Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രപതി ഭവനിലേക്ക് ആദ്യ ബിജെപി നേതാവ്

ന്യൂഡൽഹി ∙ രാഷ്ട്രപതിഭവനിലെത്തുന്ന ആദ്യ ബിജെപി നേതാവാകും റാം നാഥ് കോവിന്ദ്. രാഷ്ട്രപതിയെ ബിജെപിക്കുതന്നെ നാമനിർദേശം ചെയ്യാൻ കഴിഞ്ഞതും അതു ദലിത് സമുദായത്തിൽനിന്നായതും വലിയ അംഗീകാരമാണെന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ ഇന്നലെ ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു. 

2002ൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരാണ് എ.പി.ജെ.അബ്ദുൽ കലാമിനെ രാഷ്ട്രപതിയായി നാമനിർദേശം ചെയ്തതെങ്കിലും അദ്ദേഹത്തിനു രാഷ്ട്രീയപശ്ചാത്തലം ഉണ്ടായിരുന്നില്ല. അന്നു കലാമിനെ കോൺഗ്രസും പിന്തുണച്ചിരുന്നു. ഇന്നുള്ള അംഗബലം ബിജെപിക്ക് അന്നില്ലാതിരുന്നതിനാൽ, കലാമിനെപ്പോലെ പൊതുസ്വീകാര്യനായ ഒരാളെ നാമനിർദേശം ചെയ്യാതെ നിവൃത്തിയില്ലായിരുന്നു.

ഉപരാഷ്ട്രപതിയായിരുന്ന ബിജെപി മുതിർന്ന നേതാവ് ഭൈറോൺ സിങ് ഷെഖാവത്തിനെ 2007ൽ ബിജെപി രാഷ്ട്രപതി സ്ഥാനാർഥിയാക്കിയെങ്കിലും യുപിഎയുടെ പ്രതിഭാ പാട്ടീലിനോടു പരാജയപ്പെട്ടു. 2012ൽ പ്രണബ് മുഖർജിക്കെതിരെ ബിജെപി പിന്തുണച്ചതു മുൻ ലോക്‌സഭാ സ്പീക്കർ പി.എ.സാങ്മയെയാണ്.

ഇത്തവണ സഖ്യകക്ഷികൾ അടക്കം എല്ലാവരുടെയും വോട്ടുകളും ബിജെഡി, ജെഡിയു എന്നിവ അടക്കം പല എതിർകക്ഷികളുടെ പിന്തുണയും ലഭിച്ചു.

related stories