Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനത്തിൽ ‘ദംഗൽ’ നടിയുടെ പുറത്തു കാൽ ‘പെരുമാറ്റം’ ; പ്രതി അറസ്റ്റിൽ

zaira-leg ഇതാണ് എന്നെ ഉപദ്രവിച്ച ആളുടെ കാൽ – സൈറ വാസിം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം

മുംബൈ ∙ ഡൽഹിയിൽനിന്നു മുംബൈയിലേക്കുള്ള വിമാനയാത്രയ്ക്കിടെ കശ്മീരിൽനിന്നുള്ള ചലച്ചിത്ര താരം സൈറ വാസിമിനെ (17) പീഡിപ്പിച്ച സഹയാത്രികൻ വികാസ് സച്ദേവിനെ (39) അറസ്റ്റ് ചെയ്തു. വൻ സാമ്പത്തിക വിജയം നേടിയ ആമിർ ഖാൻ ചിത്രമായ ‘ദംഗലി’ൽ നായികയുടെ കുട്ടിക്കാലം അവതരിപ്പിച്ചു പ്രശസ്തയായ നടിയാണു സൈറ. പാതി മയക്കത്തിലായിരുന്ന തന്റെ പുറത്തും കഴുത്തിലും പിൻസീറ്റിലിരുന്ന യാത്രക്കാരൻ കാലുകൊണ്ട് ഉരസിക്കൊണ്ടിരുന്നുവെന്നാണു സൈറയുടെ പരാതി. സംഭവം വിവാദമായതോടെ ഇന്നലെ വൈകിട്ടാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നു കോടതിയിൽ ഹാജരാക്കും.

സൈറയെ സഹായിക്കാനോ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാനോ നടപടിയെടുക്കാതിരുന്നതിനു ദേശീ‌യ വനിതാ കമ്മിഷൻ വിമാനക്കമ്പനിയോടു വിശദീകരണം തേടി. സംഭവം അപമാനകരമെന്നു വിശേഷിപ്പിച്ച മഹാരാഷ്ട്ര വനിതാ കമ്മിഷൻ വ്യോമയാന മന്ത്രാലയത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ നിയമപ്രകാരവും മാനഭംഗശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു. അനിഷ്ട സംഭവത്തിന്റെ പേരിൽ എയർ വിസ്താര വിമാനക്കമ്പനി നടിയോടു മാപ്പു ചോദിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ജീവനക്കാരിൽനിന്നും യാത്രക്കാരിൽനിന്നും വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്. വ്യോമയാന മന്ത്രാലയവും വിമാനക്കമ്പനിയോട് റിപ്പോർട്ട് തേടി.

വിമാനത്തിനു പുറത്തിറങ്ങിയശേഷമാണു നടി ‘ഇൻസ്റ്റഗ്രാമി’ ലൂടെ ദുരനുഭവം കരഞ്ഞുകൊണ്ട് ലൈവ് വിഡിയോയായി വിവരിച്ചത്. ‘കഴിഞ്ഞ രാത്രി ഞാൻ വിസ്താര ഫ്ലൈറ്റിൽ ഡൽഹിയിൽനിന്നു മുംബൈയിലേക്കു യാത്ര ചെയ്യുകയായിരുന്നു. പാതിമയക്കത്തിലായിരുന്നു. തൊട്ടുപിന്നിലിരുന്ന മധ്യവയസ്കന്റെ കാൽ എന്റെ ആംറെസ്റ്റിലായിരുന്നു. എന്റെ യാത്ര അയാൾ ദുരിതപൂർണമാക്കി. എന്താണ് അയാൾ ചെയ്യുന്നതെന്നു കൃത്യമായി മനസ്സിലാക്കാൻ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യാൻ ശ്രമിച്ചു. ചിത്രം ശരിയായി കിട്ടിയില്ല.

പത്തു മിനിറ്റ് കഴിഞ്ഞാണ് എനിക്കു കൃത്യമായി കാര്യം മനസ്സിലാക്കാനായത്. കാലു കൊണ്ടു തോളിൽ തട്ടുകയും കഴുത്തിൽനിന്നു താഴേക്കും മുകളിലേക്കും ഉരസിക്കൊണ്ടിരിക്കുകയുമായിരുന്നു അയാൾ. കാലിന്റെ ചിത്രം മാത്രമാണു കിട്ടിയത്.’– സൈറ പറഞ്ഞു.
വിമാനം ഇറങ്ങാൻ തുടങ്ങുമ്പോഴാണു പ്രശ്നം ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടതെന്നാണു കമ്പനിയുടെ വിശദീകരണം. വിമാനം താഴുന്ന സമയമായതിനാൽ ജീവനക്കാരും ഇരിക്കുകയായിരുന്നു. അപ്പോഴാണു പിന്നിലിരുന്നയാളോടു സൈറ ആക്രോശിച്ചത്. വിമാനം ഇറങ്ങിക്കഴിഞ്ഞപ്പോൾ സൈറയോടും മാതാവിനോടും പരാതി നൽകുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ ഇല്ലെന്നാണു പറഞ്ഞതെന്നും കമ്പനി വ്യക്തമാക്കി.