Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലിത്തീറ്റ: നാലാം കേസിലും ലാലു പ്രസാദ് കുറ്റക്കാരൻ

lalu-prasad-yadav കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിൽ വിധി കേട്ടതിനുശേഷം പുറത്തിറങ്ങുന്ന ബിഹാർ മുൻമുഖ്യമന്ത്രി ലാലുപ്രസാദ് യാദവ്.

റാഞ്ചി ∙ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലും ബിഹാർ മുൻമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്നു സിബിഐ പ്രത്യേക കോടതി വിധിച്ചു. ഡുംക ട്രഷറിയിൽ വ്യാജ ബില്ലുകൾ നൽകി 3.76 കോടി രൂപ തട്ടിയെടുത്ത കേസിൽ ലാലു അടക്കം 19 പേർക്കു പങ്കുണ്ടെന്നു കണ്ടെത്തിയ കോടതി, ബിഹാർ മുൻമുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അടക്കം 12 പേരെ വിട്ടയച്ചു. കുറ്റക്കാർക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും.

മുൻ പിഎസി ചെയർമാൻമാരായ ജഗദീഷ് ശർമ, ധ്രുവ് ഭഗത്, മുൻമന്ത്രി വിദ്യാസാഗർ നിഷാദ്, മുൻ എംപി ഡോ. ആർ.കെ.റാണ, മുൻ െഎടി കമ്മിഷണർ അധപ് ചന്ദ്ര ചൗധരി എന്നിവരെയും വിട്ടയച്ചു. പ്രതികളിൽ ലാലു ഒഴികെയുള്ള അഞ്ചു രാഷട്രീയക്കാരെയും തെളിവുകളുടെ അഭാവത്തിൽ വിട്ടയ്ക്കുകയാണെന്നു ജഡ്ജി ശിവ്പാൽ സിങ് വ്യക്തമാക്കി.

1995 ഡിസംബർ, ജനുവരി മാസങ്ങളിൽ മൃഗസംരക്ഷണ വകുപ്പിനു കാലിത്തീറ്റയും മരുന്നും ഉപകരണങ്ങളും വിതരണം ചെയ്തതായി 96 വ്യാജ ബില്ലുകൾ ഹാജരാക്കി പണം തട്ടിയെന്നാരോപിച്ച് 48 പേർക്കെതിരെയാണു സിബിഐ കുറ്റ‌പത്രം തയാറാക്കിയത്. ഇവരിൽ 14 പേർ വിചാരണയുടെ കാലയളവിൽ മരിക്കുകയും മൂന്നുപേർ മാപ്പുസാക്ഷികളാവുകയും ചെയ്തു. രോഗം മൂലം റാഞ്ചി റിംസ് ആശുപത്രിയിൽ കഴിയുന്ന ലാലുവിനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു.

ആകെ 950 കോടി രൂപ തട്ടിയ കാലിത്തീറ്റക്കേസുകളിൽ നാലെണ്ണത്തിൽ വിധി പ്രഖ്യാപിച്ചു. ലാലു നാലിലും ശിക്ഷിക്കപ്പെട്ടപ്പോൾ, ജഗന്നാഥ് മിശ്രയെ രണ്ടെണ്ണത്തിൽ ശിക്ഷിച്ചു. ശേഷിക്കുന്ന രണ്ടു കേസുകളുടെ വിചാരണ റാഞ്ചിയിലും പട്നയിലുമായി പുരോഗമിക്കുകയാണ്. രണ്ടാം കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയതോടെ ഡിസംബർ 23 മുതൽ ലാലു ജയിലിലാണ്.