Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊബൈൽ ബാലൻസ് ചോർത്തും; ഭീഷണിയായി പുതിയ മാൽവെയർ

malware-attack

ന്യൂഡൽഹി ∙ മൊബൈൽ ഫോൺ അക്കൗണ്ടിലെ ബാലൻസ് തുക ഉടമയറിയാതെ തട്ടിയെടുക്കുന്ന മാൽവെയർ കണ്ടെത്തിയതായി സൈബർ സുരക്ഷാ സ്ഥാപനമായ കാസ്പെർസ്കിയുടെ റിപ്പോർട്ട്. ഈ മാൽവെയറിന്റെ ആക്രമണത്തിനിരയായതിൽ 40 ശതമാനം ഫോണുകളും ഇന്ത്യയിലാണ്. 

ഓൺലൈൻ ബാങ്കിങ്ങിനു പകരം ലോഗിൻ പോലും ആവശ്യമില്ലാതെ മൊബൈൽ അക്കൗണ്ട് ബാലൻസിൽനിന്നു പണം കൈമാറാൻ കഴിയുന്ന ഓപ്പറേറ്റർ ബില്ലിങ് സേവനത്തെയാണു സേഫ്കോപ്പി (Xafecopy) എന്നറിയപ്പെടുന്ന മാൽവെയർ ആക്രമിക്കുന്നത്.

ബാറ്ററി മാസ്റ്റർ പോലെ നിരുപദ്രവകരമെന്നു തോന്നുന്ന മൊബൈൽ ആപ്പുകളിലൂടെയാണ് വൈറസ് പടരുന്നത്. ആപ് പ്രവർത്തിക്കുന്നതോടെ ഉടമയറിയാതെ ഓപ്പറേറ്റർ ബില്ലിങ് വഴി പണം നഷ്ടമാകുന്നു. 

അജ്ഞാതമായ പല സേവനങ്ങളും തനിയെ സബ്സ്ക്രൈബ് ചെയ്യുകയാണു രീതി. 47 രാജ്യങ്ങളിലായി 4,800 ഉപയോക്താക്കളെ ഇതു ബാധിച്ചതായാണു സൂചന. വിശ്വാസയോഗ്യമല്ലാത്ത മൊബൈൽ ആപ്പുകൾ ഉപയോഗിക്കരുതെന്ന് കാസ്പെർസ്കി മുന്നറിയിപ്പു നൽകി.