Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരുടെ മൻ കി ബാത്?; പ്രധാനമന്ത്രിയുടെ പുസ്തകം ആരെഴുതിയെന്ന് തർക്കം

man-ki-bath-modi

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൻ കി ബാത്’ റേഡിയോ പ്രഭാഷണങ്ങളെക്കുറിച്ചുള്ള പുസ്തകം ആരാണ് എഴുതിയതെന്നത് തർക്കത്തിൽ. കഴിഞ്ഞവർഷം മേയിൽ മൻ കി ബാതും നരേന്ദ്ര മോദി സർക്കാരിനെക്കുറിച്ചുള്ള മറ്റൊരു പുസ്തകവും രാഷ്ട്രപതി റാം നാഥ് കോവിന്ദിന് നൽകി പ്രകാശനം ചെയ്തിരുന്നു.

‘മൻ കി ബാത് – എ സോഷ്യൽ റവല്യൂഷൻ ഓൺ റേഡിയോ’ എന്ന പുസ്തകം രാജേഷ് ജെയ്നും ‘മാർച്ചിങ് വിത് എ ബില്യൺ, അനലൈസിങ് നരേന്ദ്ര മോദീസ് ഗവൺമെന്റ് ഇൻ മിഡ് ടേം’ എന്ന പുസ്തകം ഉദയ് മധുർക്കറുമാണ് എഴുതിയത് എന്നായിരുന്നു അന്ന് ഒൗദ്യോഗിക പത്രക്കുറിപ്പിൽ പറഞ്ഞത്.

രാജേഷ് ജെയ്ൻ തന്റെ സുഹൃത്താണെന്നും മൻ കി ബാത്തിനെക്കുറിച്ചുള്ള പുസ്തകം രാജേഷ് എഴുതിയതല്ലെന്നും മു‍ൻ കേന്ദ്രമന്ത്രി അരുൺ ഷൂറി കഴിഞ്ഞദിവസം ചാനൽപരിപാടിയിൽ പറഞ്ഞതോടെയാണ് ഇതുസംബന്ധിച്ച വിവാദം വീണ്ടും ഉയർന്നത്. പുസ്തക പ്രകാശനച്ചടങ്ങിലേക്ക് രാജേഷ് ജെയ്നിനെ വലിച്ചിഴച്ചു കൊണ്ടു വന്നതാണെന്നും ഒരു പ്രസംഗം എഴുതി വായിക്കാൻ ആവശ്യപ്പെടുകയായിരുന്നെന്നും അരുൺ ഷൂറി കൂട്ടിച്ചേർത്തു.

രാജേഷ് ജെയ്ൻ ഇക്കാര്യം ശരിവച്ചതോടെ വിവാദം കൊഴുത്തു. മുംബൈയിൽ ബ്ലൂ ക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് രാജേഷ് ജെയ്ൻ. ഇവരാണ് പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്’ തയാറാക്കി അവതരിപ്പിച്ചിരുന്നത്. പ്രകാശനച്ചടങ്ങിനു തന്നെ ക്ഷണിച്ചതാണെന്നും അവിടെ എത്തിയപ്പോഴാണ് തന്റെ പേര് ഗ്രന്ഥകർത്താവായി കണ്ടതെന്നും രാജേഷ് ജെയ്ൻ പറയുന്നു.

related stories