Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗിക പീഡന നിയമം: ലിംഗഭേദം പാടില്ലെന്ന ആവശ്യം തള്ളി

sexual abuse

ന്യൂഡൽഹി ∙ മാനഭംഗം, ലൈംഗിക ആക്രമണം, അപമാനം, വായ്നോട്ടം തുടങ്ങിയ കുറ്റങ്ങൾ ഇന്ത്യൻ ശിക്ഷാനിയമത്തിൽ ലിംഗഭേദമില്ലാത്തവയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന ഹർജി സുപ്രീം കോടതി തള്ളി. നിയമത്തിൽ മാറ്റം വരുത്തേണ്ടതു പാർലമെന്റാണെന്നു കോടതി വിലയിരുത്തി.

ഇത്തരം കുറ്റങ്ങൾ ചെയ്യുന്ന സ്ത്രീകളെയും ശിക്ഷിക്കണമെന്നാവശ്യപ്പെട്ടു റിഷി മൽഹോത്ര എന്ന അഭിഭാഷകനാണു കോടതിയെ സമീപിച്ചത്. നിയമത്തിലെ ‘ഏതു പുരുഷനും’ എന്നതിനു പകരം ‘ഏതു വ്യക്തിയും’ എന്നാക്കി ഭേദഗതി വേണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ഇതു ‘ഭാവനാപരമായ സാഹചര്യം’ ആണെന്നും സാമൂഹിക ആവശ്യങ്ങൾ പരിഗണിച്ചു പാർലമെന്റിന് ഇക്കാര്യം കൈകാര്യം ചെയ്യാമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.

പുരുഷൻ മാനഭംഗം ചെയ്യപ്പെട്ടാൽ കോടതിയെ സമീപിക്കാൻ നിയമത്തിൽ വകുപ്പുകളില്ലെന്നും ഐപിസി 354, 375 വകുപ്പുകൾ കാലഹരണപ്പെട്ടവയാണെന്നും ഹർജിക്കാരൻ വാദിച്ചു. ലൈംഗിക പീഡനത്തിന് ഇരയാകുന്ന പുരുഷന്മാർക്കു നീതി ലഭിക്കുന്നില്ലെന്നും നിയമങ്ങൾ സ്ത്രീപക്ഷപാതം ഉള്ളവയാണെന്നും അദ്ദേഹം പറഞ്ഞു.

related stories