Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശനാണ്യ നിയമ ലംഘനം: വിജയ് മല്യ പിടികിട്ടാപ്പുള്ളി

Vijay Mallya

ന്യൂഡൽഹി ∙ വിദേശ നാണയ വിനിമയ ചട്ടലംഘനക്കേസിൽ (ഫെറ) വിവാദ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കോടതിയിൽ ഹാജരാകാൻ പല തവണ ആവശ്യപ്പെട്ടിട്ടും എത്താതിരുന്നതിനെ തുടർന്നാണു ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് ദീപക് ഷെരാവത്തിന്റെ നടപടി.

മല്യയ്ക്കെതിരെ കോടതി കഴിഞ്ഞ ഏപ്രിലിൽ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. അധികൃതർ പാസ്പോർട്ട് കൈവശം വച്ചിരിക്കുകയാണെന്നുള്ള വിശദീകരണം കോടതി അംഗീകരിച്ചില്ല. ലണ്ടനിലും മറ്റു യൂറോപ്യൻ നഗരങ്ങളിലും നടന്ന ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിൽ കിങ്ഫിഷർ ലോഗോ പ്രദർശിപ്പിക്കുന്നതിനു ബ്രിട്ടിഷ് കമ്പനിക്കു മല്യ രണ്ടു ലക്ഷം ഡോളർ നൽകിയിരുന്നു.

ഇതു വിദേശനാണ്യ വിനിമയച്ചട്ടത്തിന്റെ ലംഘനമാണെന്നു കാട്ടിയാണു കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 17 ബാങ്കുകളിൽനിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു കടന്ന കേസിൽ 2016 ജൂണിൽ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.