Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രപതി സ്ഥാനാർഥി: ദലിത് കാർഡ് പുറത്തെടുക്കാൻ വൈകിയതിൽ പരിതപിച്ച് കോൺഗ്രസ്

rashtrapathi-bhavan

ന്യൂഡൽഹി ∙ ബിജെപി ചെയ്യാൻ പോകുന്നതു പ്രതിപക്ഷം മുന്നിൽ കണ്ടതാണ്. അവർ ദലിത് സ്ഥാനാർഥിയെ രംഗത്തിറക്കാനുള്ള സാധ്യത പ്രതിപക്ഷ നേതാക്കളുടെ കൂടിക്കാഴ്ചയിൽ പല വട്ടം ചർച്ചാവിഷയമായി. എങ്കിലും ഒരു മുഴം മുന്നേ എറിയാനായില്ല. ബിജെപി ആദ്യ കാർഡിറക്കിയതിനു പിന്നാലെ കോൺഗ്രസ് ആസ്ഥാന‌ത്തു കേട്ട പ്രധാന ചോദ്യമിതായിരുന്നു: ആ ബുദ്ധി ‌ആദ്യം നമുക്കു തോന്നാഞ്ഞതെന്ത്? തീരുമാനമെടുക്കാൻ വൈകുന്ന പാർട്ടി നേ‌‌തൃത്വത്തിനെതിരായ വിമർശനം കൂടിയായിരുന്നു അത്.

യുപിയിൽ നിന്നുള്ള ദലിത് നേതാവിനെ രാഷ്ട്രപതി സ്ഥാനാർഥിയാ‌ക്കിയതു വഴി പ്രതിപക്ഷ നിരയെ ഭി‌ന്നിപ്പിക്കുന്നതിൽ കൂടി ബിജെപി വിജയിച്ചു. യുപിയിലെ പ്രാദേശിക പ്രമുഖരായ ബിഎസ്പിയുടെയും എസ്പിയുടെയും പിന്തുണ അവർ ഒറ്റയടിക്കു നേടി. പ്രതിപക്ഷനിരയിലെ വമ്പന്മാരായ ജെഡിയുവിന്റെ സഹാനുഭൂതിയും സമ്പാദിച്ചു.

നാളെ ബദൽ തന്ത്രം മെനയാൻ കളത്തിലിറങ്ങും മുൻപേ ഒന്നിലേറെ ഗോളിനു പിന്നിലായ നിലയിലാണു പ്രതിപക്ഷം. ബിജെപിയുടെ ദലിത് നേതാവിനെ എതിർക്കണമെങ്കിൽ യോഗ്യനായ പകരക്കാൻ വേണം. അദ്ദേഹത്തിനു പ്രതിപക്ഷനിരയിലെങ്കിലും പൊതുസ്വീകാര്യതയുണ്ടാവുകയും വേണം. 

ഇതേസമയം, യുപിയിൽ ബിജെപി നേരിടുന്ന തീവ്രരാഷ്ട്രീയ സ‌മ്മർദമാണു സ്ഥാനാർഥി പ്രഖ്യാപനത്തിൽ കാണുന്നതെന്നായിരുന്നു കോൺഗ്രസ് വക്താവ് ആർ.പി.എൻ. സിങ്ങിന്റെ അഭിപ്രായം. 2019ലെ പൊ‌തു ‌തിരഞ്ഞെടുപ്പിൽ യുപിയിൽ മികച്ച വിജയം ലഭിക്കുന്നില്ലെങ്കിൽ മോദി ദുർബലനാകും. കഴിഞ്ഞ തവണ നേടിയ എഴുപതിലേറെ സീറ്റുകൾ കുറയുന്നതിന് ആനുപാതികമായി സമ്മർദമേറുമെന്നതു മുന്നിൽ കണ്ടുള്ള നീക്കമാണിത് – അദ്ദേഹം വ്യാഖ്യാനിച്ചു. 

പല വട്ടം കൂടിയാലോചിച്ചിട്ടും ആദ്യ ചുവടു വയ്ക്കാതിരുന്നതിനെ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിനോടാണു മറ്റൊരു കോൺഗ്രസ് നേതാവ് ഉപമിച്ചത്: ടോസിലൂടെ ഭാഗ്യം തുണച്ചിട്ടും പ്രതിപക്ഷം അവസരം കൈവിട്ടു. ആദ്യം ദലിത് ‌സ്ഥാനാർഥിയെ പ്രഖ്യാപിച്ചതു പ്രതിപക്ഷമാണെങ്കിൽ അത്, ഒരു പക്ഷേ, ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കും പോലൊരു തീരുമാനമാകുമായിരുന്നു!

ഭരണകക്ഷി സ്ഥാനാർഥി വിജയം ഏറെക്കുറെ ഉറപ്പാക്കിയതോടെ, പ്രതീകാത്മക മത്സരത്തിനുള്ള സാധ്യതയാണു കോൺഗ്രസ് തേടുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾക്കപ്പുറം, അടുത്ത പൊതു തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ പ്രതിപക്ഷ കൂട്ടായ്മയ്ക്കായുള്ള ചുവടായും അവർ ഇതിനെ കാണുന്നു. നാളത്തെ യോഗത്തിൽ കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്നതും ഈ ആശയമാവും.