Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണ്ണൻ–തമ്പി കൈകോർത്തു; പനീർസെൽവം ഉപമുഖ്യമന്ത്രി

chennai-governor കേന്ദ്ര ഇടപെടൽ: ചെന്നൈ രാജ്ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം തമിഴ്നാട് ഉപമുഖ്യമന്ത്രി പനീർസെൽവവും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും തമ്മിൽ ഹസ്തദാനത്തിനു ഫൊട്ടോഗ്രഫർമാരുടെ അഭ്യർഥന. പനീർസെൽവം കൈനീട്ടി. പളനിസാമി ഒരു നിമിഷം വൈകി. ഇവരുടെ നടുവിലുണ്ടായിരുന്ന ഗവർണർ സി. വിദ്യാസാഗർ റാവു രണ്ടു പേരുടെയും കൈ ചേർത്തു വച്ച് ‘ലയനം’ അരക്കിട്ടുറപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ സമ്മർദത്തിനു വഴങ്ങിയാണു ലയനമെന്ന വാദത്തിനിടെ, കേന്ദ്ര പ്രതിനിധിയായ ഗവർണറുടെ ഇടപെടൽ കൗതുകമായി. ചിത്രം: വിബി ജോബ്

ചെന്നൈ ∙ മൂന്നു തവണ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ഒ. പനീർസെൽവം ഇനി ഉപമുഖ്യമന്ത്രി; ഒപ്പം അണ്ണാ ഡിഎംകെ ഏകോപനസമിതി കൺവീനറും. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണു കോ കൺവീനർ. ‘അണ്ണൻ’ പാർട്ടിയെയും ‘തമ്പി’ സർക്കാരിനെയും നയിക്കുകയെന്ന ഫോർമുലയോടെയാണ് ഇരുവിഭാഗങ്ങളുടെയും ലയനം. എന്നാൽ 18 എംഎൽഎമാരുമായി ടി.ടി.വി. ദിനകരൻ ഇടഞ്ഞുനിൽക്കുന്നതു പാർട്ടിയെ അടുത്ത പ്രതിസന്ധിയിലേക്കു നയിക്കുന്നു.

ജയലളിത സർക്കാരിൽ വഹിച്ചിരുന്ന ധനവകുപ്പും പനീർസെൽവത്തിനു ലഭിച്ചു. അദ്ദേഹത്തിന്റെ പക്ഷത്തെ കെ.പാണ്ഡ്യരാജനും മന്ത്രിയായി. ഏകോപനസമിതിയിൽ പള‌നിസാമി പക്ഷത്തിന് എട്ടും പനീർസെൽവം പക്ഷത്തിന് ഏഴും അംഗങ്ങൾ.

അതേസമയം, ദിനകരപക്ഷത്തെ 18 എംഎൽഎമാർ ഇന്നു ഗവർണർ സി. വിദ്യാസാഗർറാവുവിനെ കാണുമെന്ന് അറിയിച്ചു. പനീർസെൽവത്തിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് ബഹിഷ്കരിച്ച ഇവർ പിന്നീട് ജയ സമാധി സന്ദർശിച്ചു. 19 എംഎൽഎമാർ പിന്തുണ പിൻവലിച്ചാൽ സർക്കാർ ന്യൂനപക്ഷമാകും.

ബിജെപി ആശീർവാദത്തോടെ നടന്ന പളനിസാമി–പനീർസെൽവം ലയനം, അണ്ണാ ഡിഎംകെയ്ക്ക് എൻഡിഎയിലേക്കും കേന്ദ്ര മന്ത്രിസഭയിലേക്കും വഴി തുറക്കാനിരിക്കെയാണു ദിനകരന്റെ ഇടങ്കോൽ. നാളെ നടത്താനിരുന്ന എംജിആർ ജന്മശതാബ്ദി റാലി ദിനകരൻ മാറ്റിവച്ചു. ശശികലയെ ജനറൽ സെ‌ക്രട്ടറി സ്ഥാനത്തുനിന്നു പുറത്താക്കാൻ ജനറൽ കൗൺസിൽ ഉടൻ ചേരാനാണു പനീർസെൽവം, പളനിസാമി പക്ഷങ്ങൾ തമ്മിലുള്ള ധാരണ. ജനറൽ സെക്രട്ടറി പദം ജയലളിതയുടെ ഓർമയ്ക്കായി മാറ്റിവയ്ക്കും.

അതേസമയം, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ഇന്നുമുതലുള്ള തമിഴ്നാട് സന്ദർശനം മാറ്റിവച്ചു. കേന്ദ്രമന്ത്രിസഭാ വികസന ചർച്ചകൾ കാരണമാണിതെന്ന് അറിയുന്നു. അണ്ണാ ഡിഎംകെയിൽനിന്ന് വി.മൈത്രേയൻ, ഡോ.ജയവർധൻ, മനോജ് പാണ്ഡ്യൻ എന്നിവരെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നാണു സൂചന.