Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തടവിലുള്ള വിദേശ കപ്പൽ ജീവനക്കാർ: രണ്ടാഴ്ചയ്ക്കകം വിധി പറയണമെന്ന് സുപ്രീം കോടതി

supreme-court-2clm-clr

ന്യൂഡൽഹി ∙ ആയുധങ്ങളുള്ള വിദേശ കപ്പൽ അനുവാദമില്ലാതെ ഇന്ത്യൻ സമുദ്രാതിർത്തി കടന്നതു സംബന്ധിച്ച കേസിൽ രണ്ടാഴ്‌ചയ്‌ക്കകം വിധി പറയണമെന്നു മദ്രാസ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനോടു സുപ്രീം കോടതി അഭ്യർഥിച്ചു. കപ്പലിന്റെ ക്യാപ്‌റ്റൻ യുക്രെയ്ൻ സ്വദേശി ഡുഡ്‌നിക് വാലന്റൈൻ നൽകിയ ഹർജിയിലാണു നടപടി. അർബുദബാധിതനായ തനിക്കു ചികിൽസയ്‌ക്കും ഭാര്യയുടെ സാന്നിധ്യത്തിനും അനുമതി വേണമെന്ന വാലന്റൈന്റെ ആവശ്യം ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് 17നു പരിഗണിക്കും.

സിയറ ലിയോണിൽ നിന്നുള്ള കപ്പൽ കടൽക്കൊള്ളക്കാരെ തടയുകയെന്ന ദൗത്യവുമായി സഞ്ചരിക്കവേയാണു 2013 ഒക്‌ടോബർ 12നു തൂത്തുക്കുടിക്കു സമീപം ഇന്ത്യൻ തീരസംരക്ഷണ സേനയുടെ പിടിയിലാകുന്നത്. കപ്പലിൽനിന്ന് ആയുധങ്ങളും മറ്റും പിടികൂടി. അബദ്ധത്തിൽ ഇന്ത്യൻ സമുദ്രാതിർത്തി കടന്നുവെന്നാണു കപ്പൽ അധികൃതർ വാദിച്ചത്. ക്യാപ്‌റ്റനു പുറമേ 44 പേരാണു കപ്പലിലുണ്ടായിരുന്നത്. വിചാരണക്കോടതി ഇവർക്ക് ആയുധ നിയമപ്രകാരം അഞ്ചുവർഷം തടവുശിക്ഷ വിധിച്ചു. രണ്ടു വർഷമായി ഇവർ ചെന്നൈയിൽ ജയിലിലാണ്. ഇവരുടെ അപ്പീൽ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വാദം കേട്ടു വിധി പറയാൻ മാറ്റിവച്ചതു കഴിഞ്ഞ നവംബർ 30ന് ആയിരുന്നു. വിദേശ പൗരനാണെങ്കിലും വാലന്റൈന്, ഭരണഘടനയുടെ 21–ാം വകുപ്പുപ്രകാരം, ജീവിത സ്വാതന്ത്ര്യത്തിന് അവകാശമുണ്ടെന്നു രാഗേന്ദ് ബസന്തും മിഥുൻ വർഗീസും വാദിച്ചു. ഗുരുതരമായ രോഗം ബാധിച്ചയാളാണു ഹർജിക്കാരൻ. അന്തസ്സോടെ മരിക്കാനെങ്കിലും അനുവദിക്കണമെന്നും അഭിഭാഷകർ വാദിച്ചു. ഇതേക്കുറിച്ചു തമിഴ്‌നാട് സർക്കാർ നിലപാട് വ്യക്‌തമാക്കാൻ കോടതി നിർദേശിച്ചു.

related stories