Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസഹിഷ്ണുത കാരണം രാജ്യം ലജ്ജിച്ച് തലതാഴ്ത്തുന്നു: ബോംബെ ഹൈക്കോടതി

മുംബൈ ∙ കലാകാരൻമാർക്കെതിരായ പരസ്യ ഭീഷണികളും അഭിപ്രായം പറയുന്നവർക്കു നേരെയുള്ള ആക്രമണങ്ങളും മൂലം രാജ്യത്തിനു ലജ്ജിച്ചു തലതാഴ്ത്തേണ്ടിവന്നിരിക്കുകയാണെന്നു ബോംബെ ഹൈക്കോടതി. യുക്തിവാദി നരേന്ദ്ര ധാബോൽക്കർ, സിപിഐ നേതാവ് ഗോവിന്ദ് പൻസാരെ എന്നിവരുടെ കൊലപാതകക്കേസുകളിൽ വാദം കേൾക്കവെ ജസ്റ്റിസുമാരായ എസ്.സി.ധർമാധികാരി, ഭാരതി ഡോംഗ്രെ എന്നിവരുടെ ഡിവിഷൻ ബെഞ്ച് രൂക്ഷ പരാമർശങ്ങളാണു നടത്തിയത്. 

‘പത്മാവതി’ സിനിമ പ്രദർശനത്തിനെത്തിക്കാൻ കഴിയാത്ത അവസ്ഥയിലാണു സംവിധായകൻ. നടിക്കു നേരെ വധഭീഷണിയും ഉയരുന്നു. ആളുകൾക്ക് അഭിപ്രായം തുറന്നു പറയാൻ കഴിയാത്ത സാഹചര്യത്തിലേക്കാണു രാജ്യം എത്തിയിരിക്കുന്നത്. തനിക്ക് സ്വന്തമായ അഭിപ്രായമുണ്ടെന്ന് ഒരാൾ പറയുമ്പോൾ അത് അനുവദിക്കില്ലെന്നു ചില വ്യക്തികളോ തീവ്ര സംഘങ്ങളോ പറയുന്നു. ഇതു രാജ്യത്തിനു നല്ലതല്ലെന്നു ജസ്റ്റിസ് ധർമാധികാരി പറഞ്ഞു. 

മറ്റേതെങ്കിലും രാജ്യത്തു കലാകാരന്മാർക്കെതിരെ ഇത്തരത്തിൽ ഭീഷണിയുണ്ടോ ? ഒരു നടിയെ വധിച്ചാൽ പാരിതോഷികം നൽകുമെന്നു പറയുന്നതിൽ ചില ആളുകൾ അഭിമാനിക്കുന്നു. തങ്ങളുടെ സംസ്ഥാനങ്ങളിൽ സിനിമയുടെ റിലീസ് അനുവദിക്കില്ലെന്നു മുഖ്യമന്ത്രിമാർ പറയുന്നു. സമ്പന്നരുടെ സ്ഥിതി ഇതാണെങ്കിൽ മറ്റള്ളവരുടെ അവസ്ഥ എന്തായിരിക്കുമെന്നു കോടതി ചോദിച്ചു. 

രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കുന്ന സെൻസർഷിപ്പാണ് ഇവിടെ നടക്കുന്നത്. 2013ൽ ധാബോൽക്കറും 2015ൽ പൻസാരെയും കൊല്ലപ്പെട്ടതാണ്. മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാൻ അന്വേഷണ ഏജൻസികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്ര ഗൗരവമുള്ള വിഷയങ്ങൾ വർഷങ്ങളോളം നീട്ടിക്കൊണ്ടുപോകുന്നത് അനുവദിക്കാനാകില്ല. അന്വേഷണത്തിൽ പുരോഗതിയില്ലെന്നത് ഏതെങ്കിലും ഉദ്യോഗസ്ഥനെ അലട്ടുന്നുണ്ടോ ? ഈ കൊലപാതകങ്ങൾക്കു ശേഷവും സ്വന്തം അഭിപ്രായം തുറന്നുപറയുന്നവർക്കു നേരെ ഭീഷണി ഉയരുന്നു. യുക്തിചിന്തകളോ അഭിപ്രായങ്ങളോ വെളിപ്പെടുത്തുന്നവർക്കെതിരെയുള്ള തുറന്ന ആക്രമണമാണ് ഈ രണ്ടു കൊലപാതകങ്ങളും. 

ധാബോൽക്കറുടെ വധക്കേസ് അന്വേഷിക്കുന്ന സിബിഐയുടെയും പൻസാരെ കേസ് അന്വേഷിക്കുന്ന സിഐഡിയുടെയും ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തേണ്ട സമയമായെന്നും ജസ്റ്റിസ് ധർമാധികാരി പറഞ്ഞു. 

സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ഡിജിപി, സിബിഐ ജോയിന്റ് ഡയറക്ടർ എന്നിവർ അഭിഭാഷകരുമൊത്ത് കേസ് ചർച്ച ചെയ്യണമെന്നും കോടതി നിർദേശിച്ചു. അടുത്ത വാദം ഈ മാസം 21ന് ആണ്.