Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജീവ് ഗാന്ധി വധം: 26 വർഷത്തിനു ശേഷം പേരറിവാളന് പരോൾ

Perarivalan

ചെന്നൈ∙ രാജീവ് ഗാന്ധി വധക്കേസിൽ  ജീവപര്യന്തം തടവു ശിക്ഷയനുഭവിക്കുന്ന എ.ജി.പേരറിവാളന് 26 വർഷത്തിനിടെ ആദ്യമായി പരോൾ അനുവദിച്ചു. പിതാവിന്റെ ചികിൽസയുമായി ബന്ധപ്പെട്ടാണ് ഒരുമാസത്തെ അവധി. അമ്മ അർപുതമ്മാളിന്റെ അപേക്ഷ പരിഗണിച്ചാണു തമിഴ്നാട് സർക്കാർ നടപടി. രാത്രി വെല്ലൂർ ജയിലിൽ നിന്നു പുറത്തിറങ്ങിയ പേരറിവാളൻ കുടുംബാംഗങ്ങൾക്കൊപ്പം ജോ‌ലാർപേട്ടിലെ വസതിയിലേക്കു പോയി.

അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയശേഷമാണു പരോൾ തീരുമാനമെടുത്തതെന്നു സർക്കാർ അറിയിച്ചു. നാട്ടിൽ പേരറിവാളനു കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തും. രാജീവ് ഗാന്ധി വധക്കേസിൽ ബോംബുണ്ടാക്കാനുള്ള ബാറ്ററി വാങ്ങി മുഖ്യപ്രതി ശിവരശനു കൈമാറിയെന്നാണു പേരറിവാളനെതിരെയുള്ള കുറ്റം. എന്നാൽ, പേരറിവാളന്റെ മൊഴി മാറ്റി കേസിൽ കുടുക്കുകയായിരുന്നുവെന്നു സിബിഐ മുൻ എസ്പി ത്യാഗരാജൻ നേരത്തേ വെളിപ്പെടുത്തിയിരുന്നു. 19–ാം വയസ്സിൽ ജയിലിലായ പേര‌റിവാളന് ഇപ്പോൾ വയസ്സ് 45. ജയിൽ ജീവിതത്തിനിടെ 91% മാർക്കോടെ പ്ലസ്ടുവും സ്വർണ മെഡലോടെ ഡിടിപി ഡിപ്ലോമ കോഴ്സും വിജയിച്ചു. മകൻ ഉൾപ്പെടെ കേസിലെ പ്ര‌തികളുടെ മോചനം ആവ‌ശ്യപ്പെട്ട് ‌അർ‍പുതമ്മാൾ നടത്തിയ പോരാട്ടം ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു.