Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുപ്രീംകോടതിയിൽ വീണ്ടും ശീതസമരം

PTI1_12_2018_000153A

ന്യൂഡൽഹി ∙ സുപ്രീംകോടതിയിൽ ജസ്റ്റിസുമാർ തമ്മിലുള്ള ശീതസമരം വീണ്ടും രൂക്ഷമായി. നേരത്തെ ഒരു മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധക്കെതിരെ മറ്റൊരു മൂന്നംഗ ബെഞ്ച് വിധി പറഞ്ഞതോടെ ആരംഭിച്ച ആശയക്കുഴപ്പമാണു പുതിയ പ്രശ്നം. 

ഇക്കാര്യത്തിൽ തീരുമാനമാകുന്നതുവരെ രാജ്യത്തെ ഒരു ഹൈക്കോടതിയും ഭൂമി ഏറ്റെടുക്കൽ കേസുകളിൽ തീർപ്പു കൽപ്പിക്കരുതെന്നു വേറൊരു  മൂന്നംഗ ബെഞ്ച് ബുധനാഴ്ച ഉത്തരവിട്ടിരുന്നു. ഇന്നലെ സമാനമായ രണ്ടു ഭൂമി ഏറ്റെടുക്കൽ കേസുകൾ പരിഗണനയ്ക്കു വന്നപ്പോൾ മറ്റു രണ്ടു ബഞ്ചുകളിലെയും അധ്യക്ഷന്മാരായ ജസ്റ്റിസുമാർ തങ്ങൾ ഇതു കേൾക്കുന്നില്ലെന്നു പറഞ്ഞു ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു. സുപ്രീം കോടതിയിലെ തന്നെ പല ബെഞ്ചുകൾ ഒരേ വിഷയത്തിൽ പല  തീരുമാനമെടുക്കുന്നത് ഇതാദ്യമാണ്. 

സുപ്രീം കോടതിയിൽ ഇതുവരെ നിലനിന്ന കീഴ്‌വഴക്കം ഒരു  മൂന്നംഗ ബെഞ്ച് വിധി പറഞ്ഞാൽ, അതിനെ വേറൊരു മൂന്നംഗബെഞ്ച് തിരുത്തില്ലെന്നതാണ്.  ഒരു കേസ് വന്നാൽ കുറേക്കൂടി വലിയ ബെഞ്ചിനു വിടാൻ ചീഫ് ജസ്റ്റിനോടു ശുപാർശ ചെയ്യുകയാണു പതിവ്. ഇവിടെ ആ കീഴ്‌വഴക്കം ലംഘിച്ചതാണു പ്രശ്നങ്ങൾക്കു തുടക്കമിട്ടത്. 

പ്രശ്നമായ കേസുകളുടെ ചരിത്രം ഇങ്ങനെയാണ്:  2014ൽ ചീഫ് ജസ്റ്റിസ് ആർ.എം. ലോധ, ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് മദൻ ബി.ലോക്കൂർ എന്നിവർ പുണെ മുനിസിപ്പൽ കോർപറേഷന്റെ ഭൂമി ഏറ്റെടുക്കൽ കേസിൽ വിധി പറഞ്ഞു. ഭൂമി ഏറ്റെടുത്തതിനു നഷ്ടപരിഹാരം ഭൂവുടമയ്ക്കു നൽകിയിട്ടില്ലെങ്കിൽ അത് ഏറ്റെടുക്കൽ റദ്ദാക്കുന്നതിനു കാരണമാകുമെന്നായിരുന്നു വിധി. നഷ്ടപരിഹാരത്തുക സർക്കാർ ട്രഷറിയിൽ അടച്ചുവെന്നതുകൊണ്ടു മാത്രം ഭൂമി ഏറ്റെടുക്കൽ സാധുവാകുന്നില്ലെന്നും മൂന്നംഗബെഞ്ച് വിധിച്ചു.

കഴിഞ്ഞ എട്ടിന് സുപ്രീം കോടതിയിൽ ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് എ.കെ. ഗോയൽ, ജസ്റ്റിസ് എം. ശാന്തനഗൗഡർ എന്നിവരുടെ ബെഞ്ച് ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച വേറൊരു കേസിൽ 2014 ലെ വിധി, നിയമം വ്യക്തമായി വ്യാഖ്യാനിക്കാതെ ചെയ്തതാണെന്നു വിധിച്ചു. 2013 ലാണു പാർലമെൻറ് പുതിയ ഭൂമി ഏറ്റെടുക്കൽ നിയമം പാസാക്കിയത്. സർക്കാർ നഷ്ടപരിഹാരം ട്രഷറിയിൽ അടച്ചുകഴിഞ്ഞാൽ ഭൂവുടമ നിശ്ചിത കാലപരിധിയായ അഞ്ചുവർഷത്തിനകം അത് സ്വീകരിച്ചാലും ഇല്ലെങ്കിലും ഭൂമി ഏറ്റെടുക്കൽ നിയമവിധേയമാകുമെന്നും ഈ വിധിയിൽ വ്യക്തമാക്കി. ഈ വിധി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഏറെ സഹായകരമായി. 

