സ്വപക്ഷത്തു നിൽക്കുന്ന എംഎൽഎമാരും എംപിമാരും അടക്കം പതിനായിരത്തോളം അനുയായികളുടെ യോഗം ശനിയാഴ്ച വിളിക്കുമെന്നും എല്ലാവരുടെയും അഭിപ്രായപ്രകാരം തീരുമാനമെടുക്കുമെന്നും വഗേല പറഞ്ഞു. സംസ്ഥാന കോൺഗ്രസിൽ അധ്യക്ഷൻ ഭരത്‌ സിങ് സോളങ്കിയുമായി കൊമ്പുകോർത്തിരിക്കുന്ന വഗേല ഇരുപത്തഞ്ചോളം എംഎൽമാരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്.

അഭ്യുദയകാംക്ഷികളുടെ ആഗ്രഹപ്രകാരമായിരിക്കും ഭാവിതീരുമാനമെടുക്കുക എന്നു പറയുന്ന വഗേല, കോൺഗ്രസ് വിട്ടു ബിജെപിയിലേക്കില്ലെന്ന് ആവർത്തിക്കുന്നുമുണ്ട്. പാർട്ടിയിൽ കലാപക്കൊടി ഉയർത്തുകയാണു വഗേലയുടെ ലക്ഷ്യം. അദ്ദേഹത്തിനു വേണ്ടി ബിജെപിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി നിധിൻ പട്ടേൽ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

ശനിയാഴ്ചത്തെ ശക്തിപ്രകടനം കോൺഗ്രസ് നേതൃത്വവുമായുള്ള അവസാനത്തെ വിലപേശലായാണു രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്. പഴയ ബിജെപിക്കാരനായ വഗേല തിരിച്ചുപോക്കിന് ഒരുങ്ങുന്നതായി ഒളിഞ്ഞും െതളിഞ്ഞും സൂചനകൾ നേരത്തേ നൽകിയിരുന്നു.