Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോയ കേസ്: അരുൺ മിശ്ര പിന്മാറുന്നു, ഉചിതമായ ബെഞ്ചിനു വിടണമെന്ന് ഉത്തരവിൽ പരാമർശം

Justice BH Loya

ന്യൂഡൽ‍ഹി ∙ സിബിഐ ജഡ്ജിയായിരുന്ന ബ്രിജ്ഗോപാൽ ഹർകിഷൻ ലോയയുടെ ദുരൂഹമരണം സംബന്ധിച്ച പൊതുതാൽപര്യഹർജികൾ പരിഗണിക്കുന്നതിൽനിന്നു ജഡ്ജിമാരായ അരുൺ മിശ്ര, മോഹൻ എം.ശാന്തനഗൗഡർ എന്നിവരുടെ ബെഞ്ച് പിൻമാറുന്നു. കേസ് ഇന്നലെ പരിഗണിച്ചപ്പോൾ തങ്ങൾ‍ പിൻമാറുന്നതായി ജഡ്ജിമാർ വ്യക്തമാക്കിയിരുന്നില്ല.

എന്നാൽ, ഉചിതമായ ബെഞ്ചിലേക്കു വിടണമെന്നാണു വൈകിട്ടു പുറത്തുവന്ന ഉത്തരവിൽ പറയുന്നത്. സുപ്രീം കോടതിയിൽ, ഏതെങ്കിലും കേസ് പരിഗണിക്കാനാവില്ലെന്നുണ്ടെങ്കിൽ ബെഞ്ച് അതു പരസ്യമായി പറയാറുണ്ട്. ഉചിതമായ ബെഞ്ചിലേക്കു കൈമാറുന്നതിനായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിടുന്നുവെന്നും ഉത്തരവിൽ വ്യക്തമാക്കും.

ഇന്നലെ അങ്ങനെയല്ല സംഭവിച്ചത്. ഉചിതമായ ബെഞ്ചിലേക്കു വിടുക എന്നു മാത്രം പറയുന്നു. അതും കോടതിയിൽ പരസ്യമായല്ല, രേഖാമൂലമുള്ള ഉത്തരവിലൂടെ. അതുകൊണ്ടുതന്നെ, കേസ് തങ്ങൾ കേൾക്കുന്നില്ലെന്നാണു ബെഞ്ച് ഉദ്ദേശിക്കുന്നതെന്നു വേണമെങ്കിൽ വ്യാഖ്യാനിക്കാമെന്നാണു നിയമവൃത്തങ്ങൾ പറയുന്നത്.

കേസ് ഒരാഴ്ചയ്ക്കുശേഷം പരിഗണിക്കുമെന്നും മഹാരാഷ്ട്ര സർക്കാരിനുവേണ്ടി ഹരീഷ് സാൽവെ ഹാജരാക്കിയ രഹസ്യരേഖകളുടെ പകർപ്പ് ഉചിതമെങ്കിൽ ഹർജിക്കാർക്കു കൈമാറണമെന്നും ഉത്തരവിൽ പറയുന്നു. കേസ് ഇന്നലെ പരിഗണിച്ചപ്പോൾ, താൻ കൈമാറിയ രേഖകൾ രഹസ്യസ്വഭാവമുള്ളതാണെന്നു സാൽവെ പറഞ്ഞു.

കാര്യങ്ങൾ ഹർജിക്കാരും അറിയേണ്ടതുണ്ടെന്നു കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ പ്രവർത്തനരീതിയെ വിമർശിച്ച നാലു ജഡ്ജിമാർ, ലോയ കേസ് താരതമ്യേന ജൂനിയറായ ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചിനു വിട്ടതിനോടു വിയോജിച്ചിരുന്നു.

related stories