Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുടെ പാരമ്പര്യം നഷ്ടമായി: ആന്റണി

AK Antony

ന്യൂഡൽഹി ∙ എല്ലാ രംഗത്തും ഇന്ത്യയുടെ പാരമ്പര്യം നഷ്ടപ്പെട്ടതിന്റെ ഉദാഹരണമാണ് രോഹിൻഗ്യൻ അഭയാർഥികളെ ആട്ടിപ്പുറത്താക്കാനുള്ള കേന്ദ്രസർക്കാർ നടപടിയെന്നു കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി. കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) ഡൽഹി ഘടകത്തിന്റെ ഒൗദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പീഡിപ്പിക്കപ്പെട്ട ജനസമൂഹത്തിന് എക്കാലവും വാതിൽ തുറന്നുകൊടുത്ത രാജ്യമാണ് ഇന്ത്യ. ലോകത്തു ജൂതർ പീഡിപ്പിക്കപ്പെടാത്ത ഏകരാജ്യം ഇന്ത്യയാണെന്നാണ് ഇസ്രയേൽ സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അവിടത്തെ ഭരണാധികാരികൾ പറഞ്ഞത്. ചൈനയുടെ എതിർപ്പ് വകവയ്ക്കാതെ ദലൈലാമയ്ക്കും കൂട്ടർക്കും അഭയം നൽകിയ ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. ശ്രീലങ്കൻ അഭയാർഥി വിഷയത്തിലും ഈ പാരമ്പര്യം നാം തുടർന്നു. ബംഗ്ലദേശിൽനിന്ന് ഒരു കോടിയിലേറെ അഭയാർഥികൾ ഇന്ത്യയിലേക്കെത്തി. എന്നാൽ, നിലവിലെ കേന്ദ്രസർക്കാർ നാൽപതിനായിരത്തോളം രോഹിൻഗ്യൻ അഭയാർഥികളെ എത്രയും വേഗം പുറത്താക്കാനുള്ള തീവ്രശ്രമത്തിലാണ്.

ഇന്ത്യയുടെ സവിശേഷമായ ഗുണങ്ങളെല്ലാം ചോദ്യം ചെയ്യപ്പെടുകയാണ്. അധികാര കേന്ദ്രങ്ങളിലുള്ളവർ ചോദ്യം ചെയ്യലിനെ ഭയപ്പെടുന്നു. മുൻപൊരിക്കലുമില്ലാത്ത വിധം രാജ്യത്ത് അസഹിഷ്ണുത വളരുകയാണ്. രാജ്യത്ത് ഇന്നു സംവാദങ്ങൾക്കു സ്ഥാനമില്ല. പകരം സംഘർഷം വളരുന്നു. അതിപുരാതന സംസ്കാരത്തിന്റെ ഭാഗമായ ഇന്ത്യയുടെ സത്ത ഏറ്റവും കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിതെന്നും ആന്റണി പറഞ്ഞു.