Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും അക്രമം: ഡാർജിലിങ്ങിൽ സൈന്യത്തെ പുനർവിന്യസിച്ചു

09-Darjeeling-fire

ഡാർജിലിങ്∙ യുവാവിന്റെ മരണത്തെ തുടർന്നു സൊനാഡയിലുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിൽ ഡാർജിലിങ് മേഖലയിൽ സൈന്യത്തെ പുനർവിന്യസിച്ചു. സുരക്ഷാ ഭടൻമാരുടെ വെടിവയ്പിലാണു മരുന്നു വാങ്ങാനിറങ്ങിയ തഷി ഭൂട്ടിയ മരിച്ചതെന്നാരോപിച്ചു ഗൂർഖാലാൻഡ് അനുകൂലികൾ പൊലീസ് ഔട്പോസ്റ്റിനും പൈതൃക റെയിൽവേ സ്റ്റേഷനും തീയിട്ടു.

ഗൂർഖ ജൻമുക്തി മോർച്ച (ജിജെഎം), ഗൂർഖ നാഷനൽ ലിബറേഷൻ ഫ്രണ്ട് (ജിഎൻഎൽഎഫ്) പ്രവർത്തകർ സൊനാഡയിലും ചൗക്ബസാറിലും പൊലീസുമായി ഏറ്റുമുട്ടിയതോടെ പർവതപട്ടണം തുടർച്ചയായ ഇരുപത്തിനാലാം ദിവസവും നിശ്ചലമായി. നൂറോളം സൈനികരെയാണു വിന്യസിച്ചിരിക്കുന്നത്.

ഭൂട്ടിയയെ വെടിവച്ചു കൊന്നതാണെന്നു ജിഎൻഎൽഎഫ് വക്താവ് നീരജ് സിംബ ആരോപിച്ചു. മൃതദേഹത്തിൽ വെടിയേറ്റ പാടുകളുണ്ടെന്നു ജിജെഎം നേതാവ് ബിനയ് തമാങ് പറഞ്ഞു. എന്നാൽ, വെടിവയ്പു സംബന്ധിച്ച റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നാണു പൊലീസ് നിലപാട്.

ഇതിനിടെ, സമാധാനത്തിന്റെ വഴിയിലേക്കു തിരിച്ചെത്തണമെന്നും സർക്കാരുമായി ചർച്ചയ്ക്കു തയാറാകണമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. അന്വേഷണ കമ്മിറ്റിയെ നിയമിക്കുമെന്നും മമത പറഞ്ഞു.

ബസിർഹട്ട് കലാപത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം: മമത

കൊൽക്കത്ത∙ നോർത്ത് 24 പർഗാന ജില്ലയിൽ ബസിർഹട്ട് മേഖലയിലെ കലാപത്തെക്കുറിച്ചു ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നു മമത ബാനർജി. പത്താം ക്ലാസ് വിദ്യാർഥിയുടെ ഫെയ്സ്ബുക് പോസ്റ്റാണു കലാപത്തിനു തുടക്കമിട്ടത്. വിദ്യാർഥിയെ പിന്നീടു പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ടു പൊലീസ് സൂപ്രണ്ട് ഭാസ്കർ മുഖർജിയെ മാറ്റി സി.സുധാകർ റാവുവിനെ പകരം നിയമിച്ചു. ഇതിനു പുറമേ പത്ത് ഐപിഎസ് ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. ഇതിനിടെ, നിരോധനാജ്ഞ ലംഘിച്ചു കലാപമേഖല സന്ദർശിക്കാനെത്തിയ ബിജെപി എംപിമാരായ മീനാക്ഷി ലേഖി, ഓം മാഥൂർ, സത്യപാൽസിങ് എന്നിവരെ പൊലീസ് തടഞ്ഞു.

ബലം പ്രയോഗിച്ചു കടക്കാൻ ശ്രമിച്ച ഇവരെ അറസ്റ്റ് ചെയ്തുനീക്കി.