Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനവില: കോൺഗ്രസ് പ്രക്ഷോഭത്തിന് തുടക്കം

ന്യൂഡൽഹി ∙ ഇന്ധന വിലവർധനയ്ക്കെതിരെ കോൺഗ്രസ് പ്രഖ്യാപിച്ച ദേശീയ പ്രക്ഷോഭ പരിപാടികൾക്കു തുടക്കം. വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രമുഖ നഗരങ്ങളിലും പ്രദേശിക കേന്ദ്രങ്ങളിലും വരുംദിവസങ്ങളിൽ പ്രക്ഷോഭവും ജനകീയ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. 

പാർട്ടി ഡൽഹി ഘടകത്തിന്റെ നേതൃത്വത്തിൽ തലസ്ഥാന    നഗരിയിൽ ഒരുക്കിയ മനുഷ്യച്ചങ്ങല മണ്ഡി ഹൗസ് മുതൽ പാർലമെന്റ് സ്ട്രീറ്റ് വരെ നീണ്ടു. ആയിരക്കണക്കിനാളുകൾ  ചങ്ങലയിൽ പങ്കുചേർന്നു. ഡൽഹി ഘടകം പ്രസിഡന്റ് അജയ് മാക്കൻ നേതൃത്വം നൽകി.  ഡൽഹിയുടെ ചുമതലയുള്ള എഐസിസി നേതാവ് പി.സി. ചാക്കോ പ്രസംഗിച്ചു. 

നികുതി നിരക്ക് ഉയർത്തിയ കേന്ദ്ര, ഡൽഹി സർക്കാരുകളുടെ നടപടിയാണു വിലവർധനയ്ക്കു വഴിയൊരുക്കിയതെന്നു മാക്കൻ കുറ്റപ്പെടുത്തി. കഴിഞ്ഞ മൂന്നര വർഷത്തിനിടെ നികുതി നിരന്തരം വർധിപ്പിച്ചതു വഴി ഇന്ധനവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. ഇന്ത്യയിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യുന്ന ശ്രീലങ്കയിൽ കുറഞ്ഞ നിരക്കിലാണ് വിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.