Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമരങ്ങളിലൂന്നിയ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു: പ്രധാനമന്ത്രി

Narendra Modi

ന്യൂഡൽഹി∙ കടുത്ത രാഷ്ട്രീയം ഒഴിവാക്കി നിയോഗമെന്നവണ്ണം (മിഷൻ മോഡ്) രാജ്യത്തിന്റെ വികസനത്തിനു വേണ്ടി പ്രവർത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജനപ്രതിനിധികളോട് ആഹ്വാനം ചെയ്തു. സാമൂഹികനീതിയാണു നാം ലക്ഷ്യമാക്കേണ്ടത്. മേലിൽ പിന്നാക്ക ജില്ലകൾ എന്ന പ്രയോഗം പാടില്ലെന്നു മോദി പറഞ്ഞു. വികസനം വേണ്ടത്ര എത്താത്ത 115 ജില്ലകളെ താൻ വിശേഷിപ്പിക്കുന്നതു വികസനോന്മുഖ ജില്ലകൾ എന്നാണ്. പാർലമെന്റിന്റെ ആഭിമുഖ്യത്തിൽ എംപിമാരുടെയും എംഎൽഎമാരുടെയും സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഓരോ സംസ്ഥാനത്തു നിന്നും ആറ് എംഎൽഎമാരാണു രണ്ടു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വികസനത്തിനു തടസ്സമായി നിൽക്കുന്നതു പണമോ വിഭവങ്ങളോ ഒന്നുമല്ല. കാര്യക്ഷമമായ പ്രവർത്തനവും വ്യക്തമായ ലക്ഷ്യബോധവുമുണ്ടെങ്കിൽ പദ്ധതികൾ വിജയിപ്പിക്കാം.

കടുത്ത രാഷ്ട്രീയം, 24 മണിക്കൂറും സമരങ്ങളിലും പ്രതിഷേധങ്ങളിലും ഊന്നിയ രാഷ്ട്രീയം പ്രവർത്തിച്ചിരുന്ന കാലം കഴിഞ്ഞു പോയെന്നു പ്രധാനമന്ത്രി പറഞ്ഞു. നിങ്ങൾ അധികാരത്തിലായാലും പ്രതിപക്ഷത്തായാലും ജനങ്ങളുടെ സഹായത്തിന് എത്തുന്നുണ്ടോ എന്നതാണു കാര്യം. നിങ്ങൾ എത്ര സമരം നടത്തി, എത്ര തവണ ജയിലിൽ പോയി തുടങ്ങിയവയൊക്കെ 20 വർഷം മുൻപ് രാഷ്ട്രീയ ജീവിതത്തിനു വലിയ കാര്യങ്ങളായിരിക്കാം, പക്ഷേ, ഇപ്പോൾ കാലം മാറിക്കഴിഞ്ഞു. അവരവരുടെ സ്ഥലങ്ങളും മേഖലകളും വികസിപ്പിക്കുകയാണ് മുഖ്യം– മോദി പറഞ്ഞു.

ജില്ലകളിൽ കലക്ടർമാരെ നിയമിക്കുമ്പോൾ 27–30 പ്രായക്കാരെ പരിഗണിക്കണമെന്നു മോദി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുത്ത 115 ജില്ലകളിലെ കലക്ടർമാരുമായി ചർച്ച നടത്തിയപ്പോൾ അവരെല്ലാം 40–45 വയസ്സിൽ എത്തിയവരാണ്. അവർക്കു കുടുംബവും ജോലിയുമായി മറ്റു പല കാര്യങ്ങളും നോക്കാനുണ്ട്. ഇവരെയല്ല ഈ ജില്ലകളിലേക്ക് നിയോഗിക്കേണ്ടത്– പ്രധാനമന്ത്രി പറഞ്ഞു.

related stories