Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പളനിസാമിയെ മാറ്റണം: ഗവർണറോട് 19 ദിനകരപക്ഷ എംഎൽഎമാർ

Edappadi K. Palaniswami

ചെന്നൈ ∙ അണ്ണാ ഡിഎംകെയിൽ അണ്ണനും തമ്പിയും കൈകോർത്തപ്പോൾ ദിനകരൻ ഇടഞ്ഞു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു ദിനകരപക്ഷത്തെ 19 എംഎൽഎമാർ ഗവർണർ സി.വിദ്യാസാഗർ റാവുവിനെ കണ്ടു. പാർട്ടി ചിഹ്നത്തിൽ ജയിച്ച മൂന്നു സ്വതന്ത്രരും ‌പിന്തുണ അറിയിച്ചതോടെ ദിനകരപക്ഷത്ത് 22 പേരായി. ഇവരിൽ 17 പേരെ പുതുച്ചേരിയിലെ റിസോർട്ടിലേക്കു ‌മാറ്റുകയും ചെയ്തു.

വി‌ശ്വാസവോട്ട് തേടാൻ സർക്കാരിനോടു നിർദേശിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് എം.കെ.സ്റ്റാലിൻ ഗവർണർക്കു കത്തയച്ചു. നിലവിൽ 113 എംഎൽഎമാരുടെ മാത്രം പിന്തുണയുള്ള പളനിസാമി സർക്കാർ വിശ്വാസ വോട്ട് തേടേണ്ടിവന്നാൽ പ്രതിസന്ധിയിലാകും. ഡൽഹിയിലേക്കു പോയ ഗവർണർ സ്ഥിതിഗതികൾ കേന്ദ്ര സർക്കാരിനെ ധരിപ്പിച്ചു.‌ വിശ്വാസവോട്ട് തേടാൻ ഗവർണർ ആവശ്യപ്പെട്ടില്ലെങ്കിൽ പോലും പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരാമെന്ന ഭീഷണിയുണ്ട്.

പളനിസാമി സർക്കാർ വിശ്വാസ വോട്ട് നേടിയിട്ട് ഈ മാസം 18ന് ആറുമാസം പൂർത്തിയായതിനാൽ ഏതു നിമിഷവും അവിശ്വാസ പ്രമേയം കൊണ്ടുവരാം. മന്ത്രിമാർ ഉൾപ്പെടെ ഏതാനും എംഎൽഎമാർ കൂടി മറുപക്ഷത്തെത്തുമെന്നു സൂചനയുണ്ടെങ്കിലും സ്ഥിരീകരണമില്ല. സ്പീക്കർ പി.ധനപാലിനെ മുഖ്യമന്ത്രിയാക്കിയാൽ പി‌ന്തുണയ്ക്കാമെന്നു ശശികലയുടെ സഹോദരൻ ദിവാകരൻ അറിയിച്ചു. ഔദ്യോഗികപക്ഷത്തു വിള്ളൽ സൃഷ്ടിക്കാനുള്ള തന്ത്രമാണിതെന്നു സൂചനയുണ്ട്.

അതിനിടെ, രാജ്യസഭാ എംപി വൈദ്യലിംഗത്തെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി ദിനകരൻ പ്രഖ്യാപിച്ചു. ശശികലയെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു മാ‌റ്റാൻ ജനറൽ ‌കൗൺസിൽ യോഗം വിളിക്കുമെന്നു കഴിഞ്ഞദിവസം വൈദ്യലിംഗം മാധ്യമപ്രവർത്തകരോടു പറഞ്ഞതാണു കാരണം. ദിനകരന്റെയും വൈദ്യലിംഗത്തിന്റെയും അനുയായികൾ തഞ്ചാവൂരിൽ ഏറ്റുമുട്ടിയതോടെ പാർട്ടിയിലെ തർക്കം തെരുവിലുമെത്തി.

മുഖ്യമന്ത്രിയെ മാറ്റണമെന്നല്ലാതെ സർക്കാർ വിശ്വാസവോട്ട് തേടണമെന്നോ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്നോ എംഎൽഎമാർ ഗവർണർക്കു നൽകിയ കത്തിൽ പറയുന്നില്ല. ശശികലയുടെയും ദിനകരന്റെയും പാർട്ടി പദവികൾ സംരക്ഷിക്കാനുള്ള സമ്മർദ തന്ത്രമാണിതെന്നു വിലയിരുത്തലുണ്ട്.