Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മടക്കയാത്രയിൽ കാട്ടുതീ; വഴി തെറ്റി, ചിതറിയോടി

Vijaya Lakshmi വിജയലക്ഷ്മി

തേനി (തമിഴ്നാട്) ∙ തീനാളങ്ങൾ പാഞ്ഞടുക്കുന്നതു കണ്ട് വിജയലക്ഷ്മി ഓടിയത് സ്വന്തം ജീവൻ രക്ഷിക്കാൻ മാത്രമല്ല, ഒപ്പമുള്ള മുപ്പതിലേറെ ജീവനുകൾ കൂടി കയ്യിൽപ്പിടിച്ചാണ്. തീയിൽനിന്നു പുറത്തെത്തി വിവരം അറിയിച്ചില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ, എല്ലാം ചാരമായശേഷമാകും വിവരം പുറംലോകമറിയുക. ‘കൊടൈക്കനാൽ–കൊളുക്കുമല വഴി കൊരങ്ങിണി ‌വനമേഖലയിലേക്കു മടങ്ങുകയായിരുന്നു ഞങ്ങൾ. കൊരങ്ങിണിയിലേക്ക് എട്ടു കിലോമീറ്റർ മാത്രമുള്ളപ്പോഴാണു കാട്ടുതീ പടർന്നത് ’– ബോഡിനായ്ക്കന്നൂർ ഗവ. ആശുപത്രിക്കിടക്കയിലിരുന്നു ചെന്നൈ സ്വദേശി വിജയലക്ഷ്മി (26) പറഞ്ഞു.

‘നിലവിളിച്ച് ഞങ്ങൾ ചിതറിയോടി. കൂട്ടത്തിലുള്ള ചിലർ കാട്ടിൽ അകപ്പെട്ടു. ഒപ്പമുണ്ടായിരുന്ന വഴികാട്ടി ചിതറിയോടി. മൊബൈൽഫോണിലൂടെ സഹായത്തിനു വിളിക്കാൻ നോക്കിയെങ്കിലും ആദ്യം റേഞ്ച് കിട്ടിയില്ല. പിന്നീടും ശ്രമിച്ചു റേഞ്ച് ലഭിച്ച സമയത്താണ് ഞാൻ പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചത്. എട്ടു കിലോമീറ്റർ നടന്ന് കാടിനു പുറത്തെത്തി. നാട്ടുകാരാണ് എന്നെ ബോഡിനായ്ക്കന്നൂർ ഗവ. ആശുപത്രിയിലെത്തിച്ചത്.’ – വിജയലക്ഷ്മി പറഞ്ഞു. നിസ്സാര പരുക്കുള്ള വിജയലക്ഷ്മിയെ ഇന്നലെ രാത്രി പത്തോടെ തേനി കലക്ടറേറ്റിനോടു ചേർന്നുള്ള ഗെസ്റ്റ് ഹൗസിലേക്കു മാറ്റി.