Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവർത്തകരുടെ പിന്തുണ തേടി പര്യടനത്തിന് പനീർസെൽവം

Panneerselvam

ചെന്നൈ ∙ സംസ്ഥാനവ്യാപക പര്യടനം നടത്തി അണ്ണാ ഡിഎംകെ പ്രവർത്തകരുടെ പിന്തുണ സമാഹരിക്കാൻ മുൻമുഖ്യമന്ത്രി ഒ.പനീർസെൽവം ലക്ഷ്യമിടുന്നു. നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിൽ എടപ്പാടി കെ.പളനിസാമിയെ പരാജയപ്പെടുത്തുകയെന്നതാകും പനീർസെൽവം പക്ഷത്തിന്റെ ആദ്യലക്ഷ്യം. അത് എത്രത്തോളം വിജയിക്കുമെന്നുറപ്പില്ലാത്തുകൊണ്ടാണു വിശ്വാസ വോട്ടിനു ശേഷം യാത്ര ആരംഭിക്കാൻ ആലോചിക്കുന്നത്. ജയലളിത പാർട്ടിയിൽനിന്നു പുറത്താക്കിയ ടി.ടി.വി.ദിനകരനെ ശശികല തിരിച്ചെടുത്തു ഡപ്യൂട്ടി ജനറൽ സെക്രട്ടറിയാക്കിയതിൽ ശശികല പക്ഷത്തെ നേതാക്കൾക്കു പോലും എതിർപ്പുണ്ട്. ഇത്തരം വിഷയങ്ങൾ നിരത്തി ജനപിന്തുണ നേടാൻ കഴിയുമെന്നാണു പനീർസെൽവം പക്ഷം കരുതുന്നത്. പളനിസാമിയെ മന്ത്രിസഭ രൂപവൽക്കരിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള ഗവർണറുടെ തീരുമാനമറി‍ഞ്ഞ ശേഷം, ധർമയുദ്ധം തുടരുമെന്നു പനീർസെൽവം പറഞ്ഞത് ഈ ഉദ്ദേശ്യത്തോടെയാവണം.

ഗവർണറുടെ തീരുമാനത്തിൽ പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും പ്രതിഷേധമുണ്ടെന്നു പനീർസെൽവം പറഞ്ഞു. കടലാസിലെ കണക്കുകൾ മാത്രമാണു ഗവർണർ പരിഗണിച്ചത്. എംഎൽഎമാരെ മുഴുവൻ റിസോർട്ടിൽ ബന്ദികളാക്കി വച്ചാണു ശശികല പക്ഷം ഭൂരിപക്ഷമുണ്ടാക്കിയത്. എംജിആർ സ്ഥാപിക്കുകയും ജയലളിത വളർത്തുകയും ചെയ്ത പാർട്ടിയെയും സംസ്ഥാന സർക്കാരിനെയും ഒരു കുടുംബത്തിന്റെ കൈകളിൽ ഏൽപ്പിക്കുന്നതിനെതിരെ സമാധാനപരമായ പോരാട്ടം തുടരും. മുൻ മുഖ്യമന്ത്രിയുടെ മരണത്തിനു കാരണമായവർ മന്ത്രിസഭ രൂപീകരിക്കുന്നതു കണ്ടു ജനം അദ്ഭുതപ്പെടുകയാണ്–പനീർസെൽവം പറഞ്ഞു.

അണ്ണാ ഡിഎംകെ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും പിന്തുണയുണ്ടായിട്ടും എംഎൽഎമാർ കൂടെ നിൽക്കാതിരുന്നതാണു പനീർസെൽവത്തിന്റെ രാഷ്ട്രീയ നീക്കങ്ങൾക്കു തിരിച്ചടിയായത്. ജനവികാരം ശശികലയ്ക്ക് എതിരായിരുന്നിട്ടും പനീർസെൽവത്തിന് എംഎൽഎമാരെ സ്വാധീനിക്കാൻ കഴിഞ്ഞില്ല. ശശികല പക്ഷത്തിന്റെ ‘റിസോർട്ട് രാഷ്ട്രീയ’മാണ് എംഎൽഎമാർ മറുകണ്ടം ചാടുന്നതു തടഞ്ഞത്. എംഎൽഎമാർ പുറത്തെത്താതിരുന്നതോടെ അവരെ സ്വാധീനിക്കാനുള്ള വഴികളടഞ്ഞു.

Your Rating: