Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേതബാധ; യാഗം നടത്തണമെന്ന് രാജസ്ഥാൻ എംഎൽഎമാർ

ജയ്പുർ ∙ രാജസ്ഥാൻ നിയമസഭാ മന്ദിരത്തെ ഭൂത–പ്രേതങ്ങളുടെ പിടിയിൽനിന്നു രക്ഷിക്കാൻ എത്രയുംവേഗം യാഗം നടത്തണമെന്ന ആവശ്യവുമായി ഒരുവിഭാഗം എംഎൽഎമാർ. കഴിഞ്ഞ ദിവസം നാധ്ദ്വാര എംഎൽഎ കല്യാൺ സിങ്ങിന്റെ അകാലമരണത്തോടെയാണ് ഈ ആവശ്യത്തിനു ശക്തി കൂടിയത്.

കഴിഞ്ഞ വർഷം മണ്ഡൽഗഡ് എംഎൽഎ കീർത്തി കുമാരി എച്ച്1എൻ1 ബാധിച്ചു മരണമടഞ്ഞതിനു പിന്നിലും പ്രേതങ്ങളുടെ കളിയാണെന്നാണു എംഎൽഎമാരുടെ വാദം. കഴിഞ്ഞ ദിവസം പല എംഎൽഎമാർക്കും എച്ച്1എൻ1 സ്ഥിരീകരിച്ചതും ഭൂതപ്പേടി വർധിക്കാൻ കാരണമായി. മുൻപു ശ്മശാനമായിരുന്ന സ്ഥലത്താണത്രേ നിയമസഭാ മന്ദിരം സ്ഥിതിചെയ്യുന്നത്. അതുകൊണ്ടു പ്രേതങ്ങൾ പലതും ചുറ്റിക്കറങ്ങുന്നതാണു പ്രശ്നമെന്നും ഇവർ പറയുന്നു.

സാമാജികരിൽ ചിലർ ഇങ്ങനെ ഒരാവശ്യം ഉന്നയിച്ചതായി ചീഫ് വിപ് കാലുലാൽ ഗുർജർ സ്ഥിരീകരിച്ചു. ‘പൂർണ ശുദ്ധീകരണത്തിനു പൂജ സഹായിക്കുമെങ്കിൽ ചെയ്യാവുന്നതേയുള്ളൂ’ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.