Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാജ്‌പേയിയുടെ പോർച്ചുഗൽ സന്ദർശനം മോദി വിസ്മരിച്ചത് ‘ചരിത്രപരമായ വിഡ്ഢിത്തം’

AFP_PV9Y3

ന്യൂഡൽഹി ∙ ചില കാര്യങ്ങൾ ആദ്യമായി ചെയ്യുന്നയാളാണു താനെന്ന് അവകാശപ്പെടുമ്പോൾ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി എ.ബി.വാജ്‌പേയി ചെയ്‌ത കാര്യങ്ങൾ പോലും മറന്നുപോകുന്നു?

കഴിഞ്ഞ ദിവസം പോർച്ചുഗൽ സന്ദർശിച്ചപ്പോഴാണ് ഇന്ത്യയുടെ മറ്റൊരു പ്രധാനമന്ത്രിയും പോർച്ചുഗലിലേക്ക് ഉഭയകക്ഷി സന്ദർശനം നടത്തിയിട്ടില്ലെന്നും അതു തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും മോദി പ്രസ്‌താവിച്ചത്. എന്നാൽ, 2000 ജൂൺ 27 മുതൽ 29 വരെ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി പോർച്ചുഗൽ സന്ദർശിച്ചിരുന്നുവെന്നാണു പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നു തന്നെ ലഭ്യമാകുന്ന രേഖകൾ വ്യക്‌തമാക്കുന്നത്.

ഇന്ത്യ–യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്കും ഇന്ത്യ–പോർച്ചുഗൽ ഉഭയകക്ഷി ചർച്ചകൾക്കുമാണു വാജ്‌പേയി പോർച്ചുഗലിന്റെ തലസ്‌ഥാനമായ ലിസ്‌ബൺ സന്ദർശിച്ചത്. അന്നത്തെ സന്ദർശനത്തിനുശേഷം മാധ്യമങ്ങൾക്കു നൽകിയ പ്രസ്താവനയിൽ, താൻ പോർച്ചുഗലിൽ നടത്തിയ ഉഭയകക്ഷി ചർച്ചകളെക്കുറിച്ചു വാജ്‌പേയി തന്നെ വിശദീകരിച്ചിരുന്നു.

പോർച്ചുഗൽ പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുമായി ഇരുകൂട്ടർക്കും താൽപര്യമുള്ള ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങൾ ചർച്ചചെയ്‌തതായി വാജ്‌പേയി വ്യക്‌തമാക്കി. യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്‌ക്കു സ്‌ഥിരാംഗത്വം നൽകുന്നതിനെയും രാജ്യാന്തര ഭീകരവാദത്തിനെതിരെ സമഗ്രധാരണ വേണമെന്ന ഇന്ത്യൻ നിലപാടിനെയും പോർച്ചുഗൽ പിന്തുണയ്‌ക്കുന്നതായി വാജ്‌പേയി അന്നു പറഞ്ഞു.

വിവരസാങ്കേതികവിദ്യാ രംഗത്തു ജോയിന്റ് വർക്കിങ് ഗ്രൂപ്പ് ഉണ്ടാക്കാൻ ഇന്ത്യയും പോർച്ചുഗലുമായി ധാരണയായെന്നും ഉഭയകക്ഷി നിക്ഷേപ സംരക്ഷണ കരാർ (ബിഐപിഎ) ഒപ്പുവച്ചെന്നും വാജ്‌പേയി തന്നെ വെളിപ്പെടുത്തി. പോർച്ചുഗൽ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും ഇന്ത്യ സന്ദർശിക്കാൻ വാജ്‌പേയി ക്ഷണിക്കുകയും ചെയ്‌തു.

ഇരുരാജ്യങ്ങളും തമ്മിൽ ചരിത്രപരമായി ആഴമേറിയതും സാമ്പത്തികമേഖലയിൽ ശക്‌തമേറിയതുമായ ബന്ധമുള്ളതുകൊണ്ടു തന്നെ മറ്റൊരു പ്രധാനമന്ത്രിയും പോർച്ചുഗലിൽ ഉഭയകക്ഷി സന്ദർശനം നടത്തിയില്ലെന്നതു തന്നെ അദ്ഭുതപ്പെടുത്തുന്നു എന്നാണു മോദി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ, ഗോവയുടെ പേരിൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന തർക്കങ്ങളും സംഘർഷങ്ങളും മറന്നുകൊണ്ടുള്ളതാണ് ഈ പരാമർശമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ഇരുരാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധംപോലും 1955ൽ നിർത്തിവച്ചിരുന്നു. 1974ൽ മാത്രമാണു ബന്ധം പുനരാരംഭിച്ചത്. ഗോവ വിഷയത്തിൽ നാറ്റോയെ ഇടപെടുത്താൻപോലും പോർച്ചുഗൽ ശ്രമിച്ചു. പോർച്ചുഗീസുകാർക്കെതിരായ ചെറുത്തുനിൽപിൽ ആർഎസ്‌എസ് ഉൾപ്പെടെയുള്ള സംഘടനകൾ പങ്കുവഹിച്ചതുമാണ്. ലിസ്‌ബൺ സന്ദർശിച്ചതിനെക്കുറിച്ചുള്ള പ്രസ്‌താവനയിൽ വാജ്‌പേയി ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന അസുഖകരമായ ബന്ധത്തിന്റെ കാലം സൂചിപ്പിച്ചുവെന്നതും ശ്രദ്ധേയമാണ്.

related stories