Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുംഭമേളയ്ക്ക് യുനെസ്കോയുടെ സാംസ്കാരിക പൈതൃക പദവി

kumbh-mela

ന്യൂഡൽഹി∙ ഇന്ത്യയിലെ തീർഥാടന മഹാമഹമായ കുംഭമേളയ്ക്കു യുനെസ്കോയുടെ പൈതൃക പദവി. മാനവികതയുടെ അവർണനീയ സാംസ്കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്കാരിക വിഭാഗം കുംഭമേളയെ ഉൾപ്പെടുത്തിയത്. ദക്ഷിണകൊറിയയിലെ ജെജുവിൽ നടക്കുന്ന യുനെസ്കോ സമ്മേളനത്തിലാണു പ്രഖ്യാപനം.

കോടിക്കണക്കിനു ജനങ്ങൾ ഒത്തുചേരുന്ന കുംഭമേള ലോകത്തിലെ ഏറ്റവും വലിയ തീർഥാടക സംഗമങ്ങളിലൊന്നാണ്. അലഹാബാദിലെ ത്രിവേണി സംഗമ സ്ഥാനത്തും ഹരിദ്വാറിൽ ഗംഗയുടെയും നാസിക്കിൽ ഗോദാവരിയുടെയും ഉജ്ജയിനിയിൽ ക്ഷിപ്രയുടെയും തീരങ്ങളിലായാണു മൂന്നു മാസം നീളുന്ന കുംഭമേള നടക്കുന്നത്. കുഭമേളയിൽ ഈ പുണ്യനദികളിലെ സ്നാനത്തിന് പ്രത്യേക പവിത്രത കൽപിക്കുന്നു. 

നാലിടങ്ങളിലായി കുംഭമേള

ഹരിദ്വാർ, അലഹാബാദ് (പ്രയാഗ്), നാസിക്, ഉജ്‌ജയിൻ എന്നിവിടങ്ങളിലായാണു കുഭമേള നടക്കുന്നത്. പന്ത്രണ്ടു വർഷത്തിലൊരിക്കലാണു മേളയെങ്കിലും നാലു വ്യത്യസ്‌ത സ്‌ഥലങ്ങളിലായി നടക്കുന്നതുമൂലം ഓരോ മൂന്നുവർഷം കൂടുമ്പോഴും ഫലത്തിൽ കുംഭമേള നടക്കും. ആറു വർഷത്തിലൊരിക്കൽ അർധകുംഭമേളയുമുണ്ട്. 144 വർഷം കൂടുമ്പോഴുള്ള മഹാകുംഭമേള 2010 ൽ ഹരിദ്വാറിൽ നടന്നു. പാലാഴി കടഞ്ഞെടുത്ത അമൃത് അസുരൻമാർക്കു നൽകാതെ ഒളിപ്പിക്കാനുള്ള ദേവൻമാരുടെ ശ്രമത്തിനിടയിൽ കുംഭം തുളുമ്പി നാലുസ്ഥലങ്ങളിലായി പതിച്ചുവെന്നാണ് െഎതിഹ്യം.