എന്നാൽ, വിധി പക്ഷേ മൂന്നു ജസ്റ്റിസുമാരും ഏകാഭിപ്രായത്തോടെ പറഞ്ഞതല്ല. ജസ്റ്റിസ് അരുൺ മിശ്രയും ജസ്റ്റിസ് ഗോയലും ഒരുമിച്ചു വിധി പറഞ്ഞപ്പോൾ ജസ്റ്റിസ് ശാന്തനഗൗഡർ വിയോജിക്കുകയായിരുന്നു. സാധാരണഗതിയിൽ ഇങ്ങനെ വന്നാൽ നേരത്തേയുള്ള മൂന്നംഗ ബെഞ്ച് വിധി റദ്ദാക്കാതെ കുറേക്കൂടി വലിയ ബെഞ്ചിനു വിടുകയാണു വേണ്ടത്. 

കഴിഞ്ഞ ബുധനാഴ്ച ജസ്റ്റിസ് മദൻ ബി. ലോക്കൂർ, ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് ദീപക് മിശ്ര എന്നിവരുടെ ബെഞ്ച്, ഫെബ്രുവരി എട്ടിനുണ്ടായ  മൂന്നംഗ ബെഞ്ചിന്റെ തീരുമാനത്തിന്റെ ഒൗചിത്യം ചോദ്യം ചെയ്തു. കുറച്ചുകൂടി വലിയ ബെഞ്ച് വിഷയം പരിഗണിക്കേണ്ടതെന്നാണ് ഇവർ അഭിപ്രായപ്പെട്ടത്. ഇതു നീതിന്യായ അച്ചടക്കം, ഒൗചിത്യം, ന്യായത്തുടർച്ച എന്നിവയുടെ പ്രശ്നമാണെന്നു ജസ്റ്റിസ് കുര്യൻ ജോസഫ് ചൂണ്ടിക്കാട്ടി. 

സുപ്രീം കോടതിയിലെ മറ്റു ബെഞ്ചുകളും എല്ലാ ഹൈക്കോടതികളും ഈ വിഷയത്തിൽ അന്തിമതീരുമാനമാകുംവരെ ഭൂമി ഏറ്റെടുക്കൽ കേസുകളിൽ തീർപ്പു കൽപ്പിക്കരുതെന്നും ഇതേ ബഞ്ച് നിർ‌ദേശിച്ചു. കേസ് മാർച്ച് ഏഴിനു വീണ്ടും പരിഗണിക്കാൻ മാറ്റുകയും ചെയ്തു. ഇതിനിടെയാണു ഇന്നലെ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനു മുൻപാകെയും ജസ്റ്റിസ് എ.കെ. ഗോയൽ അദ്ധ്യക്ഷനായ മറ്റെരു മൂന്നംഗ ബെഞ്ചിനു മുൻപാകെയും രണ്ടു ഭൂമി ഏറ്റെടുക്കൽ കേസുകൾ വന്നത്. ഇവർ കേസുകൾ ചീഫ് ജസ്റ്റിസിനു വിട്ടതോടെ ഇനി തീരുമാനമെടുക്കേണ്ടതു ചീഫ്  ജസ്റ്റിസ് ദീപക് മിശ്രയായി. 

ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച അയ്യായിരത്തോളം കേസുകളിൽ ഇതിനകം നേരത്തെ പരാമർശിച്ച രണ്ടു വിധികളുടെയും അടിസ്ഥാനത്തിൽ തീർപ്പുവന്നതാണ്. പുതിയ പശ്ചാത്തലത്തിൽ അവ വീണ്ടും കോടതിയിലെത്താം.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പത്രസമ്മേളനം നടത്തിയ നാലു ജസ്റ്റിസുമാരിൽ രണ്ടുപേർ ജസ്റ്റിസ് മദൻ ബി.ലോക്കൂറും ജസ്റ്റിസ് കുര്യൻ ജോസഫുമാണ്. 

related stories