Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രീയം വോട്ടിനുവേണ്ടി ആകരുത്: നരേന്ദ്ര മോദി

Narendra Modi

ഷഹൻഷാപുർ ∙ ബിജെപിയുടെ രാഷ്ട്രീയം വോട്ടിനുവേണ്ടിയല്ലെന്നും രാജ്യത്തിന്റെ വികസനത്തിനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ലോക്സഭാ മണ്ഡലമായ വാരാണസി സന്ദർശനത്തിന്റെ രണ്ടാംദിനത്തിൽ പശു ആരോഗ്യമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. രാഷ്ട്രപുരോഗതിക്കുവേണ്ടിയാകണം ഭരണം. രാഷ്ട്രീയത്തിനോ തിരഞ്ഞെടുപ്പു വിജയത്തിനോ ആവരുത്. ആരോഗ്യമേളയിൽ കൊണ്ടുവന്ന പശുക്കൾക്കൊന്നും വോട്ടില്ല. അവർ ആരുടെയും വോട്ടർമാരല്ലെന്നും മോദി പറഞ്ഞു.

പശുക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലൂടെ പാലുൽപാദനം വർധിപ്പിക്കാനാകും. പശുവളർത്തൽ കർഷകർക്ക് അധിക വരുമാനത്തിനുള്ള മാർഗങ്ങളിലൊന്നാണ്. വാരാണസിയുടെ ശുചീകരണത്തിനായി 600 കോടി രൂപ ചെലവിൽ മാലിന്യ സംസ്കരണ പ്ലാന്റ് ഉൾപ്പെടെ പുതിയ പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പശു ആരോഗ്യമേളയ്ക്കു മുമ്പായി ഗോശാലയും പ്രധാനമന്ത്രി സന്ദർശിച്ചു. വാരാണസി സന്ദർശനത്തിന്റെ ആദ്യദിനം ആയിരം കോടി രൂപയ്ക്കു മുകളിൽ മുതൽമുടക്കുള്ള 17 അടിസ്ഥാന സൗകര്യ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.

ശുചീകരണം എനിക്ക് ഉപാസന: മോദി

ശുചീകരണം തനിക്ക് ഉപാസനയാണെന്നും രാജ്യത്തെ പാവപ്പെട്ടവരെ സേവിക്കാനുള്ള അവസരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഷഹൻഷാപുരിൽ പൊതുശുചിമുറിയുടെ തറക്കല്ലിടൽ നിർവഹിക്കുകയായിരുന്നു മോദി. പൊതുശുചിത്വം വർധിക്കുന്നതോടെ രോഗങ്ങളുടെ പിടിയിൽനിന്നു ഗ്രാമീണർക്കു മോചനമാകും. ചികിൽസയ്ക്കുവേണ്ടിയുള്ള സാമ്പത്തിക ബാധ്യതകളും ഒഴിവാകും. 

2022ൽ രാജ്യം 75–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ വീടില്ലാത്തവരായി ആരും ഉണ്ടാകരുത്. കോടിക്കണക്കിനു പുതിയ വീടുകളുണ്ടാക്കുന്നതു കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇത്തരം ശ്രമകരമായ ദൗത്യങ്ങൾ മോദി അല്ലാതെ മറ്റാര് ഏറ്റെടുക്കും – പ്രധാനമന്ത്രി ചോദിച്ചു.

related stories