Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചീഫ് ജസ്റ്റിസിനെതിരെ ആരോപണം: രണ്ടാം ഹർജി നിലനിൽക്കുമോയെന്ന് ഇന്നറിയാം

Dipak Misra ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര

ന്യൂഡൽഹി ∙ ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പരോക്ഷമായി ആരോപണമുള്ള മെഡിക്കൽ കോഴക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന കാമിനി ജയ്‌സ്വാളിന്റെ ഹർജി നിലനിൽക്കുമോയെന്നു സുപ്രീം കോടതി ഇന്നു വിധി പറയും. ജഡ്‌ജിമാരായ ആർ.കെ. അഗർവാൾ, അരുൺ മിശ്ര, എ.എം. ഖാൻവിൽക്കർ എന്നിവരുടെ ബെഞ്ചാണ് ഇന്നു രണ്ടിനു വിധി പറയുക. ഇതിനിടെ, മെഡിക്കൽക്കോഴയുമായി ബന്ധപ്പെട്ട ഹർജികളുടെ പേരിൽ കോടതിയെയും അഭിഭാഷകരെയും വിമർശിച്ച് അറ്റോർണി ജനറൽ (എജി) കെ.കെ. വേണുഗോപാൽ രംഗത്തുവന്നു.

വിവാദം ജുഡീഷ്യറിക്കു വലിയ ദോഷമാണു ചെയ്‌തിരിക്കുന്നതെന്നും അതു പരിഹരിക്കണമെങ്കിൽ ഹർജി പിൻവലിക്കുകയാണ് ഉചിതമെന്നും എജി വ്യക്‌തമാക്കി. കേസ് പരിഗണിച്ചപ്പോൾ കോടതിമുറിയിൽ അഭിഭാഷകർ തിങ്ങിനിറഞ്ഞിരുന്നു. സെന്റർ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് (സിജെഎആർ) നൽകിയ ഹർജി രണ്ടാഴ്‌ചയ്‌ക്കുശേഷം പരിഗണിക്കാൻ ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ 10നു തീരുമാനിച്ചിരുന്നു. കോഴക്കേസിൽ സിബിഐക്കു പകരം പ്രത്യേക അന്വേഷണ സംഘമെന്ന ആവശ്യമാണു സിജെഎആറിന്റെ ഹർജിയിലും ഉന്നയിച്ചിട്ടുള്ളത്. ഇന്നലെ കാമിനിയുടെ ഹർജി പരിഗണിച്ചപ്പോൾ, ഒരേ സ്വഭാവമുള്ള രണ്ടു ഹർജികൾ നൽകുന്നത് ഉചിതമാണോയെന്നും താൽപര്യമുള്ള ബെഞ്ചിനെക്കൊണ്ട് ഹർജി പരിഗണിപ്പിക്കാനല്ലേ ശ്രമമെന്നും കോടതി ചോദിച്ചു.

രണ്ടു ഹർജികൾ നൽകാനുണ്ടായ സാഹചര്യമെന്തെന്നു സിജെഎആറിനുവേണ്ടി ശാന്തി ഭൂഷണും പ്രശാന്ത് ഭൂഷണും വിശദീകരിച്ചു. മെഡിക്കൽക്കോഴ കേസിലുൾപ്പെട്ട മെഡിക്കൽ കോളജിന്റെ കേസിൽ ഉത്തരവു നൽകിയ ബെഞ്ചിൽ ഉൾപ്പെട്ടിരുന്ന ജസ്‌റ്റിസ് ഖാൻവിൽക്കർ ഇപ്പോഴത്തെ ബെഞ്ചിൽ ഉൾപ്പെടാൻ പാടില്ലെന്നും അഭിഭാഷകർ പറഞ്ഞു. എന്നാൽ, താൻ ബെഞ്ചിൽനിന്നു പിൻമാറില്ലെന്നു ജസ്‌റ്റിസ് ഖാൻവിൽക്കർ അസന്ദിഗ്‌ധമായി പറഞ്ഞു.

രണ്ടാമത്തെ ഹർജി നൽകിയ കാമിനി, ആദ്യ ഹർജിക്കാരായ സിജെഎആറിന്റെ അംഗമാണെന്നും ആദ്യത്തെ ഹർജിയെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവച്ചാണു രണ്ടാമത്തെ ഹർജി നൽകിയതെന്നും കോടതി പറഞ്ഞു. തങ്ങളും ജുഡീഷ്യറിക്കുവേണ്ടിയാണു നിലകൊള്ളുന്നതെന്നും ആരോപണവിധേയരായ ജഡ്‌ജിമാരുടെ സൽപേരിനെ കരുതിയാണ് പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. എന്നാൽ, ഹർജിയിൽ ചീഫ് ജസ്‌റ്റിസിനെതിരെ പരോക്ഷമായി വേണ്ടത്ര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നു കോടതി കുറ്റപ്പെടുത്തി. സിബിഐക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഹർജിക്കാരെ വിമർശിച്ചു.

related stories