Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ: സ്വകാര്യത പെരുപ്പിച്ച് കാട്ടരുതെന്ന് കേന്ദ്രമന്ത്രി

ravi-shankar-prasad

ന്യൂഡൽഹി ∙ ഡിജിറ്റൽ വിപ്ലവത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പുതിയ പദ്ധതികൾ സ്വകാര്യത, സുരക്ഷ തുടങ്ങിയവയുടെ പേരിൽ ഇല്ലാതാക്കുന്നതു ശരിയല്ലെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ആധാർ ചോർച്ചയുമായി ബന്ധപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ചു കാട്ടരുതെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ വിപ്ലവത്തിലൂടെ വൻമുന്നേറ്റം കൈവരിക്കേണ്ട 80, 90 കാലഘട്ടത്തിൽ ലൈസൻസ് രാജിന്റെ പേരിൽ അതു നഷ്ടപ്പെടുത്തി. എന്നാൽ ഇപ്പോൾ സംഭവിക്കുന്ന ഡിജിറ്റൽ വിപ്ലവം രാജ്യം നഷ്ടപ്പെടുത്താൻ പാടില്ല.

യാത്ര ചെയ്യുന്നത് ഒരാളുടെ സ്വകാര്യ കാര്യമാണ്. വിമാനം ഉൾപ്പെടെയുള്ള പൊതുയാത്രാ സംവിധാനം ഉപയോഗിക്കുമ്പോൾ അതിന്റെ വിവരങ്ങൾ മറ്റുള്ളവർക്കും ലഭ്യമാകുന്നു. പലവിഷയത്തിലും സമാനമാണ് സ്ഥിതി. അതിനാൽ സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പെരുപ്പിച്ചു കാട്ടരുത്.

ആരോഗ്യ, ബാങ്കിങ് രംഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ തീർത്തും സ്വകാര്യമായിരിക്കണം. ഡേറ്റയുടെ സുരക്ഷയും ലഭ്യതയും തമ്മിൽ സന്തുലനം വേണം. ആധാറിൽ നിങ്ങളുടെ മതം, ജാതി തുടങ്ങിയ വിശദാംശങ്ങളോ ആരോഗ്യ, വിദ്യാഭ്യാസ, വരുമാന വിവരങ്ങളോ ഉൾക്കൊള്ളുന്നില്ല. ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടെയുള്ളവ സുരക്ഷിതമാണ്. ഇതു തകർക്കാൻ സാധിക്കില്ലെന്നും രാജ്യാന്തര കൊമേഴ്സ് കോൺഫറൻസിൽ പ്രസംഗിക്കവെ മന്ത്രി വ്യക്തമാക്കി.