Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി വിദേശത്തു പോയിവരുമ്പോൾ ‘മറ്റേ മോദി’യെക്കൂടി കൊണ്ടുവരുമോ? രാഹുൽ ഗാന്ധി

Rahul Gandhi, Narendra Modi

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മൻ കി ബാത്ത് സാരോപദേശം’ കേൾക്കാനായി കാത്തിരിക്കുകയാണെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഏകപക്ഷീയ ഉദ്ബോധനങ്ങളല്ല, പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) തട്ടിപ്പുകേസിനെക്കുറിച്ചും റഫാൽ യുദ്ധവിമാന ഇടപാടിനെക്കുറിച്ചുമാണു ജനങ്ങൾക്കറിയേണ്ടതെന്നു രാഹുൽ പറഞ്ഞു. ‘മോദിജീ, മൻകി ബാത്ത് ആത്മഭാഷണത്തിന് കഴിഞ്ഞമാസം അങ്ങ് എന്റെ ആശയങ്ങൾ അവഗണിച്ചു. രാജ്യത്തെ മുഴുവൻ ജനതയും കേൾക്കാൻ ആഗ്രഹിക്കുന്നത് എന്താണെന്ന് താങ്കൾക്കറിയാമല്ലോ. 

1) നീരവ് മോദിയുടെ 22,000 കോടി രൂപ തട്ടിപ്പും നാടുവിടലും. 2) 58,000 കോടി രൂപയുടെ റഫാൽ അഴിമതി. താങ്കളുടെ സാരോപദേശം കേൾക്കാനായി ഞാൻ കാത്തിരിക്കുകയാണ്’ – രാഹുൽ ട്വിറ്ററിൽ കുറിച്ചു. ഇനി വിദേശത്തു പോയി വരുമ്പോൾ ‘മറ്റേ’ മോദിയെ (പിഎൻബി തട്ടിപ്പുകേസിലെ വജ്രവ്യാപാരി നീരവ് മോദി) കൂട്ടിക്കൊണ്ടു വരണമെന്നും രാഹുൽ പരിഹസിച്ചു. 

താൻ ജനങ്ങൾക്കു സ്വപ്നങ്ങൾ സമ്മാനിക്കുന്നുവെന്നു പറഞ്ഞാണു നീരവ് മോദി വജ്രങ്ങൾ വിറ്റത്. എന്നിട്ടു സർക്കാരിനെ ഉറക്കിക്കിടത്തി അയാൾ പണവുമായി സ്ഥലംവിട്ടു. ഏതാനും വർഷം മുൻപു മറ്റൊരു മോദിയും (പ്രധാനമന്ത്രി) ‘നല്ലദിന’ങ്ങൾ വാഗ്ദാനം ചെയ്തു സ്വപ്നങ്ങൾ വിറ്റു. എല്ലാവരുടെയും അക്കൗണ്ടിൽ 15 ലക്ഷം, രണ്ടുകോടി തൊഴിൽ... ഭരണം തീരാറാകുമ്പോൾ കാണാനാകുന്നതു തൊഴിലില്ലായ്മയും ഭയവും വിദ്വേഷവും അക്രമവും മാത്രം – 27നു നടക്കുന്ന മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം പാദ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ടു രാഹുൽ പറഞ്ഞു. 

വികസനകാര്യത്തിൽ മേഘാലയ മുഖ്യമന്ത്രി മുകുൾ സാങ്മയെ അഭിനന്ദിച്ച രാഹുൽ, കോൺഗ്രസ് ഭരണം നിലനിർത്തുമെന്നും പ്രത്യാശിച്ചു. നാട്ടിലെ ചെറുപ്പക്കാർക്കു ജോലി കിട്ടാനുള്ള ആശയം എന്താണ്? ദോക്‌ ലായിൽനിന്നു ചൈനയെ പുറത്താക്കാനും ഹരിയാനയിലെ മാനഭംഗങ്ങൾ അവസാനിക്കാനും എന്താണു പദ്ധതി? എന്നിവയായിരുന്നു ‘മൻ കി ബാത്തിലേക്കു’ കഴിഞ്ഞ മാസം രാഹുലിന്റെ ചോദ്യങ്ങൾ.

related stories