Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയയുടെ ആശുപത്രി ദൃശ്യം പുറത്തുവിട്ട് ദിനകരപക്ഷം

jayalalaitha ജയലളിതയുടെ ആശുപത്രിവാസക്കാലത്തെ വിഡിയോ ദൃശ്യം. ചെന്നൈ ആർകെ നഗർ ഉപതിരഞ്ഞെടുപ്പ് ഇന്നു നടക്കാനിരിക്കെ അണ്ണാ ഡിഎംകെ വിമതപക്ഷ നേതാവ് ടി.ടി.വി. ദിനകരന്റെ അനുയായി പി. വെട്രിവേൽ ഇത്തരമൊരു ചിത്രം പുറത്തുവിട്ടതു വിവാദമായി.

ചെന്നൈ ∙ ആർകെ നഗർ ഉപതിരഞ്ഞെടുപ്പ് ഇന്നു നടക്കാനിരിക്കേ, ടി.ടി.വി.ദിനകരൻ പക്ഷം ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ പുറത്തുവിട്ടതിനെച്ചൊല്ലി തമിഴ്നാട്ടിൽ രാഷ്ട്രീയ കൊടുങ്കാറ്റ്. ആശുപത്രിക്കിടക്കയിൽ ജയ പരസഹായമില്ലാതെ ജ്യൂസ് കുടിക്കുന്ന 20 സെക്കൻഡ് വിഡിയോ ദിനകരന്റെ അടുത്ത അനുയായി പി.വെട്രിവേലാണു പുറത്തുവിട്ടത്. 

വരണാധികാരി പ്രവീൺ പി.നായരുടെ പരാതിയെ തുടർന്നു പൊലീസ് വെട്രിവേലിനെതിരെ തിരഞ്ഞെടുപ്പു ചട്ടലംഘനത്തിനു കേസെടുത്തു. തിരഞ്ഞെടുപ്പു കഴിയുംവരെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിൽനിന്നു കമ്മിഷൻ മാധ്യമങ്ങളെ വിലക്കി. ഫലം അട്ടിമറിക്കാനാണു ദിനകരന്റെ ശ്രമമെന്ന് ആരോപിച്ചു നടപടിക്കായി അണ്ണാ ഡിഎംകെയും ഡിഎംകെയും തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. 

അതിനിടെ, വിഡിയോ പുറത്തുവിട്ടതിനെച്ചൊല്ലി ദിനകരന്റെയും ശശികലയുടെയും കുടുംബത്തിലുണ്ടായ ഭിന്നതയും പുറത്തുവന്നു. ശശികലയുടെ സഹോദരൻ ദിവാകരന്റെ മകൻ ജയാനന്ദ് വെട്രിവേലിന്റെ നടപടിയെ ന്യായീകരിച്ചു രംഗത്തുവന്നു. എന്നാൽ മറ്റൊരു സഹോദരൻ ജയരാമന്റെ മകൾ കൃഷ്ണപ്രിയ വെട്രിവേലിന്റേതു വിശ്വാസവഞ്ചനയാണെന്നു കുറ്റപ്പെടുത്തി. സ്വത്തുകേസിൽ ശശികലയ്ക്കാപ്പം ജയിൽശിക്ഷ അനുഭവിക്കുന്ന ഇളവരശിയുടെ മകളാണു കൃഷ്ണപ്രിയ. 

മരണം സംഭവിച്ചശേഷമാണു ജയയെ ആശുപത്രിയിലെത്തിച്ചതെന്നു ശശികലയ്ക്കും കുടുംബത്തിനുമെതിരെ നേരത്തേ ആരോപണമുയർന്നിരുന്നു. ആർകെ നഗറിൽ അണ്ണാ ഡിഎംകെ ഇതു പ്രചാരണായുധവുമാക്കി. തുടർന്നാണു വെട്രിവേൽ അപ്രതീക്ഷിതമായി വാർത്താസമ്മേളനം വിളിച്ചു ദൃശ്യങ്ങൾ പുറത്തുവിട്ടത്. വിഡിയോ ചിത്രീകരിച്ചത് എന്നാണെന്നു വ്യക്തമല്ല. തീവ്രപരിചരണ വിഭാഗത്തിൽ നിന്നു വാർഡിലേക്കു മാറ്റിയ സമയത്തു ജയയുടെ ആവശ്യപ്രകാരം ശശികലയാണു ദൃശ്യം പകർത്തിയതെന്നു കൃഷ്ണപ്രിയ പറയുന്നു. ആശുപത്രിയിലെത്തി രണ്ടുമാസം കഴിഞ്ഞിരുന്നുവത്രേ. 75 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമാണു ജയലളിത മരിച്ചത്. 

ആരോപണങ്ങളിൽ മനംമടുത്ത്, ശശികലയുടെയോ ദിനകരന്റെയോ അനുമതിയില്ലാതെയാണു ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നു വെട്രിവേൽ പിന്നീടു പറഞ്ഞു. ഉപമുഖ്യമന്ത്രി പനീർസെൽവവും മന്ത്രി സി.വിജയഭാസ്കറും ജയലളിതയുടെ മുറിയിൽ നിൽക്കുന്ന ദൃശ്യങ്ങളും കൈവശമുണ്ട്. ആവശ്യമെങ്കിൽ ഇവയും പുറത്തുവിടുമെന്നും പറഞ്ഞു. 

ആർകെ നഗർ ഉൾപ്പെടെ രാജ്യത്തെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ്. ബംഗാളിലെ സബാങ്, അരുണാചൽപ്രദേശിലെ പക്കേ കെസ്സാങ് എന്നിവയാണു മറ്റു രണ്ടു മണ്ഡലങ്ങൾ.