Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനാ അതിർത്തിയിൽ ഇന്ത്യ സൈനിക ശേഷി വർധിപ്പിക്കും

INDIA NATHULA PASS

ന്യൂഡൽഹി ∙ ദോക് ലാ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ–ചൈനാ അതിർത്തി പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ കരസേനാ കമാൻഡർമാരുടെ യോഗം തീരുമാനിച്ചു. ചില സേനാവിഭാഗങ്ങളിൽ ആഭ്യന്തര മാറ്റങ്ങൾ വരുത്താനും എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചു. 4000 കിലോമീറ്റർ വരുന്ന അതിർത്തി പ്രദേശത്തു റോഡുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും വികസിപ്പിക്കാൻ ബോർഡർ റോഡ്സ് ഓർഗനൈസേഷനു കൂടുതൽ തുക അനുവദിക്കും. 2020 ആകുമ്പോഴേക്കും നാലു ചുരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുമെന്നു ഡയറക്ടർ ജനറൽ ഓഫ് സ്റ്റാഫ് ഡ്യൂട്ടീസ് ലഫ്. ജനറൽ വിജയ് സിങ് പറഞ്ഞു.

നീതി, ലിപുലേഖ്, താംഗ്ള ഒന്ന്, സാംഗ് ചോക്ക് ല എന്നിവയാണ് ഈ പാതകൾ. അതിർത്തിയിലെ പ്രധാന സെക്ടറുകളെയും സമീപ പ്രദേശങ്ങളെയും ബന്ധിപ്പിച്ചും റോഡുകൾ നിർമിക്കും. എല്ലാ സമയത്തും തയാറായിരിക്കാൻ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തും സദാ ജാഗരൂകരായിരിക്കാൻ പ്രതിരോധമന്ത്രി നിർമല സീതാരാമനും കമാൻഡർമാരോട് ആവശ്യപ്പെട്ടു. ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങുന്നതിലുള്ള കാലതാമസത്തിൽ ജനറൽ ബിപിൻ റാവത്ത് ഉത്കണ്ഠ രേഖപ്പെടുത്തി. ആയുധം വാങ്ങൽ പ്രക്രിയയിൽ മാറ്റം വരുത്തണമെന്നും അഭിപ്രായപ്പെട്ടു.

കരസേനയിലെ ജൂനിയർ കമ്മിഷൻഡ് ഓഫിസർമാരുടെയും മറ്റു റാങ്കുകളുടെയും കേഡർ റിവ്യൂ നടത്താനും തീരുമാനിച്ചു. കരസേനയിൽ സ്ഥാനക്കയറ്റം നടപ്പാക്കാൻ ശെഖാത്കർ കമ്മിറ്റി നിർദേശിച്ച ശുപാർശകൾ നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. കരസേനയുടെ കൈവശമുള്ള മിലിട്ടറി സ്റ്റേഷനുകളെ കേന്ദ്രസർക്കാരിന്റെ സ്മാർട് സിറ്റികൾക്കു തുല്യമായി വികസിപ്പിക്കാനും തീരുമാനിച്ചു. 58 സ്റ്റേഷനുകളെയാണ് ആദ്യപടിയായി വികസിപ്പിക്കുക. കരസേനയ്ക്കു 2000 മിലിട്ടറി സ്റ്റേഷനുകളാണുള്ളത്.