Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാട് എംഎൽഎമാരുടെ അയോഗ്യത: ഇനി, നിയമപ്പോര്

ന്യൂഡൽഹി∙തമിഴ്നാട്ടിൽ  സ്പീക്കർ അയോഗ്യരാക്കിയ 18 എംഎൽഎമാർ ഹൈക്കോടതിയെ സമീപിച്ചതോടെ രാഷ്ട്രീയ യുദ്ധം നിയമക്കളത്തിലേക്ക് വഴിമാറുന്നു.  മറ്റു സംസ്ഥാനങ്ങളിൽ സ്പീക്കറുടെ തീരുമാനത്തെ കോടതി ശരിവയ്ക്കുകയും തള്ളിക്കളയുകയും ചെയ്ത ചരിത്രമുണ്ട്.

രാഷ്ട്രീയപ്രതിസന്ധി രൂക്ഷമാവുകയും എം എൽ എമാരെ സ്പീക്കർ അയോഗ്യരാക്കുകയും ചെയ്തതിനു പിന്നാലെ ഗവർണർ വിദ്യാസാഗർ റാവു ഇന്നലെ ഡൽഹിയിലെത്തി രാഷ്ട്രപതി റാം നാഥ് കോവിന്ദിനെയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെയും കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലിയെയും കണ്ടു.

1986ലെ കൂറുമാറ്റനിരോധന നിയമ പ്രകാരമാണ് എംഎൽഎമാരെ അയോഗ്യരാക്കിയിരിക്കുന്നത്. എന്നാൽ 18 എം എൽ. എമാരും അണ്ണാഡിഎംകെ വിട്ടു പോയിട്ടില്ല. അവർ വേറെ പാർട്ടിയിൽ ചേരുകയോ പുതിയ പാർട്ടി ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. വിപ് ലംഘിച്ചിട്ടില്ല. ഈ നിലയ്ക്ക്   പുറത്താക്കലിന് ഒരു ന്യായീകരണമില്ലെന്നാണു എംഎൽഎമാരുടെ വാദം. 

കർണാടകയിൽ സംഭവിച്ചത്

കർണാടകയിൽ 2010ൽ  ബിജെപിയിലെ 11 അംഗങ്ങൾ ഉൾപ്പെടെ 16 എംഎൽഎമാർ മുഖ്യമന്ത്രി യെഡിയൂരപ്പയെ മാറ്റണമെന്നാവശ്യപ്പെട്ടു. ഇവരെ വിശ്വാസവോട്ടെടുപ്പിനുമുൻപേ സ്പീക്കർ കെ.ജി.ബൊപ്പയ്യ പുറത്താക്കി. എന്നാൽ, സുപ്രീംകോടതി 2011ൽ കർണാടക സ്പീക്കറുടെ നടപടി അസാധുവാണെന്നു വിധിച്ചു. 

തെലങ്കാനയിൽ തിരിച്ച്

2014ൽ തെലങ്കാനയിൽ തെലുങ്കുദേശത്തിലെ എംഎൽഎമാർ ഓരോരുത്തരായി കൂറുമാറി ടിആർഎസിൽ ചേർന്നു. 15 തെലുങ്കുദേശം എംഎൽഎമാരിൽ 12 പേരും ടിആർഎസിലായി. സ്പീക്കർ അനങ്ങിയില്ല. ഇതിനെതിരെ പ്രതിപക്ഷം ഹൈക്കോടതിയെ സമീപിച്ചു. വിധി വന്നിട്ടില്ല.  

ആന്ധ്രയിലും തഥൈവ

ആന്ധ്രപ്രദേശിൽ തെലുങ്കുദേശത്തിന്റെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രതിപക്ഷത്തെ വൈഎസ്ആർ കോൺഗ്രസിനെ പിളർത്തി 21 എംഎൽഎമാരെ തന്റെ പാർട്ടിയിലേക്കു കൊണ്ടുവന്നു നിയമസഭാ സ്പീക്കർ നടപടിയെടുത്തില്ല. ഇതിനെതിരെ കോൺഗ്രസും വൈഎസ്ആർ കോൺഗ്രസും ഹൈദരാബാദ് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും തീരുമാനമായിട്ടില്ല. 

ഉത്തരാഖണ്ഡിൽ

ഉത്തരാഖണ്ഡിൽ 2016ൽ  കോൺഗ്രസ് വിമതൻമാർ കൂറുമാറിയതോടെ സർക്കാരിനു ഭൂരിപക്ഷം നഷ്ടമായി. പിന്നാലെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഒടുവിൽ കോൺഗ്രസ് സർക്കാർ പുനഃസ്ഥാപിക്കാനായിരുന്നു സുപ്രീംകോടതി ഉത്തരവ്. 

ബൊമ്മൈ കേസിന്റെ വിധി 

1994ലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ് ഇക്കാര്യത്തിൽ ഏറ്റവും ആധികാരികം. 1989ൽ കർണാടകയിലെ എസ്.ആർ. ബൊമ്മൈ കേസിലെ വിധിയാണ് ഇത്തരം സാഹചര്യങ്ങളിൽ അടിസ്ഥാനമാക്കേണ്ടതെന്നാണു സുപ്രീംകോടതി വിധിച്ചത്. ഒരു സർക്കാരിന്റെ ഭൂരിപക്ഷം സംശയത്തിലായാൽ സഭയ്ക്കുള്ളിൽ വോട്ടെടുപ്പ് നടത്തണമെന്നാണു ബൊമ്മൈ കേസിന്റെ വിധി.

സ്പീക്കറുടെ നില: നിഷ്പക്ഷതയെ ചോദ്യം ചെയ്തിട്ടില്ല

തമിഴ്നാട് നിയമസഭയിൽ സ്പീക്കർ സി. ധനപാലിനെതിരെ അവിശ്വാസ പ്രമേയമൊന്നും എതിർ പക്ഷമോ 18 എം എൽഎമാരോ നൽകിയിട്ടില്ല. സ്പീക്കറുടെ നിഷ്പക്ഷതയെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നു ചുരുക്കം. മുൻപ് അരുണാചൽ പ്രദേശിൽ കോൺഗ്രസ് മന്ത്രി സഭക്കെതിരെ കോൺഗ്രസ്സുകാർ തന്നെ ബിജെപിയുമായി ചേർന്ന് അട്ടിമറിശ്രമം നടത്തിയപ്പോൾ ആദ്യം സ്പീക്കർക്കെതിരെ അവിശ്വാസം കൊണ്ടു വന്നിരുന്നു. സ്പീക്കറുടെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെട്ട സ്ഥിതിക്ക് അക്കാര്യത്തിൽ തീർപ്പുണ്ടാകാതെ ഏതാനും അംഗങ്ങളെ പുറത്താക്കാനും  സഭ വിളിച്ചു കൂട്ടാനും സ്പീക്കർ മുതിർന്നതു ശരിയായില്ലെന്നായിരുന്നു ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും  നിലപാട്.  ആ നില വച്ചു നോക്കിയാൽ തമിഴ്നാട് സ്പീക്കറുടെ നിലപാടിനു കോടതിയിൽ സാധുത ലഭിക്കുമെന്നു കരുതാം.