Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയ്ഡ് തുടരുന്നു; കടലാസ് കമ്പനികളും ബെനാമി സ്വത്തും നിരീക്ഷണത്തിൽ

Nirav Modi PNB

ന്യൂഡൽഹി ∙ വജ്രവ്യാപാരി നീരവ് മോദിയുമായും ബിസിനസ് പങ്കാളി മെഹുൽ ചോസ്കിയുമായും ബന്ധമുള്ള ഇരുനൂറോളം കടലാസുകമ്പനികളും ബെനാമി സ്വത്തുക്കളും അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം വൈകാതെ രണ്ടു ഡസനോളം സ്ഥാപനങ്ങൾകൂടി കണ്ടുകെട്ടാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം.

ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആഭരണ ഷോറൂമുകളും പണിശാലകളും ഉൾപ്പെടെ 45 ഇടങ്ങളിൽ റെയ്ഡ് നടത്തി. നീരവ് മോദിയുടെയും ബന്ധുക്കളുടേതുമായി ആദായ നികുതി വകുപ്പു താൽക്കാലികമായി പിടിച്ചെടുത്ത 29 സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിച്ചു.

വായ്പാ തട്ടിപ്പു മുഖേനയുള്ള പണം കൈമാറാനായി രാജ്യത്തിനകത്തും പുറത്തുമുള്ള ഇരുനൂറോളം കടലാസ് സ്ഥാപനങ്ങളെ ഉപയോഗിച്ചുവെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. കടലാസുകമ്പനികളുടെ പേരിൽ ഭൂമിയും ആഭരണങ്ങളും ബെനാമി പേരിൽ സമാഹരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നീരവ് മോദിയുടെ ബന്ധുവും ബിസിനസ് പങ്കാളിയുമായ മെഹുൽ ചോസ്കിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ജെംസിന്റെ ഒൻപതു ബാങ്ക് അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പു മരവിപ്പിച്ചിരുന്നു.

നീരവ് മോദിയുടെയും കുടുംബാംഗങ്ങളുടെയും 105 ബാങ്ക് അക്കൗണ്ടുകളും 29 സ്വത്തുവകകളുമാണ് ഇതിനകം പിടിച്ചെടുത്തത്. വായ്പാ തട്ടിപ്പിനെക്കുറിച്ചു സിബിഐയും ഊർജിത അന്വേഷണത്തിലാണ്. ഗീതാഞ്ജലി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഇന്ത്യയിലെ 18 ഉപ സ്ഥാപനങ്ങളുടെ ബാലൻസ് ഷീറ്റ് സിബിഐ പരിശോധിച്ചുവരികയാണ്.